
‘വാക്കുകൾ ഹൃദയത്തിൽനിന്നാണെങ്കിൽ അവ ഹൃദയങ്ങളിൽത്തന്നെ
പതിക്കും’ -റൂമി
ഞാൻ വീടെന്നു വിളിക്കുന്ന ഈ മണ്ണിനെ അറിയാനായി കഴിഞ്ഞവർഷം നൂറ്റിനാല്പത്തിയഞ്ചു ദിവസം നടന്നുതീർത്തു. സമുദ്രം അതിരിടുന്ന ഇങ്ങേയറ്റത്തുനിന്ന്, കടുത്തചൂടും പൊടിയും മഴയുമറിഞ്ഞ് കാടും മലയും നഗരങ്ങളും താണ്ടി നനുത്ത മഞ്ഞുമൂടിയ എന്റെ പ്രിയപ്പെട്ട കശ്മീരിൽ എത്തുംവരെ ഞാൻ നടന്നു.
പിന്നിട്ട വഴിയിലെല്ലാം പലരും ചോദിച്ചു: ‘‘എന്തിനാണ് നിങ്ങളിങ്ങനെ നടക്കുന്നത്?’’ ഇന്നും പലരും ചോദിക്കുന്നു, എന്തിനുവേണ്ടി? നിങ്ങളെന്താണ് തേടുന്നത്? നിങ്ങളെന്താണ് കണ്ടെത്തിയത്?.
ഞാൻ ഏറ്റവും സ്നേഹിക്കുന്നതെന്തോ അതിനെ നന്നായി അറിയണമെന്ന് ഞാനാഗ്രഹിച്ചു. എന്തിനുവേണ്ടിയാണോ ഞാനെന്റെ ജീവനടക്കം എല്ലാം ത്യജിക്കാൻ സന്നദ്ധനായിരിക്കുന്നത്, കഴിഞ്ഞ കുറെ വർഷങ്ങളായി എന്തിനുവേണ്ടിയാണോ ഞാനിത്രയും വേദനയും അവമതിപ്പും സഹിച്ചത്, അതിനെ പൂർണമായും അറിയണമെന്ന് ഞാനാഗ്രഹിച്ചു. എന്തിനെയാണ് ഞാനേറ്റവും സ്നേഹിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയണമായിരുന്നു. അത് ഈ മണ്ണിനെയാണോ? അതോ പർവതങ്ങളെയോ? സമുദ്രങ്ങളെയോ? ഏതെങ്കിലും ഒരു വ്യക്തിയെയോ ഈ ജനതയെയോ? അതോ ഒരുകൂട്ടം ആശയങ്ങളെയോ?.
ഇവ മാത്രമല്ല, മറ്റൊന്നുകൂടി. ഈവിധ ചിന്തകൾ വ്യാപരിക്കുന്ന എന്റെ ഹൃദയത്തിന്റെ പ്രകൃതത്തെക്കൂടി എനിക്ക് തിരിച്ചറിയേണ്ടതുണ്ടായിരുന്നു.
ഏതാനും വർഷങ്ങളായി ദിവസവും വൈകുന്നേരം എട്ടുപത്തു കിലോമീറ്റർ ഓടുന്ന ശീലമുണ്ടെനിക്ക്. അതുകൊണ്ടുതന്നെ ദിവസം ഇരുപത്തിയഞ്ച് കിലോമീറ്ററൊക്കെ സുഖമായി നടക്കാനാകുമെന്നു കരുതി. നടത്തം എളുപ്പമുള്ളതാവുമെന്ന് ഞാനുറച്ചുവിശ്വസിച്ചു. എന്നാൽ, നടത്തംതുടങ്ങി കുറച്ചുദിവസംകൊണ്ടുതന്നെ വേദന തുടങ്ങി. മണിക്കൂറുകളോളംനീണ്ട ഫിസിയോതെറാപ്പികൊണ്ട് അപ്രത്യക്ഷമായ എന്റെ പഴയ മുട്ടുവേദന വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. തൊട്ടടുത്ത ദിവസം, കണ്ടെയ്‌നറിനുള്ളിൽ ഒറ്റയ്ക്കിരുന്ന് ഞാൻ കണ്ണീർവാർത്തു. മുന്നിലുള്ള 3800 കിലോമീറ്റർ എങ്ങനെ നടന്നുതീർക്കും? അമിതവിശ്വാസത്തിന്റെ താങ്ങ് എന്നെ ഉപേക്ഷിച്ചുപോയി.
