ന്യൂഡല്‍ഹി: സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് പ്രത്യേകപരിഗണന ഉറപ്പാക്കി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഇടക്കാല ബജറ്റ്. സാങ്കേതികവിദ്യാ തല്‍പരരായ യുവാക്കള്‍ക്ക് സുവര്‍ണകാലഘട്ടമാണിതെന്ന് അവര്‍ പറഞ്ഞു. 

To advertise here,

അന്‍പതു കൊല്ലത്തേക്ക് പലിശരഹിതമായ ഒരുലക്ഷം കോടി രൂപയുടെ ഫണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ ഫണ്ടില്‍നിന്ന് പലിശ ഇല്ലാതെയോ തീര്‍ത്തും കുറഞ്ഞ നിരക്കിലോ ദീര്‍ഘകാലവായ്പ ലഭ്യമാകും. ഇത് ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നല്‍കും. യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും കരുത്ത് കൂടിച്ചേരുന്ന പദ്ധതികള്‍ നമുക്ക് ആവശ്യമാണ്, മന്ത്രി പറഞ്ഞു. 

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം നമുക്ക് സമ്മാനിച്ചത് പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ്. പ്രധാനമന്ത്രി വാജ്‌പേയി, ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിജ്ഞാന്‍ എന്നാക്കി. വികസനത്തിന്റെ അടിസ്ഥാനം നൂതനാശയങ്ങളായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ജവാന്‍ ജയ് കിസാന്‍ ജയ് അനുസന്ധാന്‍ എന്ന് അത് വിപുലപ്പെടുത്തിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു

പ്രതിരോധ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഡീപ്പ് ടെക് ടെക്‌നോളജികളെ ശക്തിപ്പെടുത്തുന്നതിനും ആത്മനിര്‍ഭരതയ്ക്കുമായി പുതിയ പദ്ധതി രൂപവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.