ജാന്‍ ഡേവിസ് എന്ന കലാകാരന്റെ 'വാട്ടുസി സോംബി' എന്ന പാട്ടിനോട് തോന്നിയൊരിഷ്ടം, അന്നേ മനസ്സില്‍ ഉറപ്പിച്ചു; തന്റെ സിനിമയ്ക്ക് ഈ പേര് മതി. രണ്ടുവര്‍ഷം മുന്‍പാണ് ഈ പാട്ട് കേള്‍ക്കുന്നത്. കേട്ടനിമിഷം തന്നെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ സംഗീതമായിരുന്നു അത്. മനസ്സില്‍ കൊണ്ടുനടന്ന കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരായി തോന്നി. വാട്ടുസി സോംബി എന്ന പാട്ടിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.

To advertise here,

ആദ്യ സിനിമയെക്കുറിച്ച്...

ഒരു കലാക്കൂട്ടായ്മയിലെ അധികം പ്രശസ്തനല്ലാത്ത എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുള്ള ഒരു മൈക്രോ സെലിബ്രിറ്റിയെക്കുറിച്ചുള്ള ഹാസ്യ പശ്ചാത്തലത്തിലുള്ള കഥയാണ് വാട്ടുസി സോംബി. സാമൂഹികമാധ്യമത്തിലൂടെ വളര്‍ന്ന ഒരാള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍, സാമൂഹികമാധ്യമം അയാളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ തമാശ രൂപേണ ഈ സിനിമ ചര്‍ച്ച ചെയ്യുന്നു.

സിനിമയിലേക്കുള്ള ചുവടുവയ്പുകള്‍

കൊച്ചി കേന്ദ്രീകരിച്ച് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന കൂട്ടായ്മയിലൂടെയാണ് സിറിലിന്റെ സിനിമാമോഹങ്ങള്‍ വളര്‍ന്നത്. 13-ാം വയസ്സില്‍ ആദ്യമായി ഹ്രസ്വചിത്രം സംവിധാനം ചെയ്തു. മുന്‍പ് നിരവധി ഹ്രസ്വചിത്രങ്ങള്‍, ക്രിയേറ്റീവ് റീല്‍സുകളൊക്കെ ചെയ്തിരുന്നു. പുതുതലമുറയുടെ സാമൂഹികമാധ്യമ ഉപയോഗത്തിന്റെ സാധ്യതകള്‍ സിനിമയ്ക്ക് ഉപയോഗിക്കാനായി.

സഹോദരനായ അലക്സും സിനിമാമോഹിയാണ്. വാട്ടുസി സോംബി എഡിറ്റ് ചെയ്തതും സഹോദരനാണ്. മുംബൈയില്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് എറണാകുളം കലൂര്‍ സ്വദേശി സിറില്‍. പ്ലസ് ടു പഠനശേഷം ഡിസൈന്‍ എന്‍ട്രന്‍സ് പരിശീലനത്തിനെടുത്ത ഇടവേളയിലാണ് സിനിമ ചിത്രീകരിച്ചത്.