ക്രിക്കറ്റ് ലോകത്തെ ചർച്ചാകേന്ദ്രമാണിപ്പോൾ വൈഭവ് സൂര്യവംശി. ഐപിഎല്ലിൽ ഗുജറാത്തിനെതിരേ സെഞ്ചുറി തികച്ചതിന് പിന്നാലെയാണ് വൈഭവ് ലോകശ്രദ്ധ നേടുന്നത്. പതിന്നാലുകാരൻ ഭാവിയിലെ മികച്ച താരമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇപ്പോഴിതാ താരത്തിന്റെ കരിയർ സംബന്ധിച്ച് ബിസിസിഐക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ കാേച്ച് ഗ്രെയ്ഗ് ചാപ്പൽ. ബിസിസിഐക്കും ഫ്രാഞ്ചൈസികൾക്കുമെല്ലാം വൈഭവിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് ചാപ്പൽ തന്റെ ഇഎസ്പിഎൻ കോളത്തിൽ കുറിച്ചു. സച്ചിൻ തെണ്ടുൽക്കർ വിജയിച്ചത് മികച്ച പിന്തുണ ലഭിച്ചതിനാലാണെന്ന് പരാമർശിച്ച ചാപ്പൽ വിനോദ് കാംബ്ലി, പൃഥ്വി ഷാ എന്നിവരുടെ അനുഭവങ്ങളും ഓർമപ്പെടുത്തി.
'സച്ചിൻ ടെണ്ടുൽക്കർ കൗമാരതാരമെന്ന നിലയിൽ വിജയിച്ചത് കേവലം കഴിവുകൊണ്ട് മാത്രമല്ല, ശക്തമായ ഒരു പിന്തുണയുടെ ബലത്തിൽ കൂടിയാണ്. സമചിത്തതയോടെയുള്ള സ്വഭാവം, വിവേകിയായ പരിശീലകൻ, ചുറ്റുമുള്ള ബഹളങ്ങളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിച്ച കുടുംബം. എന്നാൽ, തുല്യ പ്രതിഭാശാലിയായ വിനോദ് കാംബ്ലിക്ക്, പ്രശസ്തിയും അച്ചടക്കവും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഉയർച്ച പോലെ തന്നെ വീഴ്ചയും നാടകീയമായിരുന്നു. പൃഥ്വി ഷായും വീണുപോയ ഒരു അത്ഭുതബാലനാണ്, പക്ഷേ ഏറ്റവും ഉന്നതിയിലേക്ക് തിരിച്ചുവരാൻ അയാൾക്ക് ഇനിയും കഴിഞ്ഞേക്കും.'- ഗ്രെയ്ഗ് ചാപ്പൽ ഇസ്പിഎൻ കോളത്തിൽ കുറിച്ചു.
ബിസിസിഐക്കും ഫ്രാഞ്ചൈസികൾക്കും ഉപദേഷ്ടാക്കൾക്കും മാധ്യമങ്ങൾക്കുമെല്ലാം വൈഭവിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് ചാപ്പൽ കുറിച്ചു. പ്രതിഭകൾക്ക് സംരക്ഷണം നൽകുകയാണ് വേണ്ടത്. അതിന് മാർഗനിർദ്ദേശം നൽകുകയും പരിപോഷിപ്പിക്കുകയുമാണ് വേണ്ടത്. മഹത്വവൽക്കരിക്കുകയല്ല വേണ്ടത്. - ചാപ്പൽ കുറിച്ചു.
കരിയറിന്റെ തുടക്കത്തിൽ സെഞ്ചുറി നേടി വരവ് അറിയിച്ച താരമാണ് കാംബ്ലി. എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിൽനിന്ന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളുമാണ് കാംബ്ലി കളിച്ചത്. സ്‌കൂൾ ടൂർണമെന്റുകളിൽ കളിക്കുന്ന സമയത്ത് സച്ചിനും കാംബ്ലിയുംചേർന്ന് റെക്കോഡ് കൂട്ടുകെട്ടുകളുണ്ടാക്കിയിരുന്നു. എന്നാൽ അച്ചടക്കമില്ലായ്മ കാരണം കാംബ്ലിക്ക് കരിയറിൽ സച്ചിനെപ്പോലെ നേട്ടങ്ങളുണ്ടാക്കാനായില്ല. 2004-ൽ കരിയർ പൂർണമായും അവസാനിപ്പിക്കേണ്ടിവന്നു.
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സച്ചിൻ എന്ന് പേരെടുത്ത താരമായിരുന്നു മഹാരാഷ്ട്ര സ്വദേശി പൃഥ്വി ഷാ. 2013-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയാണ് താരത്തെ ആദ്യം പ്രശസ്തനാക്കുന്നത്. പിന്നീട് അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വി വളർന്നു. പിന്നാലെ ദേശീയ ടീമിനായുള്ള ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയും നേടി. എന്നാൽ പെട്ടെന്നുണ്ടായ പണത്തിലും പ്രശസ്തിയിലും അഭിരമിച്ച പൃഥ്വി പതിയെ ക്രിക്കറ്റിൽ നിന്ന് തിരസ്‌കൃതനാകുകയായിരുന്നു. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇന്ത്യൻ ടീമിന് പുറത്തെത്തിച്ചപ്പോഴും ഷാ, പാർട്ടിയും മറ്റുമായി കുത്തഴിഞ്ഞ ജീവിതം തുടർന്നു. ഒടുവിൽ മുംബൈ ടീമും താരത്തെ ഒഴിവാക്കി. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ താരത്തെ ആരും ടീമിലെടുത്തിരുന്നില്ല.
Content Highlights: greg chappell on vaibhav suryavanshi sachin kambli prithvi shaw
Published: 03 May 2025, 12:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented