മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്ത ബാറ്ററായ സൂര്യകുമാര്‍ യാദവിന് പരിക്ക്. സൂര്യകുമാറിന് ഐ.പി.എല്ലില്‍ ബാക്കിയുളള മത്സരങ്ങള്‍ നഷ്ടമാകും. സൂര്യകുമാറിന് പകരം മുംബൈ യുവതാരം ആകാശ് മധ്‌വാളിനെ ടീമിലെത്തിച്ചു. 

To advertise here,

ഇടത്തേ കൈയില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് സൂര്യകുമാര്‍ ടീമില്‍ നിന്ന് പുറത്തായത്. പേശിക്കാണ് പരിക്കേറ്റിരിക്കുന്നത്. ആദ്യമായി ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ച ആകാശ് വലംകൈയ്യന്‍ മീഡിയം പേസ് ബൗളറാണ്. 

2019 മുതല്‍ ഉത്തരാഖണ്ഡ് ടീമിന് വേണ്ടി കളിക്കുന്ന ആകാശ് മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. 2022 ഐ.പി.എല്ലില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ നേരത്തേ പുറത്തായിരുന്നു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം മാത്രം നേടിയ മുംബൈ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 

ഈ സീസണില്‍ ഇനി രണ്ട് മത്സരങ്ങളാണ് മുംബൈയ്ക്ക് ബാക്കിയുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കെതിരെയാണ് മത്സരം.