പുലരാൻ കാത്തുനിൽക്കാതെ ഇരുട്ടുമാറുംമുമ്പ് ഞങ്ങൾ നടത്തം തുടങ്ങുമായിരുന്നു. അതോടൊപ്പംതന്നെ പൊടുന്നനെ മുട്ടുവേദനയുമെത്തും. നടത്തം നിർത്തുമെന്ന പ്രതീക്ഷവെച്ച് പോകുന്നിടത്തെല്ലാം വിശന്നുവലഞ്ഞ ചെന്നായയെപ്പോലെ അതെന്റെ പിന്നാലെ വന്നു. ഏതാനും ദിവസങ്ങൾക്കുശേഷം എന്റെ ഫിസിയോതെറാപ്പിസ്റ്റും യാത്രയിൽ പങ്കാളിയായി. യാത്രയിലുടനീളം എനിക്കുവേണ്ട നിർദേശങ്ങൾ തന്നു, എന്നിട്ടും വേദന ബാക്കിയായി.
പിന്നീടാണ് ഞാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത്. യാത്ര അവസാനിപ്പിച്ചാലോയെന്ന് ചിന്തിക്കുന്ന ഓരോ നിമിഷവും, കീഴടങ്ങിയാലോയെന്ന് ചിന്തിച്ചുപോയ ഓരോ നിമിഷവും യാത്രതുടരാനുള്ള ഊർജം സമ്മാനിച്ചുകൊണ്ട് ആരൊക്കെയോ എന്റെനേരെ വന്നുകൊണ്ടിരുന്നു. ഒരിക്കൽ മനോഹരമായ ഒരു കത്തുമായി ഒരു ചെറിയ പെൺകുട്ടിയായിരുന്നു വന്നത്. മറ്റൊരിക്കൽ അല്പം പഴംനുറുക്കുമായി ഒരു മുത്തശ്ശി. പെട്ടെന്ന് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച ഒരു മനുഷ്യൻ. എന്നെ നിർത്താതെ മുന്നോട്ടുനയിച്ച നിശ്ശബ്ദശക്തികളായിരുന്നു ഇവയെല്ലാം. ഇരുൾനിറഞ്ഞ കൊടുംവനത്തിൽ മിന്നാമിനുങ്ങുകളെന്നപോലെ, അവരെല്ലായിടത്തുമുണ്ടായി. എപ്പോഴൊക്കെ എനിക്കാവശ്യം വന്നുവോ, അപ്പോഴെല്ലാം എനിക്ക് സഹായികളും വഴികാട്ടികളുമായി അവരെന്നോടൊത്ത് അവിടെയുണ്ടായി.
യാത്ര അവിരാമം തുടർന്നു. എന്റെ ചിന്തകൾ മറ്റുള്ളവരോടു പറയാനായിരുന്നു ഞൻ ആദ്യം ശ്രമിച്ചത്. എനിക്കു മനസ്സിലായത് മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാനും ഞാനാഗ്രഹിച്ചു. അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ, എനിക്കൊപ്പമുള്ള ആളുകളുടെ എണ്ണം പൊടുന്നനെ കൂടിക്കൂടിവന്നപ്പോൾ ഞാനവരെ പതിയെപ്പതിയെ കേൾക്കാനും നിരീക്ഷിക്കാനും തുടങ്ങി. ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾ, കണ്ണുചിമ്മുന്ന ക്യാമറകളുടെ ശബ്ദം, ആളുകളുടെ ഉന്തുംതള്ളും തുടങ്ങി യാത്ര കടന്നുപോകുന്നയിടങ്ങളിലെല്ലാം വലിയ കോലാഹലങ്ങളായിരുന്നു. അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. എല്ലാദിവസവും എട്ടുമുതൽ പത്തുമണിക്കൂർവരെ ഞാൻ ജനങ്ങളെ കേട്ടു. മുട്ടുവേദനയെ അവഗണിച്ചു.
പെട്ടെന്നൊരുദിവസം മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു നിശ്ശബ്ദത എന്നെ ചൂഴ്ന്നു. എന്റെ കൈയിൽ മുറുകെപ്പിടിച്ച് സംസാരിക്കുന്ന ഒരു മനുഷ്യന്റേതല്ലാതെ മറ്റൊരു ശബ്ദവും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. കുട്ടിക്കാലംതൊട്ടേ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന എന്റെ അന്തരാത്മാവിന്റെ സ്വരം എന്നെ കൈവിട്ട് കടന്നുകളഞ്ഞു. എന്റെ കൈ മുറുകെപ്പിടിച്ചയാൾ ഒരു കർഷകനായിരുന്നു. തന്റെ വിളകളെക്കുറിച്ച് ആ മനുഷ്യൻ എന്നോടു പറഞ്ഞു. ചീഞ്ഞളിഞ്ഞ പരുത്തിയിഴകൾ എന്നെ കാണിക്കുമ്പോൾ അദ്ദേഹം കരയുകയായിരുന്നു. വർഷങ്ങളുടെ കഷ്ടപ്പാടുകൾ അദ്ദേഹത്തിന്റെ കൈകളിൽ ഞാൻ കണ്ടു. ആ പരുത്തിയിഴകളിൽ തന്റെ കുട്ടികളെക്കുറിച്ചുള്ള ആകുലതയും കുഴിഞ്ഞ മുഖത്ത് പട്ടിണിയാൽ ആ മനുഷ്യൻ തള്ളിനീക്കിയ രാത്രികളും എനിക്ക് കാണാമായിരുന്നു. സ്വന്തം അച്ഛന്റെ മരണം നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നവന്റെ വേദന അദ്ദേഹം. ഭാര്യക്ക് നൽകാൻ പണമില്ലാതെവന്നതിന്റെ നാണക്കേടിനെക്കുറിച്ചും അദ്ദേഹം പരിതപിച്ചു. എന്നോടു പങ്കുവെച്ചു. ആ മനുഷ്യനോട് എനിക്കൊന്നും പറയാൻകഴിഞ്ഞില്ല. നടത്തം നിർത്തി ഞാനാ മനുഷ്യനെ ചേർത്തുപിടിച്ചു.
