കാന്തയുടെ വീര്‍പ്പുമുട്ടലും സൗന്ദര്യവും ഒക്കെ ശീലമാക്കിയ ഒരാളുടെ ജീവിതത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ കുറച്ചു അതിഥികള്‍ വന്നു ചേര്‍ന്നാല്‍ എന്താകും അവസ്ഥ. മാനസിക സംഘര്‍ഷങ്ങളുടെ ഒരു പരമ്പരയാകും ഒരുപക്ഷെ പിന്നീട് അരങ്ങേറുക. അത്തരത്തില്‍ വിധിയുടെ തീരുമാനങ്ങള്‍ തനിച്ചാക്കിയ മെഹ്ബൂബ ഗോലെമിയുടെ കഥയാണ് 'മീ, മറിയം, ചില്‍ഡ്രന്‍ ആന്‍ഡ് 26 അദര്‍സ്' എന്ന ഇറാനിയന്‍ ചിത്രം. 

To advertise here,

ജീവിത പ്രാരാബ്ദങ്ങള്‍ തന്റെ സ്വകാര്യതയുടെ പര്യായമായ വീട് സിനിമ ഷൂട്ടിങ്ങിന് നല്‍കാന്‍ മെഹ്ബൂബയെ പ്രേരിപ്പിക്കുകയാണ്.  ചിത്രീകരണത്തിനായി സിനിമാക്കാര്‍ എത്തുന്നതോടെ മെഹ്ബൂബ തന്റെ തീരുമാനം തെറ്റായിപ്പോയോ എന്ന് ആദ്യമൊക്കെ ചിന്തിക്കുന്നുണ്ട്. പിന്നീട് ആ വീട്ടില്‍ അരങ്ങേറുന്ന രസകരവും തീവ്രവുമായ സംഭവങ്ങളുടെ ആകെതുകയാണ് ചിത്രം. 

സ്വന്തം സാധനങ്ങള്‍ ഒന്ന് സ്ഥാനം മാറിയാല്‍ ആദ്യമൊക്കെ ദേഷ്യം വന്നിരുന്ന മെഹ്ബൂബയുടെ സ്വഭാവത്തിന്റെ ഏറ്റക്കുറച്ചില്‍ പ്രേക്ഷകന് മുന്നില്‍ മനോഹരമായി സംവിധായകന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഏകാന്തത അംഗീകരിച്ചുകൊണ്ട് ജീവിതം തള്ളിനീക്കിയ യുവതി തനിക്ക് ചുറ്റുമുണ്ടാകുന്ന മാറ്റം എങ്ങനെ ഉള്‍ക്കൊള്ളും എന്നതും ആകാംക്ഷയോടെ പ്രേക്ഷകര്‍ക്ക് വീക്ഷിക്കാം.

ആദ്യം തന്റെ ജീവിതത്തിന്റെ സമാധാനം നശിപ്പിക്കാന്‍ എത്തിയ ആളുകള്‍ എന്ന രീതിയില്‍ കണ്ടിരുന്ന സിനിമാക്കാരെ പതിയെ മെഹ്ബൂബ ജീവിതത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. സിനിമയില്‍ തന്റെ ജീവിതം തന്നെ അവര്‍ കാണുന്നുമുണ്ട്. ഒടുവില്‍ സിനിമയില്‍ തന്റെതായ കൈയൊപ്പ് പതിപ്പിക്കാനും മെഹ്ബൂബക്കായി.  

പലപ്പോഴും ഈ സിനിമ ഭൂതകാലത്തിലെ പേടിപ്പിക്കുന്ന ചില ഏടുകളിലേയ്ക്ക് മെഹ്ബൂബയെ കൊണ്ടെത്തിക്കുന്നുണ്ട്. അവിടെ നിന്നെല്ലാം ഓടിയൊളിക്കുന്ന മെഹ്ബൂബയെയും സംവിധായകന്‍ ഫര്‍ഷാദ് ഹഷെമി കാട്ടിത്തരുന്നുണ്ട്.

ആദ്യാവസാനം നിഗൂഢത നിലനിര്‍ത്തിയാണ് ചിത്രം മുന്നേറുന്നത്. ചിന്തകളുടെയും വികാരവിക്ഷോഭങ്ങളുടെയും ഇടയില്‍ പെട്ടുപോകുന്ന ജീവിതങ്ങള്‍ ചിത്രത്തില്‍ കാണാനാകും. പുറമെ കാണുന്ന ജീവിതങ്ങളൊക്കെ മിഥ്യയാകാം എന്ന് വരച്ചിടാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.