അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജിനെ തേടിയെത്തിയത് നാണക്കേടിന്റെ റെക്കോഡ്.

To advertise here,

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങുന്ന ബൗളറെന്ന നാണക്കേട് സിറാജിന് സ്വന്തമായിരിക്കുകയാണ്. ഈ സീസണില്‍ 15 കളികളില്‍ നിന്ന് 31 സിക്‌സറുകളാണ് സിറാജ് വഴങ്ങിയത്. 2018-ല്‍ 16 മത്സരങ്ങളില്‍ നിന്ന് 29 സിക്‌സറുകള്‍ വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലായിരുന്നു ഈ നാണക്കേട് ഇതുവരെ. യുസ്‌വേന്ദ്ര ചാഹല്‍ (2015-ല്‍ 14 കളികളില്‍ നിന്ന് 28 സിക്‌സറുകള്‍), വാനിന്ദു ഹസരംഗ (2022-ല്‍ 16 കളികളില്‍ നിന്ന് 28 സിക്‌സറുകള്‍) എന്നിവരാണ് ഈ പട്ടികയില്‍ പിന്നീടുള്ളവര്‍.

രാജസ്ഥാനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സാള്‍ സിറാജിനെതിരേ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും നേടി. രണ്ടാം ഓവറില്‍ പിറന്നത് ഒരു സിക്‌സും രണ്ട് ബൗണ്ടറികളും. ഇതോടെ ആദ്യ സ്‌പെല്ലില്‍ തന്നെ സിറാജ് 31 റണ്‍സ് വഴങ്ങി. ഈ സീസണില്‍ 15 കളികളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ മാത്രമാണ് സിറാജിന് നേടാനായത്.