ഇതേ അനുഭവം പിന്നെയുംപിന്നെയും ഉണ്ടായിക്കൊണ്ടേയിരുന്നു. കുഞ്ഞുങ്ങൾ, അമ്മമാർ, വിദ്യാർഥികൾ. കടയുടമകളും മരപ്പണിക്കാരനും കൂലിപ്പണിക്കാരനുമെല്ലാം ഇതുതന്നെ പറഞ്ഞു. സൈനികർക്കും മറ്റൊന്നല്ല പറയാനുണ്ടായിരുന്നത്. ആൾക്കൂട്ടത്തെയോ എന്നെത്തന്നെയോ അല്ല ഞാനിപ്പോൾ കേൾക്കുന്നത്. എന്റെ കാതിൽ മന്ത്രിക്കുന്ന ആ വ്യക്തിയിൽനിന്ന് എന്റെ ശ്രദ്ധമാറുന്നില്ല. എല്ലായ്‌പ്പോഴും എന്റെയുള്ളിലുണ്ടായിരുന്ന ആ വാഗ്വാദങ്ങളും മുൻവിധികളും ഇന്ന് പൂർണമായി മാഞ്ഞുപോയി. തോറ്റുപോകുമോയെന്ന് പേടിതോന്നുന്നെന്ന് ഒരു വിദ്യാർഥി എന്നോടുപറയുമ്പോൾ ഞാനത് കേൾക്കും. ഒരിക്കൽ ഏതാനും ചെറിയ കുഞ്ഞുങ്ങൾ മരംകോച്ചുന്ന തണുപ്പത്ത് തെരുവിൽ ഭിക്ഷയെടുക്കാൻ നിർബന്ധിതരാക്കപ്പെട്ടതുകണ്ട ദിവസം ടിഷർട്ട് ധരിച്ച് കഴിയുന്നിടംവരെ യാത്രതുടരാൻ ഞാൻ തീരുമാനിച്ചു.
എന്റെ സ്നേഹത്തിന്റെ ലക്ഷ്യം പൊടുന്നനെ എനിക്കുമുന്നിൽ വെളിവായി. എന്റെ പ്രിയപ്പെട്ട ഭാരത്‌മാതാവെന്നത് വെറും ഭൂപ്രദേശം മാത്രമല്ല, അത് ഏതെങ്കിലുമൊരു ആശയസംഹിതയുമല്ല. അതേതെങ്കിലും പ്രത്യേക സംസ്കാരമോ ചരിത്രമോ മതമോ അല്ല. ആരൊക്കെയാലോ നിശ്ചയിക്കപ്പെട്ട ഏതെങ്കിലും ജാതിയോ അല്ല. എന്റെ ഭാരത് മാതാവ് ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്; അതെത്ര ദുർബലമായാലും ഉച്ചത്തിലായാലും. എല്ലാ ശബ്ദങ്ങൾക്കുപിന്നിലും ആഴത്തിൽ മറഞ്ഞിരിക്കുന്ന സന്തോഷവും ഭയവും വേദനയുമാണ് ഇന്ത്യ.
ഇന്ത്യയെ കേൾക്കണമെങ്കിൽ, എന്റെ ശബ്ദവും എന്റെ ആഗ്രഹങ്ങളും എന്റേതായ അഭിലാഷങ്ങളും മാറ്റിവെക്കേണ്ടിയിരിക്കുന്നു. ഇന്ത്യ സ്വയം നമ്മോടു സംസാരിക്കും. അതുകേൾക്കാൻ അത്രമേൽ വിനീതനായി പൂർണമായും നിശ്ശബ്ദരായിരിക്കണമെന്നുമാത്രം. എത്ര ലളിതമായാണ് ഇതെല്ലാം സംഭവിച്ചത്. കടലിൽ മാത്രം കിട്ടുന്ന ഒന്നിനുവേണ്ടിയാണല്ലോ ഇത്രനാളും ഞാൻ നദിയിൽ തിരഞ്ഞുകൊണ്ടിരുന്നത്.
Content Highlights: rahul gandhi independence day special article
Published: 15 Aug 2023, 06:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented