മൊബെെൽ ഫോണിൽ ഷൂട്ട് ചെയ്തൊരു ചിത്രം, പറയുന്നതോ ശക്തമായ രാഷ്ട്രീയം. ആദിത്യ ബേബി സംവിധാനം ചെയ്ത 'കാമദേവൻ നക്ഷത്രം കണ്ടപ്പോൾ' എന്ന ചിത്രത്തെ ഐ.എഫ്.എഫ്.കെയിലെ കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ​സിനിമ മോഹികളായ സുഹൃത്തുക്കളുടെ സംരംഭമാണ് ഈ ചിത്രം. കഴിഞ്ഞ വർഷവും ചലച്ചിത്രമേളയിൽ ഇവരെത്തിയിരുന്നു, 'നീലമുടി' എന്ന ചിത്രവുമായി.

To advertise here,

പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിനിയാണ് സംവിധായികയായ ആദിത്യ ബേബി. 28 ദിവസം കൊണ്ടാണ് ഇവർ സിനിമ പൂർത്തിയാക്കിയത്. 'കാമദേവൻ നക്ഷത്രം കണ്ടപ്പോൾ' എന്ന സിനിമയുടെ വിശേഷങ്ങൾ സംവിധായിക മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു. 

ഈ കാലഘട്ടത്തിൻ്റെ കഥപറയുന്ന ചിത്രം

ഈ കാലഘട്ടത്തിൻ്റെ കഥപറയുന്ന ചിത്രമാണ് 'കാമദേവൻ നക്ഷത്രം കണ്ടപ്പോൾ'. ഹൈപ്പർ സെക്ഷ്വലായ രണ്ട് യുവാക്കളുടെ ഇടയിലേയ്ക്ക് ഒരു പെൺകുട്ടി കടന്നുവരികയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ഒരു പത്രവാർത്തയിൽ നിന്നുമാണ് എനിക്ക് ഈ സിനിമയുടെ ആശയം ലഭിക്കുന്നത്. 

ഒരുപാട് നാളായി സിനിമ ചെയ്യണമെന്ന ആ​ഗ്രഹം ഉള്ളിലുണ്ട്. ആക്ടിങ് ആണ് ഞാൻ പഠിച്ചതെങ്കിലും സംവിധാനം ഒരു മോഹമായി ഉള്ളിലുണ്ടായിരുന്നു. ഒരു പത്രവാർത്ത കണ്ടപ്പോൾ ഇത് ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് തോന്നി.

ഐഫോണിൽ ചിത്രീകരണം, ചുരുങ്ങിയ ദിവസത്തെ ഷൂട്ട്

സാമ്പത്തിക പ്രതിസന്ധി കാരണമാണ് മൊബെെലിൽ സിനിമ ചിത്രീകരിക്കാൻ തീരുമാനിച്ചത്. ഫോണിൽ ചെയ്തതിനാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചു. ഐഫോണിൽ ചിത്രീകരിക്കുന്നതിൻ്റെ സാധ്യത മനസ്സിലാക്കിയതോടെ അത് മതിയെന്ന് തീരുമാനിച്ചു.  

കഴിഞ്ഞ വർഷം 'നീലമുടി', ക്യാമറയ്ക്ക് മുന്നിലും പിന്നിലും 

കഴിഞ്ഞ വർഷം 'നീലമുടി' എന്ന ചിത്രവുമായി ഞങ്ങളെത്തി. അതേ ടീം തന്നെ ഈ ചിത്രത്തിലുണ്ട്. കുറച്ചുകൂടി വലിയ ചിത്രമായതിനാൽ താരങ്ങളുടെ എണ്ണവും കൂടി. ഡ്രാമ സ്കൂളിലാണ് ഞാൻ പഠിച്ചത്. അവിടെ നിന്നുള്ള സുഹൃത്തൾ തന്നെയാണ് കൂടെയുള്ളത്. 

ഞങ്ങൾക്ക് ഒരു ടീം ആയി ഐ.എഫ്.എഫ്.കെയിൽ വന്നുനിൽക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. കഴിഞ്ഞ വർഷം അഭിനേത്രിയായി എത്തി. ഇക്കൊല്ലം സംവിധായികയായിട്ട് ഇവിടെ നിൽക്കാൻ സാധിച്ചു. സ്ത്രീ പ്രാതിനിധ്യമാണ് ഈ ഐ.എഫ്.എഫ്.കെയുടെ പ്രത്യേകത. ഇത്തരം വേദികളാണ് ഞങ്ങളെപ്പോലുള്ളവരെ വളരാൻ സഹായിക്കുന്നത്.