ന്യൂഡല്‍ഹി: ഇത്തവണത്തെ ഐപിഎല്ലിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി വിരമിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആദം ഗില്‍ക്രിസ്റ്റ്. ക്രിക്ബസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കൈത്തണ്ടയ്ക്ക് പരിക്കേറ്റ് പുറത്തായ ഋതുരാജ് ഗെയ്ക്‌വാദിന്റെ അഭാവത്തില്‍ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത് 43-കാരനായ ധോനിയാണ്. പക്ഷേ, ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു. ഒമ്പത് കളികളില്‍ വെറും രണ്ട് ജയം മാത്രമുള്ള ചെന്നൈ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ധോനി ഐപിഎല്ലിന്റെയും ലോക ക്രിക്കറ്റിന്റെയും ഒരു ഐക്കണാണെന്നും അദ്ദേഹത്തിന് ഇനി ഒന്നും തെളിയിക്കാനില്ലെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. പഞ്ചാബ് കിങ്‌സിനെതിരായ ചെന്നൈയുടെ മത്സരത്തിനു മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കളിയില്‍ ഇനി ധോനിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഭാവിയില്‍, അടുത്ത വര്‍ഷം അദ്ദേഹം ഇവിടെ ഉണ്ടാകേണ്ടതില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ് എംഎസ്, നിങ്ങള്‍ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്'', ഗില്‍ക്രിസ്റ്റ് പറഞ്ഞു.