ചെറിയ ഗ്രാമത്തിൽ വലിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന ധുനു എന്ന പെൺകുട്ടിയുടെ കഥയാണ് വില്ലേജ് റോക്സ്റ്റാർ -2 ലൂടെ സംവിധായിക റിമ ദാസ് പറഞ്ഞുവെക്കുന്നത്. 2017-ൽ പുറത്തിറക്കിയ വില്ലേജ് റോക്ക് സ്റ്റാറിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

To advertise here,

ഗ്രാമത്തിലെ ഒരുകൂട്ടം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ചങ്ങാത്തം കൂടുകയും റോക്ക് സ്റ്റാർ ആകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ധുനു എന്ന പത്തുവയസുകാരിയുടെ കഥയാണ് ആദ്യ ഭാഗത്തിൽ പറയുന്നത്. ഒന്നാം ഭാഗത്തിൽ നിന്ന് രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ, തന്റെ ഗ്രാമത്തിന്റെ പ്രശ്നങ്ങളും പരിസ്ഥിതി സംരക്ഷണവും അസമിലെ വെള്ളപ്പൊക്കവുമടക്കം ​​ഗൗരവമുള്ള വിഷയങ്ങൾ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

പ്രധാനമായും ചിത്രത്തിൽ പറഞ്ഞു പോകുന്നത് ധുനു എന്ന പെൺകുട്ടി സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കൂടിയാണ്. മ്യൂസിക് എന്ന അടങ്ങാത്ത സ്വപ്നത്തിനിടയിൽ കൂടി പോകുന്ന ധുനുവിനെ കാത്തിരിക്കുന്നത് കഠിനമായ പരീക്ഷണങ്ങളായിരുന്നു. പെൺകുട്ടികളവതരിപ്പിക്കുന്ന ബാൻഡ് നേരിടേണ്ടി വരുന്ന വിവേചനവും ചിത്രത്തിൽ എടുത്തു കാണിക്കുന്നുണ്ട്.

ബ്രോക്കർമാർ ബലപ്രയോഗത്തിലൂടെ ഗ്രാമവാസികളുടെ ഭൂമി കൈക്കലാക്കി അവിടെ വലിയതോതിൽ മണ്ണിട്ട് നികത്തി മറ്റു നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത് നിസഹായതയോടെയാണ് ഗ്രാമവാസികൾ നോക്കിക്കാണുന്നത്. വെള്ളപ്പൊക്കപ്രതിസന്ധി രൂക്ഷമായ അസമിന്റെ നേർച്ചിത്രം കൂടിയാണ് ചിത്രം.

ഭനിത ദാസ്, ബാസന്തി ദാസ്, ജുനുമോനി ബോറോ, ബോലോറാം ദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. വില്ലേജ് റോക്ക് സ്റ്റാറിന്റെ ആദ്യ ഭാഗം ഇന്ത്യൻ എൻട്രിയായി ഓസ്കറിലെത്തിയിരുന്നു.