ജയ്പുര്‍: ഐപിഎല്‍ 18-ാം സീസണില്‍ അത്ര നല്ല പ്രകടനമല്ല സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റേത്. എട്ടു കളികളില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇതിനിടെ ജയമുറപ്പിച്ച രണ്ട് മത്സരങ്ങളാണ് അവസാന ഓവറുകളിലെ മോശം പ്രകടനത്തില്‍ അവര്‍ കളഞ്ഞുകുളിച്ചത്. ഇപ്പോഴിതാ ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ഇത്തരത്തില്‍ ജയമുറപ്പിച്ചിരുന്ന മത്സരം രണ്ടു റണ്‍സിന് തോറ്റതിന്റെ പേരില്‍ പുതിയ വിവാദവും. ഈ മത്സരത്തിന്റെ പേരില്‍ രാജസ്ഥാന്‍ ടീമിനെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍സിഎ) അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ഇദ്ദേഹം.

To advertise here,

ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിനിടെയാണ് ജയ്ദീപ് ബിഹാനി ഈ ആരോപണം ഉന്നയിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ച അഡ്‌ഹോക്ക് കമ്മിറ്റിക്ക് നിയന്ത്രണമില്ലാത്തത് എന്തുകൊണ്ടാണെന്നും ബിഹാനി ചോദിച്ചു.

''രാജസ്ഥാനിലെ സംസ്ഥാന സര്‍ക്കാരാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചത്. എല്ലാ മത്സരങ്ങളും ഒരു പ്രശ്‌നവുമില്ലാതെ നടക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. എന്നാല്‍ ഐപിഎല്‍ വന്നപ്പോള്‍ ജില്ലാ കൗണ്‍സില്‍ അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഐപിഎല്‍ സംബന്ധിച്ച് ബിസിസിഐ ആദ്യം കത്തയച്ചത് ജില്ലാ കൗണ്‍സിലിനല്ല, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് മാത്രമാണ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ധാരണാപത്രം ലഭിച്ചിട്ടില്ല എന്നാണ് ജില്ലാ കൗണ്‍സിലും രാജസ്ഥാന്‍ റോയല്‍സും പറയുന്നത്.'' - ബിഹാനി പറഞ്ഞു.

ഐപിഎല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ നിന്ന് അഡ്‌ഹോക് കമ്മിറ്റിയെ ഒഴിവാക്കിയതാണ് ഒത്തുകളി സംശയിക്കാനുള്ള പ്രധാന കാരണമായി ബിഹാനി ചൂണ്ടിക്കാണിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ ആ മത്സരം തോറ്റതെന്നും ബിഹാനി ആരോപിക്കുന്നു. ജയിച്ചെന്ന് ഉറപ്പിച്ച മത്സരത്തില്‍ രാജസ്ഥാന്‍ എങ്ങനെയാണ് തോറ്റത്. രാജസ്ഥാനിലെ യുവ താരങ്ങള്‍ക്ക് ഇത് എന്ത് സന്ദേശമാണ് നല്‍കുന്നത്. ഐപിഎല്‍ സംഘാടനത്തില്‍ നിന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനേയും സര്‍ക്കാര്‍ നിയമിച്ച അഡ്‌ഹോക്ക് കമ്മിറ്റിയേയും മാറ്റിനിര്‍ത്തി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അഡ്ഹോക്ക് കമ്മിറ്റിയെ ഐപിഎല്‍ ആസൂത്രണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമല്ല, അതിലെ അംഗങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിഷേധിക്കുകയും ചെയ്തുവെന്നും ബിഹാനി പറഞ്ഞു. പകരം ഒരു ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിക്കാണ് അക്രഡിറ്റേഷന്‍ നല്‍കിയത്. ഈ നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.

രാജസ്ഥാന്‍ റോയല്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കിതിരേ ബിഹാനി കഴിഞ്ഞ കുറച്ചുനാളായി ശബ്ദമുയര്‍ത്തുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ കാര്യങ്ങളില്‍ നിന്ന് സംസ്ഥാന അസോസിയേഷന്റെ അഡ്ഹോക്ക് കമ്മിറ്റിയെ മാറ്റി നിര്‍ത്താനുള്ള സ്പോര്‍ട്സ് കൗണ്‍സിലിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു.