തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകനായ പ്രതിക്ക് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും ശിക്ഷ. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു(40)വിനെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ടരവർഷം കൂടി തടവ് അനുഭവിക്കണമെന്നും വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതിയുടെ ഉത്തരവിലുണ്ട്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടി ക്രിക്കറ്റ് പരിശീലനത്തിനായി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സ്ഥാപനത്തിൽ എത്തിയത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിനെന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേയ്ക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതുകൂടാതെ നഗ്നഫോട്ടോ അയച്ചുനൽകാനും പ്രതി പെൺകുട്ടിയെ പലതവണ നിർബന്ധിച്ചിരുന്നു. എന്നാൽ, പെൺകുട്ടി വഴങ്ങിയില്ല. മാത്രമല്ല പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതിനാൽ 2021-ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി.
പീഡനം പുറത്ത് പറഞ്ഞാൽ കുട്ടിയുടെ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഭയന്ന് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഈ കുട്ടിക്ക് പുറമേ പരിശീലനത്തിനെത്തിയ മറ്റ് അഞ്ച് കുട്ടികളും പീഡനത്തിനിരയായിരുന്നു. ഇവരും പിന്നീട് മറ്റൊരിടത്തേക്ക് പരിശീലനത്തിന് പോയി. പ്രതിയുടെ ഭീഷണി ഭയന്ന് ഇവരും ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ, 2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽവെച്ച് പ്രതിയെ കണ്ടതോടെ പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഭയന്ന് ബഹളംവെച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഈ കുട്ടി പരാതി നൽകുകയായിരുന്നു. ഇതിനുപിന്നാലെ പീഡനത്തിനിരയായ മറ്റുകുട്ടികളും പരാതി നൽകി. പ്രതിക്കെതിരേ ആകെ ആറ് കേസുകളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.
കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.മാരായ എസ്. ഷെഫിൻ, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയമോഹൻ, അഡ്വ. സുരഭി, അഡ്വ. എച്ച്.എ. രവിശങ്കർ തമ്പി എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി.
Content Highlights: Manu (40) from Vallakkadavu Sreevaraham sentenced to 16 years rigorous imprisonment., Convicted for sexually assaulting a student during cricket training., Fast-track special court judge Anju Meera Birla delivered the verdict., Fine of ₹24,000 imposed with additional 2.5 years imprisonment if unpaid., Court ordered compensation to be paid to the victim.
Published: 30 May 2026, 08:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented