ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

To advertise here,

'പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായി ഊര്‍ജം, ധാതുക്കള്‍, സിമന്റ് ഇടനാഴികള്‍, രാജ്യത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇടനാഴികള്‍, തിരക്കേറിയ മേഖലകളെ ബന്ധിപ്പിക്കുന്ന ഇടനാഴികള്‍ എന്നിങ്ങനെ മൂന്ന് സാമ്പത്തിക റെയില്‍വേ ഇടനാഴികളായിരിക്കും നടപ്പിലാക്കുക. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഉപകരിക്കുന്ന പദ്ധതിയായിരിക്കും ഇത്,' - ധനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നഗരവല്‍കരണവും മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും അതിവേഗത്തിലാണ് നടക്കുന്നതെന്നും നഗരവല്‍ക്കരണത്തില്‍ മെട്രോ റെയിലും നമോ ഭാരതും വഹിക്കുന്ന പങ്ക് വലുതാണെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത അഞ്ചുകൊല്ലത്തില്‍ പി.എം.എ.വൈയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കും, വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആഷാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

ജിഡിപി-ഭരണനിര്‍വഹണം-വികസനം-പ്രകടനം എന്നിവയില്‍ സര്‍ക്കാര്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുതായും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചതായും 78 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ നല്‍കിയതായും അവര്‍ പറഞ്ഞു.

ഇതുവരെ സ്‌കില്‍ ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി മൂവായിരം പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. ഏഴ് ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു. മാത്രമല്ല, ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും എക്കാലത്തെയും ഉയര്‍ന്ന മെഡല്‍ നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.