ന്യൂഡല്‍ഹി: രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ലക്ഷദ്വീപില്‍ വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രദ്ധ ചെലുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

To advertise here,

സര്‍ക്കാര്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് പലിശയില്ലാ വായ്പകള്‍ അനുവദിക്കും. ദ്വീപുകളില്‍ ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും, മന്ത്രി ബജറ്റില്‍ വ്യക്തമാക്കി. 

മാലദ്വീപുമായുള്ള നയതന്ത്ര തര്‍ക്കത്തിന് പിന്നാലെ നിരവധി ഇന്ത്യക്കാര്‍ ലക്ഷദ്വീപിനെ ഒരു ബദല്‍ ടൂറിസം കേന്ദ്രമായി കണ്ടുതുടങ്ങിയിട്ടുണ്ട്. മാലദ്വീപ് ഇന്ത്യന്‍ യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു. മാലദ്വീപുമായുള്ള നയതന്ത്ര തര്‍ക്കത്തിനിടയിലാണ് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ഈ ബജറ്റ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.