ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കാലിക പ്രസക്തിയില്ലാത്തതാണെന്ന് പറയേണ്ടിവരും. 2019ല്‍ പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും. വോട്ടര്‍മാരെ ലക്ഷ്യമിട്ട് കര്‍ഷകര്‍ക്കായി പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പിഎം കിസാന്‍ യോജന, നേരിയ തോതിലെങ്കിലുമുള്ള ആദായ നികുതി പരിധി ഉയര്‍ത്തല്‍ എന്നിവ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിയൂഷ് ഗോയല്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. 

To advertise here,

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ എന്ന് വ്യക്തം. അതുകൊണ്ടുതന്നെയാണ് ജനപ്രിയ പ്രഖ്യാപനങ്ങളെ ഇടക്കാല ബജറ്റില്‍ പിന്‍ ബെഞ്ചിലേക്ക് മാറ്റിയത്. അതേസമയം, ഇതൊരു അവസരമായിക്കണ്ട്, കോവിഡ് അവശേഷിപ്പിച്ച പ്രതിസന്ധികള്‍ തരണം ചെയ്യുകയെന്ന ദൗത്യവും അവര്‍ മുന്നില്‍ കാണുന്നു. ധനകമ്മിയിലും വരവും ചെലവും തമ്മിലുള്ള അന്തരത്തിലുമാണ് ധനമന്ത്രിയുടെ ഫോക്കസ്. 

അതുകൊണ്ടുതന്നെ മൂലധന ചെലവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള ബജറ്റാണ് അവര്‍ അവതരിപ്പിച്ചത്. ക്ഷേമ പദ്ധതികള്‍ക്കുള്ള വലിയ ചെലവില്‍നിന്ന് വിട്ടുനിന്നു. ഉയര്‍ന്ന ജിഡിപി വളര്‍ച്ചയും ധനകമ്മി മെച്ചപ്പെടുത്തലുമാണ് ലക്ഷ്യമെന്ന് വ്യക്തം. ഹ്രസ്വകാല നേട്ടത്തിനുള്ള ജനകീയ പ്രഖ്യാപനങ്ങളില്‍നിന്ന് ദീര്‍ഘകാല വളര്‍ച്ചയെന്ന ലക്ഷ്യത്തിന് മുന്‍ഗണന നല്‍കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിരിക്കുന്നു. 

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈവരിച്ച വേഗത്തിന് ഈ ബജറ്റിലൂടെ അര്‍ധവിരാമമിട്ടിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ ആസൂത്രിത മൂലധന ചെലവ് 10 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ 7.3 ലക്ഷം കോടിയേക്കാള്‍ 37.4 ശതമാനമാണ് വര്‍ധന. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ക്ഷേമ പദ്ധതികളേക്കാള്‍ രാജ്യത്തിന്റെ വളര്‍ച്ചക്കാകും മുന്‍ഗണന നല്‍കുകയെന്ന് പറയാതെ പറഞ്ഞിരിക്കുന്നു.

ബജറ്റില്‍ ക്ഷേമ പദ്ധതികളേറെ ഇല്ലാത്തതിനാല്‍ കുറഞ്ഞ മൂലധന ചെലവിലൂടെ നടപ്പ് വര്‍ഷത്തെ ബജറ്റ് ധനകമ്മി 5.9 ശതമാനത്തില്‍നിന്ന് 5.1 ശതമാനമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍ ബജറ്റിനെ അപേക്ഷിച്ച് 14.1 ലക്ഷം കോടി രൂപ കടമെടുക്കാനാണ് ലക്ഷ്യമിടുന്നത്. കടമെടുപ്പ് കുറയ്ക്കുകതന്നെയാണ് ഇതിന് പിന്നിലുള്ള ഉദ്ദേശം. നിക്ഷേപം ഉയര്‍ന്നിട്ടും കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിയാത്ത സ്വകാര്യ മേഖലയ്ക്ക് ഇടം നല്‍കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ വായ്പകള്‍ കുറയുന്നത് സ്വകാര്യമേഖലയ്ക്കുള്ള വായ്പാ ലഭ്യത ഉയര്‍ത്തും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 8.9 ശതമാനമാണ്. 2025 സാമ്പത്തികവര്‍ഷം 10.5 വളര്‍ച്ചയാണ് ബജറ്റ് അനുമാനം. 

സാധാരണക്കാരെയും ശമ്പള വരുമാനക്കാരെയും ലക്ഷ്യമിട്ടല്ല ഈ ബജറ്റ് എന്ന് വ്യക്തം. മുന്നോട്ടുള്ള പ്രയാണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാതയൊരുക്കലിനുമാണ് ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാരന് ആശ്വസിക്കാന്‍ ഒന്നുമില്ലെന്നുതന്നെ പറയാം. ആദായ നികുതി പരിധി ഉയര്‍ത്തുകയോ പൊതുവെ പ്രതീക്ഷിച്ച സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ പരിധി കൂട്ടുകയോ ചെയ്തില്ല. മേമ്പൊടിയെന്നോണം ചുരുക്കം ചില പദ്ധതികളില്‍ ക്ഷേമത്തെ ഒതുക്കിയെന്നുവേണം പറയാന്‍. അഞ്ചുവര്‍ഷത്തിനിടെ ഗ്രാമീണ മേഖലയില്‍ രണ്ട് കോടി വീടുകള്‍ നിര്‍മിക്കുമെന്നാണ് ഇതില്‍ പ്രധാനം.