ന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാംവാർഷികം ആഘോഷിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ പൂർത്തീകരിക്കപ്പെടുന്ന ഈ സ്വാതന്ത്ര്യദിനം, ഏഴുപതിറ്റാണ്ടുമുമ്പ് ആവേശത്തോടെയും പ്രതീക്ഷയോടെയും ഒരു രാജ്യമെന്നനിലയിൽ നമ്മൾ തുടങ്ങിയ പ്രയാണം എവിടെയെത്തിനിൽക്കുന്നുവെന്ന സ്വയംവിലയിരുത്തലിന്റെകൂടി സമയമാണ്. ബ്രിട്ടീഷുകാരുടെ നീണ്ടകാലത്തെ അടിമത്തത്തിൽനിന്ന് രക്ഷപ്പെടുന്നതിനോടൊപ്പം ലക്ഷക്കണക്കിനു പേർ മരിക്കുകയും ഒന്നരക്കോടിയോളം ജനങ്ങൾ അഭയാർഥികളാവുകയും ചെയ്ത സന്ദർഭവുമാണ് ഇന്ത്യൻ സ്വാതന്ത്ര്യലബ്ധി. പക്ഷേ, ആ മുറിവുകളിൽനിന്നും രോഗങ്ങളുടെയും പട്ടിണിമരണങ്ങളുടെയും നിരന്തര പീഡകളുടെ പരീക്ഷണ കാലഘട്ടത്തിൽനിന്നും നാം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് ആഗോള നയതന്ത്രരംഗത്തെ ഒരു പ്രധാന ജനാധിപത്യരാഷ്ട്രമായും സാമ്പത്തിക-സാങ്കേതിക ശക്തിയായും എല്ലാ വികസ്വരരാജ്യങ്ങളുടെയും ഊർജമായും തലയെടുപ്പോടെ നിൽക്കുകയാണ് നമ്മൾ.

To advertise here,

പക്ഷേ, നമ്മളെ ചിന്തിപ്പിക്കേണ്ട ചോദ്യം സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലുള്ള നമ്മുടെ പരിണതിയാണ്. എഴുപത്തിയഞ്ചു വർഷംകൊണ്ട് നാം എവിടെ നിൽക്കുന്നു, സ്വതന്ത്രമായ ഒരു രാജ്യമെന്നനിലയിൽ നമ്മുടെ സ്വാതന്ത്ര്യം കൂടുതൽ അർഥപൂർണമായോ? അതോ എവിടെയെങ്കിലും ചുവടുകൾ പിഴച്ചതോ വഴിതെറ്റിക്കപ്പെട്ടതോ ആയ ഒരു സമൂഹമാണോ നമ്മുടേത്? തന്റെ പ്രശസ്തമായ അർധരാത്രിപ്രസംഗത്തിൽ ജവാഹർലാൽ നെഹ്രു ഉദ്‌ഘോഷിച്ചപോലെ സ്വാതന്ത്ര്യം പ്രദാനംചെയ്ത അവസരം ധൈര്യത്തോടെയും വിവേകത്തോടെയും ഭാവിവെല്ലുവിളികളെ നേരിടാൻ മുന്നോട്ടുനീങ്ങിയ ഒരു സമൂഹമാണോ നമ്മുടേത്?

‘ഭാഗികമായി സ്വതന്ത്രമായ’ രാജ്യം

അഞ്ചുദശകമായി ലോകരാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തെ വിലയിരുത്തുന്ന ‘ഫ്രീഡം ഇൻ ദ വേൾഡ്’ റിപ്പോർട്ട്  പ്രസിദ്ധീകരിക്കുന്ന ‘ഫ്രീഡം ഹൗസ്’ എന്ന സംഘടനയുടെ സ്വാതന്ത്ര്യസൂചികയിൽ, നൂറിൽ അറുപത്തിയാറാം സ്ഥാനമാണ് ഇന്ന് ഇന്ത്യക്ക്‌. രാഷ്ട്രീയ അവകാശങ്ങളുടെ കാര്യത്തിൽ നാല്പതിൽ മുപ്പത്തിമൂന്നാമത്തെയും പൗരാവകാശങ്ങളുടെ കാര്യത്തിൽ അറുപതിൽ മുപ്പത്തിമൂന്നാമത്തെയും സ്ഥാനം. എഴുപത്തിയഞ്ചു വർഷംമുമ്പ് പൂർണമായും സ്വതന്ത്രയായ ഇന്ത്യയെ അവർ വിശേഷിപ്പിക്കുന്നത് ‘ഭാഗികമായി സ്വതന്ത്രമായ’ (partly free) രാജ്യം എന്നാണ്. എല്ലാതരത്തിലുമുള്ള സ്വാതന്ത്ര്യത്തെ വിശകലനം ചെയ്തിട്ടാണ് അവർ ഇങ്ങനെയൊരു വിലയിരുത്തൽ നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയപ്രക്രിയകളുടെയും കാര്യത്തിൽ ഇന്ത്യക്ക്‌ മുഴുവൻമാർക്കും നൽകുമ്പോഴും മൊത്തത്തിലുള്ള സ്വാതന്ത്ര്യത്തെ രൂപവത്കരിക്കുന്ന ഒട്ടേറെയായ സ്വാതന്ത്ര്യങ്ങളുടെ കാര്യത്തിലും അതിന്റെ യഥാർഥ ബഹിർസ്‌ഫുരണമായ പൗരാവകാശങ്ങളുടെ കാര്യത്തിലും ഇന്ത്യ പാതിവഴിയിൽ മാത്രമാണെന്നാണ് അവരുടെ വിലയിരുത്തൽ.

രാജ്യങ്ങളുടെ ജനാധിപത്യത്തെ ആധുനിക ഡേറ്റാ സാങ്കേതികവിദ്യയുടെയും നൂറുകണക്കിന് വിദഗ്ധരുടെയും സഹായത്തോടെ സമഗ്രമായി വിശകലനംചെയ്യുന്ന സ്വീഡനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ഗോഥെൻബെർഗിന്റെ കീഴിലുള്ള ‘വി-ഡെം’ (V-Dem -Varieties of Democracy) എന്ന ഗവേഷണ സ്ഥാപനത്തിന്റെ കണ്ണിൽ ഇന്ത്യയുടെ സ്ഥാനം ഇക്കാര്യത്തിൽ പ്രത്യാശാപൂർണമല്ല. ഏഷ്യ- പസഫിക് പ്രദേശത്ത് സാധാരണ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന വിശാല ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം ഇപ്പോൾ നാല്പത്തിയഞ്ചു കൊല്ലത്തോളം പിറകോട്ടുപോയിരിക്കുന്നു എന്നാണ് അവരുടെ ‘ഡെമോക്രസി റിപ്പോർട്ട് 2023’ പറയുന്നത്. അതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നതോ? ‘ഇന്ത്യയെപ്പോലുള്ള’ രാജ്യങ്ങളെയും. റഷ്യയെയും തുർക്കിയെയുംപോലെ ഒരു ‘തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമാണ്’ (electoral autocracy) ഇന്ത്യയിലെന്ന് അവർ ഈ റിപ്പോർട്ടിലൂടെ സ്ഥാപിക്കുന്നു.  വി-ഡെം റിപ്പോർട്ടുപ്രകാരം 42 രാജ്യങ്ങൾ ഇങ്ങനെ ‘ഏകാധിപത്യവത്‌കരിക്കപ്പെട്ടു’കൊണ്ടിരിക്കുകയാണ്. വെറും 28 ശതമാനം ജനങ്ങൾ മാത്രമാണ് പൂർണമായും സ്വതന്ത്രരാജ്യങ്ങളിൽ ജീവിക്കുന്നത്. ഇന്ത്യകൂടി അംഗമായ ബഹുരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ ഐഡിയ (International IDEA ) ഇന്ത്യയെക്കാണുന്നത് ജനാധിപത്യത്തിൽനിന്ന് പിന്നിലേക്ക്‌ വഴുതിവീണുകൊണ്ടിരിക്കുന്ന ഒരു രാജ്യമായിട്ടാണ്.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മനുഷ്യാവകാശ റിപ്പോർട്ടിലും ഇന്ത്യക്കെതിരേ ശക്തമായ പരാമർശങ്ങളാണുള്ളത്. നിയമവിരുദ്ധവും സ്വേച്ഛാപരവുമായിട്ടുള്ള തടങ്കലുകളും കൊലപാതകങ്ങളും പോലീസ് അതിക്രമങ്ങൾ, സ്വകാര്യതാ ധ്വംസനം, എല്ലാതരം ന്യൂനപക്ഷങ്ങളോടുമുള്ള വിവേചനങ്ങൾ, ലൈംഗികാക്രമങ്ങൾ അങ്ങനെ ഒരുകൂട്ടം കാര്യങ്ങളിൽ ഇന്ത്യയെ ഈ റിപ്പോർട്ട് നിശിതമായി വിമർശിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറിജനറൽ ഉത്കണ്ഠ രേഖപ്പെടുത്തിയതും അന്തർദേശീയതലത്തിൽ ഇന്ത്യയുടെ ജനാധിപത്യ, സ്വാതന്ത്ര്യ പരിസ്ഥിതിയെക്കുറിച്ച് നല്ല പ്രതിച്ഛായയല്ല കാണിക്കുന്നത്.

ജീവവായുതന്നെ

ആസാദി ഉത്സവം അവസാനിക്കുമ്പോൾ നാം തിരിച്ചറിയേണ്ട ഒരു വസ്തുത സ്വാതന്ത്ര്യമെന്നാൽ അരങ്ങുകളിലും മാധ്യമങ്ങളിലെ പരസ്യപ്രചാരണങ്ങളിലും ആഘോഷിക്കപ്പെട്ടുതീരേണ്ട ഒരു അവകാശവാദമല്ല. മറിച്ച്, ഓരോ ഇന്ത്യൻപൗരനും ഇരുപത്തിനാലു മണിക്കൂറും ജീവവായുവെന്നപോലെ അനുഭവിക്കേണ്ട ഒരവകാശമാണ് എന്നതാണ്. അതേസമയം, അത് ഏകാത്മകമായ ഒരു വസ്തുവല്ല. മറിച്ച്, ജീവൻതുടിക്കുന്ന പലവിധ സ്വാതന്ത്ര്യങ്ങളുടെ-ഒട്ടേറെയായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വൈവിധ്യമുള്ള മനുഷ്യരുടെ സ്വാതന്ത്ര്യങ്ങളുടെ- ഒരു സങ്കലനവുമാണ്. ഇതിലേതെങ്കിലും ഒന്ന് അറിഞ്ഞോ അറിയാതെയോ അടർത്തിമാറ്റപ്പെട്ടാൽ ഈ സ്വാതന്ത്ര്യവും ആഘോഷങ്ങളും അർഥശൂന്യമാകുന്നു. ഇത് ഏറ്റവുംനന്നായി ഒറ്റവരിയിൽ പറഞ്ഞത് ചരിത്രത്തിൽ ഏറ്റവും കൂടുതൽക്കാലം സ്വാതന്ത്ര്യത്തിനുവേണ്ടി പാരതന്ത്ര്യം അനുഭവിച്ച നെൽസൺ മണ്ടേലയാണ്. ‘സ്വാതന്ത്ര്യം എന്നത് അവിശ്ചിതമാണ് (indivisible)’, അദ്ദേഹം എഴുതി: ‘ഒരാളിന്റെയെങ്കിലും സ്വാതന്ത്ര്യം അടർത്തിമാറ്റുന്നത് എല്ലാ ജനങ്ങളുടെ സ്വാതന്ത്ര്യവും നിഷേധിക്കുന്നതിന് തുല്യമാണ്.’

ഇന്ത്യയുടെ ആകർഷകമായ ബഹുസ്വരത അതിന്റെ ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് നമുക്ക് വേണ്ടത് ഈ ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ്.  മഹാത്മാഗാന്ധിയുടെ വാക്കുകൾ കടമെടുത്താൽ, ‘ചുരുക്കം ചില ആളുകൾ അധികാരം കൈയിലാക്കുന്നതിലൂടെയല്ല സ്വതന്ത്രരാജ്യം (സ്വരാജ്) യാഥാർഥ്യമാകുന്നത്, മറിച്ച് അധികാരദുർവിനിയോഗം കാണുമ്പോൾ അതിനെ ചെറുക്കാനുള്ള കഴിവ് എല്ലാ ജനങ്ങളും ആർജിക്കുമ്പോഴാണ്.’ അതാകട്ടെ ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ എല്ലാവരുടെയും ആത്മശപഥം.