ഐ.പി.എലില്‍ ഈ സീസണിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്. സുനില്‍ നരെയ്‌ന്റെ സെഞ്ചുറി ബലത്തില്‍ കൊല്‍ക്കത്ത നേടിയ 223 റണ്‍സ് റണ്‍മലയിലേക്ക് ബാറ്റേന്തിയ രാജസ്ഥാനെ ജോസ് ബട്‌ലറുടെ കിടിലന്‍ സെഞ്ചുറി ഇന്നിങ്‌സ് വിജയതീരത്തെത്തിക്കുകയായിരുന്നു.
ഓപ്പണറായി ഇറങ്ങി ഗംഭീരമായ ഫിനിഷിങ് നടത്തി കളി ജയിപ്പിക്കുമ്പോള്‍, മതിമറന്ന് ആഘോഷിക്കാന്‍ പോലും ബട്‌ലറിന് ആവുമായിരുന്നില്ല. ശാരീരികമായി അത്രമേല്‍ ക്ഷീണിച്ചിരുന്നു അദ്ദേഹം. പക്ഷേ, ക്ഷീണത്തിനിടയിലും കൊല്‍ക്കത്തന്‍ ബൗളര്‍മാരെ നിലംപരിശാക്കാനുള്ള ഒരവസരവും ബട്‌ലര്‍ പാഴാക്കിയില്ല. ക്ഷീണം കൂടുംതോറും ബാറ്റില്‍ വീര്യം കൂടുന്ന കാഴ്ചയായിരുന്നു കണ്ടത്.
സെഞ്ചുറി നേടിയപ്പോള്‍ പോലും ആഘോഷിക്കാത്ത വിധം നിസ്വാര്‍ഥമായാണ് ബട്‌ലര്‍ കളിച്ചത്. ഈ ഐ.പി.എലിലെ തന്റെ രണ്ടാം സെഞ്ചുറി എന്നതിനൊക്കെ അപ്പുറത്ത് ടീമിന്റെ വിജയം എന്നതായിരുന്നു അദ്ദേഹം പരമമായ ലക്ഷ്യമായിക്കണ്ടത്. ശാരീരികമായി തളര്‍ന്നപ്പോഴും മാനസികമായി ഫുള്‍ ഫിറ്റോടെ കളിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്.
ഒരു ഘട്ടത്തില്‍ 28 പന്തില്‍ 37 റണ്‍സ് എന്ന നിലയിലായിരുന്നു ബട്‌ലര്‍ ക്രീസിലുണ്ടായിരുന്നത്. ആ റണ്‍റേറ്റ് വെച്ച് ടീം ജയിക്കുക പോയിട്ട് 200 കടക്കുക പോലും സാധ്യമായിരുന്നില്ല. പക്ഷേ പിന്നീടുള്ള 70 റണ്‍സെടുത്തത് വെറും 32 പന്തുകളില്‍. പതിഞ്ഞുതുടങ്ങി കത്തിക്കയറുന്ന രീതിയായിരുന്നു ബട്‌ലര്‍ അവലംബിച്ചത്. ഏതൊക്കെ സമയങ്ങള്‍ ഏതൊക്കെ രീതിയിലാണോ കളിക്കേണ്ടത്, ആ വിധത്തില്‍ ബട്‌ലറിന് കഴിഞ്ഞു എന്നിടത്താണ് രാജസ്ഥാന്റെ ജയം.
ആദ്യ 30 പന്തില്‍ 40 റണ്‍സെടുത്തെങ്കില്‍ പിന്നീടുള്ള 30 പന്തില്‍ 67 റണ്‍സെടുത്തു. ചക്രവര്‍ത്തിയെറിഞ്ഞ 15-ാം ഓവര്‍ മുതലാണ് ബട്‌ലര്‍ കൂടുതല്‍ ആക്രമണസ്വഭാവം കാണിച്ചുതുടങ്ങിയത്. ആ ഓവറിലെ മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറി നേടിയതുള്‍പ്പെടെ നാലു ബൗണ്ടറികള്‍ നേടി 16 റണ്‍സ് നേടി. അടുത്ത ഓവറില്‍ റസലിനെ സിക്‌സിനു പറത്തി. പത്തൊന്‍പതാം ഓവറില്‍ ഹര്‍ഷിത് റാണയ്ക്കുനേരെ രണ്ട് സിക്‌സും ഒരു ബൗണ്ടറിയുമാണ് നേടിയത്.
20-ാം ഓവറില്‍ ചക്രവര്‍ത്തിയുടെ ആദ്യ പന്തില്‍ത്തന്നെ സിക്‌സ് നേടി. ഇതോടെ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയായി ജയിക്കാന്‍. തുടര്‍ന്നുള്ള മൂന്ന് പന്തുകളില്‍ റണ്ണൊന്നുമെടുത്തില്ല ബട്‌ലര്‍. സിംഗിളെടുക്കാനുള്ള അവസരവും ഉപയോഗിച്ചില്ല. ഇതോടെ വിജയതീരംവരെ അടുപ്പിച്ച് വിജയിപ്പിക്കാനാവാതെ പോകുമോ എന്ന ആശങ്ക കളി കാണുന്നവരില്‍ ജനിപ്പിച്ചു. പക്ഷേ, ബട്‌ലറിന് കൃത്യമായ വീക്ഷണമുണ്ടായിരുന്നു. ഓവറിലെ അഞ്ചാം പന്തില്‍ രണ്ട് റണ്‍സെടുത്ത് വീണ്ടും ക്രീസില്‍. ഇതോടെ കളി ടൈ. അവസാന പന്തില്‍ സിംഗിളെടുത്ത് രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.
ജയത്തിനു പുറമേ, ജോസ് ബട്‌ലറിന് സ്വന്തമായി സന്തോഷിക്കാന്‍ വക നല്‍കുന്ന ചിലതു കൂടി നല്‍കുന്നുണ്ട് ഈ ഇന്നിങ്‌സ്. ഐ.പി.എലില്‍ ഇതുവരെ ഏഴ് സെഞ്ചുറികള്‍ എന്ന നേട്ടം കൈവരിക്കാന്‍ ബട്‌ലറിന് കഴിഞ്ഞു. ക്രിസ് ഗെയ്‌ലിന്റെ ആറു സെഞ്ചുറി എന്ന നേട്ടം മറികടന്ന് രണ്ടാമതെത്തിയിരിക്കുകയാണ് ബട്‌ലര്‍. എട്ട് സെഞ്ചുറികളുമായി വിരാട് കോലിയാണ് ഒന്നാമത്.
Content Highlights: josh buttler against kkr century innings ipl 2024
Published: 17 Apr 2024, 12:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented