മുംബൈ: ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സില്‍ വീണ്ടും കോവിഡ്. ഡല്‍ഹി താരം ടിം സെയ്‌ഫേര്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് സെയ്‌ഫേര്‍ട്ട് പോസിറ്റീവ് ആയത്. സെയ്‌ഫേര്‍ട്ടിന് കഴിഞ്ഞ ഐപിഎല്‍ സീസണിലും കോവിഡ് ബാധിച്ചിരുന്നു.

To advertise here,

ഡല്‍ഹി ടീമില്‍ കോവിഡ് പോസിറ്റീവ് ആകുന്ന രണ്ടാമത്തെ വിദേശ താരമാണ് ന്യൂസീലന്‍ഡുകാരനായ സെയ്‌ഫേര്‍ട്ട്. നേരത്തെ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബിസിസിഐയുടെ മെഡിക്കല്‍ സംഘം കളിക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. അതിനുശേഷമാകും പഞ്ചാബിനെതിരായ മത്സരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മറ്റു താരങ്ങളുടെ ഫലം നെഗറ്റീവ് ആയാല്‍ മത്സരം മാറ്റിവെയ്ക്കില്ല.

നിലവില്‍ ഡല്‍ഹി ടീമില്‍ കോവിഡ് ബാധിച്ച ആറു പേരാണുള്ളത്. ടീം ഫിസിയോ പാട്രിക് ഫര്‍ഹാറ്റിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ക്യാമ്പിലെ നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ടിം സെയ്‌ഫേര്‍ട്ടും ഐസൊലേഷനിലാണ്. 

ഡല്‍ഹിയും പഞ്ചാബും തമ്മിലുള്ള മത്സരം പുണെയിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഡല്‍ഹി ടീം ക്വാറന്റെയ്‌നില്‍ ആയതിനാല്‍ മത്സരം മുംബൈയിലേക്ക് മാറ്റിയിരുന്നു.