
ശരീരസൗന്ദര്യത്തിൻ്റെ കാഴ്ചപ്പാടുകളെ അപ്പാടെ തകർത്തെറിയുന്നൊരു ചിത്രം, 'ദി സബ്സ്റ്റൻസ്'. വൻകരഘോഷത്തോടെ ചലച്ചിത്രമേളയിൽ പ്രേക്ഷകർ വരവേറ്റ ഈ ബോഡി ഹൊറർ മനസ്സുകളിൽ അടിയുറഞ്ഞുപോയ സൗന്ദര്യബോധത്തെയാണ് ചോദ്യം ചെയ്യുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ മുന്നേറ്റം.
പ്രശസ്തിയുടെ നെറുകയിൽ നിന്ന് പെട്ടെന്നൊരു ദിവസം അടിതെറ്റിവീഴുന്ന എലിസബത്ത് സ്പാര്‍ക്കിള്‍ എന്ന താരത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ആളും ബഹളമയവുമായ ജീവിതം നയിച്ചിരുന്ന എലിസബത്ത് പെട്ടെന്നൊരു ദിവസം തനിച്ചാവുകയാണ്, ആരവങ്ങളോട് വിടപറയുകയാണ്. അതോടെ വാർധക്യം തന്റെ സൗന്ദര്യത്തെ ഇല്ലാതെയാക്കിയെന്ന ചിന്ത അവരെ അലോസരപ്പെടുത്താൻ തുടങ്ങുകയാണ്. തൻ്റെ പഴയജീവിതം തിരികെലഭിക്കാൻ കൊതിക്കുന്നുണ്ടെങ്കിലും അതൊരിക്കലും സാധിക്കില്ലെന്ന ചിന്ത നിരാശയുടെ പടുകുഴിയിലേയ്ക്ക് അവരെ തള്ളിയിടുന്നു. എന്നാൽ അപ്രതീക്ഷിതമായി എലിസബത്തിന് മുന്നിൽ ഒരു മാർഗം തെളിയുകയാണ്, വളരെയേറെ അപകടം നിറഞ്ഞൊരു മാർഗം.
തനിക്ക് പകരം ഒരു ചെറുപ്പക്കാരിയെ തേടുന്നവർക്ക് മുന്നിൽ മറ്റൊരു എലിസബത്ത് അവതരിക്കുകയാണ്. ഏറെ ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് പിന്നീട് ചിത്രം മുന്നേറുന്നത്.
ചെറുപ്പം തിരികെപ്പിടിക്കാൻ മുന്നിൽ തെളിഞ്ഞ മാർഗത്തിലേയ്ക്ക് എലിസബത്ത് നടന്നടുക്കുന്നതോടെ ചിത്രം കൂടുതൽ ഉദ്വേഗഭരിതമാകുന്നുണ്ട്.
പിന്നീട് മനുഷ്യമനസ്സിൻ്റെ സങ്കീർണതകളെ ചൂഷണം ചെയ്യുന്ന ബിസിനസ് തന്ത്രങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. മാറുന്ന മനസ്സിൻ്റെ ചിന്തകളിലൂടെയും ചിത്രം കടന്നുപോകുന്നു.
യൗവനം സ്വന്തമാക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന എലിസബത്ത് തനിക്ക് തെറ്റിപ്പോയെന്ന് മനസ്സിലാക്കുമ്പോഴേക്കും ഏറെ വെെകിയിരുന്നു. പിന്നീട് അരങ്ങേറുന്നത് അവിശ്വസനീയമായ പോരാട്ടങ്ങളുടെ നീണ്ടനിരയാണ്. മാനസിക സംഘർഷങ്ങളുടെ കാണാക്കാഴ്ചകൾ പ്രേക്ഷകനെയാകെ ഉലയ്ക്കുന്നുണ്ട്. കണ്ടിരിക്കാൻ പ്രയാസമുള്ള ദൃശ്യങ്ങളും ഈ ചിത്രത്തിൻ്റെ പ്രധാനഭാഗമാണ്. സയന്‍സ് ഫിക്ഷനും ബോഡി ഹൊററും ചേരുന്ന ചിത്രം സ്വാർത്ഥത നിറഞ്ഞ മനസ്സുകളേയും കാട്ടിത്തരുന്നുണ്ട്.
കോറലി ഫാര്‍ഗെറ്റ് എഴുതി സംവിധാനം ചെയ്ത മനുഷ്യ മനസ്സിൻ്റെ സങ്കീർണതയിലേയ്ക്കുള്ള എത്തിനോട്ടം കൂടിയാണ്. ഡെബി മൂർ, മാർഗരറ്റ് ക്വാളി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടാണ്. സമൂഹത്തിന് നേരെയുള്ള ചൂണ്ടുവിരലായും മാറുന്ന ചിത്രം ശക്തമായ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഉൾപ്പടെ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ചിത്രമാണ് 'ദി സബ്സ്റ്റൻസ്'.
Content Highlights: international film festival of kerala the substance movie review
Published: 19 Dec 2024, 04:42 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented