
'കേരളത്തിലേക്കു പോകുമ്പോൾ സുറിയാനിവിഭാഗത്തിന്റെ മെത്രാപ്പൊലീത്തയെ കാണാൻ മറക്കരുത്' 1931ൽ ജവഹർലാൽ നെഹ്‌റു കേരളം സന്ദർശിക്കുന്ന കാര്യമറിഞ്ഞപ്പോൾ മഹാത്മാഗാന്ധി ആവശ്യപ്പെട്ട ഒരു കാര്യം ഇതായിരുന്നു.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളോട് ഐക്യദാർഢ്യം പുലർത്തിയിരുന്ന ഇന്ത്യക്കാരെ സ്വതന്ത്രരാക്കണമെന്ന് ബ്രിട്ടീഷുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്ന പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ മെത്രാപ്പൊലീത്ത മാർഅബിമലേക് തിമോഥേയൂസിനെ കാണാനാണ് ഗാന്ധിജി നിർദേശിച്ചത്.
നെഹ്‌റു കേരളത്തിലെത്തിയ മേയ് 29നുതന്നെ ഭാര്യ കമലാ നെഹ്‌റു, മകൾ ഇന്ദിര എന്നിവർക്കൊപ്പം തൃശ്ശൂരിലെ കൽദായ അരമനയിലെത്തി മാർഅബിമലേക്കിനെ കണ്ടു. 15 മിനിട്ട് ചെലവിട്ട പണ്ഡിറ്റ്ജി സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്തേണ്ടതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തെന്നാണ് സഭാരേഖകളിൽ പറയുന്നത്. രാജ്യം 75-ാം സ്വാതന്ത്ര്യവാർഷികത്തിന്റെ ആഹ്ലാദത്തേരിലുയരുമ്പോൾ ഖദർ വസ്ത്രധാരിയായി ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദേശിയായ ഏക ക്രൈസ്തവ മെത്രാപ്പൊലീത്തയും ഓർമകളിൽ നിറയുകയാണ്.
1908 മുതൽ സഭയുടെ തൃശ്ശൂരിലുള്ള അരമനയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും, ഇ.എം.എസ്. നമ്പൂതിരിപ്പാടും ഉൾപ്പെടെയുള്ള നേതാക്കളോടും ഉറ്റബന്ധം പുലർത്തിയിരുന്നു അദ്ദേഹം. കുറൂർ മുഖേനയാണ് ഗാന്ധിജിയെ പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും.
1927-ൽ തൃശ്ശൂരിൽ വന്നപ്പോൾ മഹാത്മാഗാന്ധി മാർഅബിമലേക്കിനെ കാണാൻ അരമനയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ഇറാഖിലായിരുന്നതിനാൽ കണ്ടില്ല. തുടർന്നാണ് നെഹ്‌റുവിനോട് മെത്രാപ്പൊലീത്തയെ കാണാൻ നിർദേശിച്ചത്. 1934-ൽ തൃശ്ശൂരിൽ വന്നപ്പോൾ ഗാന്ധിജി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. തൃശ്ശൂരിലെ സഭാ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള മെത്രാപ്പൊലീത്തയുടെ ഡയറിക്കുറിപ്പുകളിലും മറ്റു രേഖകളിലും ഈ വിവരങ്ങൾ േരഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകണമെന്ന് ബ്രിട്ടീഷുകാരോട് മെത്രാപ്പൊലീത്ത ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്ന് സഭാവിശ്വാസിയും തൃശ്ശൂർ സ്വദേശിയുമായ ആന്റോ ഡി. ഒല്ലൂക്കാരൻ പറയുന്നു.
''തുർക്കിയിൽ ഓട്ടോമൻ ഭരണകാലത്ത് ക്രൈസ്തവർ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതിലൊരു കുടുംബം തിമോഥേയൂസിന്റേതായിരുന്നു. ഇവിടെവെച്ചാണ് ക്രൈസ്തവർ അനുഭവിച്ചതിന്റെ ഇരട്ടി പീഡനങ്ങളും ദുരിതങ്ങളും ഇന്ത്യക്കാർ അനുഭവിച്ചിരുന്നതായി അദ്ദേഹം തിരിച്ചറിയുന്നത്. തുടർന്നാണ് അദ്ദേഹം ഇന്ത്യക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വാതന്ത്ര്യസമരത്തിന് പിന്തുണ നൽകിയത്. ഗാന്ധിജിയോടുള്ള ആദരവ് വ്യക്തമാക്കി ഖദർ ളോഹ കൂടുതലായി അദ്ദേഹം ഉപയോഗിച്ചിരുന്നു'', ആന്റോ ഒല്ലൂക്കാരൻ പറയുന്നു.
പോർച്ചുഗീസുകാരുടെ വധഭീഷണി ഉള്ളതിനാൽ മെത്രാപ്പൊലീത്തയുടെ ചുമതല ഏറ്റെടുക്കാൻ തുർക്കിയിൽനിന്ന് ആദ്യമായി കേരളത്തിലേക്ക് അറബി ആട്ടിടയന്റെ വേഷം ധരിച്ചാണ് തിമോഥേയൂസ് എത്തിയത് എന്നൊരു അനുബന്ധംകൂടിയുണ്ട്. 37 വർഷം തൃശ്ശൂരിൽത്തന്നെയുണ്ടായിരുന്ന മാർഅബിമലേക് 65-ാംവയസ്സിൽ അസുഖബാധിതനായതിനെത്തുടർന്ന് ഇവിടെവെച്ചുതന്നെയാണ് അന്തരിക്കുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്നത് കാണാനാവാതെയായിരുന്നു ആ മടക്കം.
Content Highlights: mar abimalek timotheus jawaharlal nehru thrissur visit khadi mahatma gandhi
Published: 10 Aug 2023, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented