അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ലഖ്‌നൗ. 33 റണ്‍സിനാണ് ജയം. ലഖ്‌നൗ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനേ ആയുള്ളൂ.
ലഖ്‌നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റേത് മികച്ച തുടക്കമായിരുന്നു. സായ് സുദര്‍ശനും(21) ശുഭ്മാന്‍ ഗില്ലും (35) പതിവുപോലെ അടിച്ചുകളിച്ചു. ടീം എട്ടോവറില്‍ 85-ലെത്തി. ഇരുവരുടെയും വിക്കറ്റുകള്‍ വീണതിന് പിന്നാലെ ബട്‌ലറും റൂഥര്‍ഫോര്‍ഡും സ്‌കോറുയര്‍ത്തി. ബട്‌ലര്‍(33) പുറത്തായതോടെ ഷാരൂഖ് ഖാനെയും കൂട്ടുപിടിച്ച് റൂഥര്‍ഫോര്‍ഡ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി.
റൂഥര്‍ഫോര്‍ഡ് 38 റണ്‍സും ഷാരൂഖ് ഖാന്‍ 57 റണ്‍സുമെടുത്ത് പുറത്തായതോടെ ഗുജറാത്തിന്റെ ജയപ്രതീക്ഷ മങ്ങി. രാഹുല്‍ തെവാട്ടിയ(2), അര്‍ഷാദ് ഖാന്‍(1), കാഗിസോ റബാദ(2), സായ് കിഷോര്‍(1) എന്നിവര്‍ക്കും കരകയറ്റാനായില്ല. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 202 റണ്‍സെടുത്തു. ലഖ്‌നൗവിനായി വില്ല്യം ഒറൗര്‍ക്ക് മൂന്നുവിക്കറ്റെടുത്തു.
നേരത്തേ ലഖ്നൗ നിശ്ചിത 20-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രമും പവര്‍ പ്ലേയില്‍ അടിച്ചുതകര്‍ത്തു. ആറോവറില്‍ ടീം 53-ലെത്തി. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ലഖ്‌നൗ സ്‌കോര്‍ കുതിച്ചു. ഒമ്പതോവറില്‍ ലഖ്‌നൗ 83 റണ്‍സിലെത്തി. പിന്നാലെ മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
ടീം സ്‌കോര്‍ 91 ല്‍ നില്‍ക്കേ മാര്‍ക്രം പുറത്തായി. 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്താണ് താരം പുറത്തായത്. എന്നാല്‍ പിന്നീടിറങ്ങിയ നിക്കൊളാസ് പുരാനുമൊത്ത് മാര്‍ഷ് സ്‌കോറുയര്‍ത്തി. മാര്‍ഷും പുരാനും അതിവേഗം സ്‌കോറുയര്‍ത്തിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ടീം 15 ഓവറില്‍ 160 റണ്‍സാണ് അടിച്ചെടുത്തത്.
17-ാം ഓവറില്‍ മാര്‍ഷ് സെഞ്ചുറിയും തികച്ചു. ടീമിനെ ഇരുന്നൂറ് കടത്തിയാണ് മാര്‍ഷ് കൂടാരം കയറിയത്. 64 പന്തില്‍ നിന്ന് 10 ഫോറും എട്ട് സിക്‌സറുകളുമടക്കം മാര്‍ഷ് 117 റണ്‍സെടുത്തു. ഒടുക്കം നിശ്ചിത 20 ഓവറില്‍ ലഖ്‌നൗ 235 റണ്‍സെടുത്തു. പുരാന്‍ 27 പന്തില്‍ നിന്ന് 56 റണ്‍സും പന്ത് ആറ് പന്തില്‍ നിന്ന് 16 റണ്‍സുമെടുത്തു പുറത്താവാതെ നിന്നു.
Content Highlights: Gujarat Titans vs Lucknow Super Giants ipl 2025
Published: 22 May 2025, 11:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented