മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വലിയൊരു റെക്കോഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ഇന്ന് നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ ബ്രാവോയ്ക്ക് റെക്കോഡ് സ്വന്തമാക്കാം. 

To advertise here,

ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ബ്രാവോയുടെ പേരിലാകുക. നിലവില്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്‌ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് ബ്രാവോ. 170 വിക്കറ്റാണ് ഇരുവര്‍ക്കുമുള്ളത്. ഇന്നത്തെ മത്സരത്തില്‍ ഒരു വിക്കറ്റ് നേടാനായാല്‍ ബ്രാവോ ഈ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കും. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ബ്രാവോ റെക്കോഡിനൊപ്പമെത്തിയത്. മത്സരത്തില്‍ നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങിയാണ് ബ്രാവോ മൂന്നുവിക്കറ്റെടുത്തത്. 

മലിംഗ 122 മത്സരങ്ങളില്‍ നിന്നാണ് 170 വിക്കറ്റെടുത്തത്. ബ്രാവോയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ 30 മത്സരങ്ങള്‍ അധികം കളിക്കേണ്ടിവന്നു.