ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗംകുറഞ്ഞ സെഞ്ചുറിക്കുടമയായി വിരാട് കോലി. കഴിഞ്ഞദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരേ സീസണിലെ ആദ്യ സെഞ്ചുറി കോലി സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു. 67 പന്തുകളില്‍നിന്നാണ് കോലി സെഞ്ചുറി കുറിച്ചത്. ഇതോടെ ഐ.പി.എലില്‍ ഏറ്റവും വേഗംകുറഞ്ഞ സെഞ്ചുറി എന്ന മനീഷ് പാണ്ഡേയുടെ റെക്കോഡിനൊപ്പമെത്തി കോലി.

To advertise here,

2009-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ആര്‍.സി.ബി.ക്കുവേണ്ടിയായിരുന്നു മനീഷ് പാണ്ഡേ 67 പന്തുകളില്‍ സെഞ്ചുറി കുറിച്ചത്. സെഞ്ചുറി നേട്ടത്തോടെ ഐ.പി.എലില്‍ 7,500 റണ്‍സ് എന്ന കടമ്പ കടക്കാനും കോലിക്കായി. ഐ.പി.എലിലെ കോലിയുടെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണ് കഴിഞ്ഞ ദിവസം നേടിയത്. 72 പന്തുകളില്‍ 12 ബൗണ്ടറിയും നാല് സിക്‌സും ചേര്‍ന്ന് പുറത്താവാതെ 113 റണ്‍സ് നേടുകയായിരുന്നു. 

അതേസമയം, മത്സരത്തില്‍ ബെംഗളൂരു പരാജയപ്പെട്ടു. കോലിയുടെ സെഞ്ചുറിക്ക് രാജസ്ഥാന്‍ നിരയില്‍നിന്ന് ജോഷ് ബട്‌ലറുടെ സെഞ്ചുറി മറുപടിയുണ്ടായതോടെ കളി രാജസ്ഥാന് അനുകൂലമായി. 58 പന്തുകളില്‍ പുറത്താവാതെ 100 റണ്‍സ് നേടിയ ബട്‌ലറുടെ ബലത്തില്‍ രാജസ്ഥാന്‍ 189 റണ്‍സെടുത്ത് കളി ജയിച്ചു. സഞ്ജു സാംസണ്‍ 42 പന്തില്‍നിന്ന് 69 റണ്‍സ് നേടി.