ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിജയം നേടിയ ശേഷം തന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയുടെ കാല്‍തൊട്ടുവണങ്ങി ആര്‍സിബി താരം വിരാട് കോലി. ദ്രോണാചാര്യ പുരസ്‌കാര ജേതാവാണ് കോലിയുടെ പഴയ പരിശീലകനായിരുന്ന രാജ്കുമാര്‍ ശര്‍മ.

To advertise here,

മത്സര വിജയത്തിനു ശേഷം ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെ മൈതാനത്തായിരുന്നു ഇരുവരും തമ്മിലുള്ള ഊഷ്മളമായ കണ്ടുമുട്ടല്‍. ഡല്‍ഹിക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ 47 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത കോലി കളിച്ച ആങ്കറിങ് ഇന്നിങ്‌സ് ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു കോലിയും രാജ്കുമാര്‍ ശര്‍മയും കണ്ടുമുട്ടിയത്. ഉടന്‍ തന്നെ കോലി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങുകയായിരുന്നു. പിന്നാലെ അദ്ദേഹം തമാശയായി കോലിയുടെ വയറ്റില്‍ ഇടിക്കുകയും ചെയ്തു. 

ഡല്‍ഹി സ്വദേശിയായ കോലി, അവിടെ ക്രിക്കറ്റ് കളിക്കാനെത്തുമ്പോഴെല്ലാം നഗരം ഒരു കാര്‍ണിവലിന്റെ ഭാവത്തിലേക്ക് മാറാറുണ്ട്. അടുത്തിടെ 13 വര്‍ഷത്തിനു ശേഷം കോലി ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കാനെത്തിയപ്പോള്‍ സ്‌റ്റേഡിയം നിറഞ്ഞുകവിയുന്ന കാഴ്ചയാണ് കാണാനായത്.