മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ന്‍സിനുമെതിരേ നടപടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് രാഹുലിന് പിഴ ചുമത്തിയത്. എന്നാല്‍ ശിക്ഷയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം അമ്പയറോട് ദേഷ്യപ്പെട്ട സ്റ്റോയിന്‍സിനെ താക്കീത് ചെയ്തു. 19-ാം ഓവറില്‍ ഹെയ്‌സെല്‍വുഡ് എറിഞ്ഞ പന്ത് വൈഡ് വിളിക്കാത്തതിനെ തുടര്‍ന്നാണ് സ്‌റ്റോയിന്‍സ് അമ്പയറോട് കയര്‍ത്തത്. സ്‌റ്റോയിന്‍സ് ക്ഷമാപണം നടത്തിയതായി ലഖ്‌നൗ അധികൃതര്‍ വ്യക്തമാക്കി.

To advertise here,

മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സ്റ്റോയിന്‍സ് പുറത്തായതോടെയാണ് ലഖ്‌നൗവിന്റെ വിജയസാധ്യതകള്‍ അവസാനിച്ചത്. മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന സ്‌റ്റോയിന്‍സിന്റെ താളം തെറ്റിച്ചത് അമ്പയറുടെ തെറ്റായ നടപടികളായിരുന്നു. അവസാന രണ്ട് ഓവറുകളിൽ 34 റണ്‍സാണ് ലഖ്‌നൗവിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 19-ാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റോയിന്‍സ് പുറത്തായി. 

ഹെയ്‌സെല്‍വുഡ് എറിഞ്ഞ ഈ ഓവറിലെ ആദ്യത്തെ പന്ത് വൈഡായിരുന്നു. ഓഫ് സ്റ്റമ്പിന് വളരെ പുറത്തുകൂടി പോയ ഈ പന്ത് വൈഡ് ആണെന്ന് ഉറപ്പുള്ളതിനാല്‍ സ്റ്റോയിന്‍സ് ഷോട്ട് അടിച്ചില്ല. എന്നാല്‍ അമ്പയര്‍ വൈഡ് വിളിച്ചില്ല. തൊട്ടടുത്ത പന്തില്‍ ഔട്ട് കൂടി ആയതോടെ സ്‌റ്റോയിന്‍സ് നിയന്ത്രണം നഷ്ടപ്പെട്ടു. അമ്പയറോട് ആക്രോശിച്ചാണ് താരം ക്രീസ് വിട്ടത്. മത്സരത്തില്‍ സ്റ്റോയിന്‍സ് 15 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സ് അടിച്ചെടുത്തു.