അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ ഏറ്റുമുട്ടുമ്പോള്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും ആവേശത്തിലാണ്. രാജസ്ഥാന്‍ താരമായ ചാഹലിന് ഇന്നത്തെ മത്സരത്തില്‍ മൂന്നുവിക്കറ്റെടുക്കാന്‍ കഴിഞ്ഞാല്‍ പുതിയൊരു റെക്കോഡ് സ്വന്തമാക്കാം. 

To advertise here,

ഒരു സീസണില്‍ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത താരം എന്ന റെക്കോഡ് നേടാനാണ് ചാഹല്‍ ശ്രമിക്കുന്നത്. നിലവില്‍ 26 വിക്കറ്റുകളാണ് ഈ സീസണില്‍ ചാഹല്‍ നേടിയിരിക്കുന്നത്. 2013 സീസണില്‍ രാജസ്ഥാന് വേണ്ടി ജെയിംസ് ഫോക്‌നര്‍ നേടിയ 28 വിക്കറ്റാണ് നിലവിലെ റെക്കോഡ്. 

നിലവില്‍ ഈ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ചാഹല്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ്. ചാഹലിനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്പിന്നര്‍ വാനിന്ദു ഹസരംഗയ്ക്കും 26 വിക്കറ്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച ഇക്കണോമി റേറ്റിന്റെ ബലത്തില്‍ ഹസരംഗയാണ് പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായിരിക്കുന്നത്. 

ഇന്ന് ഒരു വിക്കറ്റെടുത്താല്‍ ചാഹലിന് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാം. ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്തതിന്റെ റെക്കോഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോയ്ക്കാണ്. 32 വിക്കറ്റ് വീഴ്ത്തിയാണ് താരം റെക്കോഡ് നേടിയത്.