തിരുവനന്തപുരം: കേരളത്തിലെ പ്രേക്ഷകര്‍ പക്വതയുള്ളവരാണെന്നും സിനിമയിലെ നഗ്നരംഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ചെറിയൊരു വിഭാഗം മാത്രമാണെന്നും സംവിധായിക പായല്‍ കപാഡിയ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അവര്‍. മേളയിലെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് പായലിനാണ്. കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ പായലിന്റെ 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) മേളയില്‍ പ്രദര്‍ശിപ്പിച്ചു.

To advertise here,

'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി'ലെ നഗ്‌നരംഗങ്ങള്‍ വിവാദമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ പ്രേക്ഷകരോട് നീതി പുലര്‍ത്തേണ്ടതുണ്ടെന്ന് പായല്‍ കപാഡിയ പറഞ്ഞു. കേരളത്തിലെ പ്രേക്ഷകര്‍ സിനിമയെ മറ്റൊരു രീതിയില്‍ നോക്കിക്കാണുന്നവരാണെന്ന് കരുതുന്നില്ല. ആധുനികതയും പരമ്പരാഗത സദാചാരബോധവും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. അതുതന്നെയാണ് ഈ വിവാദത്തിലും കാണാനാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐ.എഫ്.എഫ്.കെ. പ്രേക്ഷകര്‍ 'സ്‌പെഷ്യല്‍'

ഐ.എഫ്.എഫ്.കെയിലെ പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമാണ്. ആദ്യമായാണ് ചലച്ചിത്രമേളയ്ക്ക് എത്തുന്നത്. മുമ്പ് ഡോക്യുമെന്ററികളുമായി ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിന് (ഐ.ഡി.എസ്.എഫ്.എഫ്.കെ.) വന്നിട്ടുണ്ട്. അതിനാല്‍ ഐ.ഡി.എസ്.എഫ്.എഫ്.കെയുമായാണ് കൂടുതല്‍ ബന്ധം. കേരളത്തിലെ ചലച്ചിത്രമേള പ്രേക്ഷകര്‍ സ്‌പെഷ്യലാണ്. ഇത്രയധികം യുവാക്കള്‍ സിനിമ കാണാനെത്തുന്നതില്‍ വലിയ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്ക് സിനിമയെ കുറിച്ച് ചര്‍ച്ചചെയ്യാനുള്ള ഇടമൊരുക്കുന്നു എന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത.

മേളയിലെ സ്ത്രീസാന്നിധ്യം ഉജ്ജ്വലം

മേളയില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്ന 172 ചിത്രങ്ങളില്‍ 52 എണ്ണം വനിതാ സംവിധായകരുടേതാണെന്നതും ഫെസ്റ്റിവല്‍ ക്യൂറേറ്ററും (ഗോള്‍ഡ സെല്ലം) ജൂറി ചെയര്‍പേഴ്‌സണും (ആഗ്‌നസ് ഗൊദാര്‍ദ്) ഉള്‍പ്പെടെയുള്ളവര്‍ വനിതകളാണെന്നതും വലിയ പ്രചോദനമാണ് നല്‍കുന്നത്. ഇങ്ങനെയൊരു മാറ്റത്തിനായാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. സെലക്ഷന്‍ കമ്മിറ്റിയിലും ജൂറിയിലും ലിംഗ-ജാതി പ്രാതിനിധ്യമുണ്ടായാല്‍ത്തന്നെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകുന്നത് കാണാനാകും.

അംഗീകാരങ്ങള്‍ സമ്മര്‍ദമുണ്ടാക്കുന്നില്ല

'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി'ന് ലഭിക്കുന്ന അംഗീകാരങ്ങള്‍ ഒരുതരത്തിലും എനിക്ക് സമ്മര്‍ദമുണ്ടാക്കുന്നില്ല. സത്യത്തില്‍, പല പുരസ്‌കാരങ്ങളെ കുറിച്ചും അത് ലഭിക്കുമ്പോഴാണ് ഞാനറിയുന്നതുതന്നെ. അവയോരോന്നും എനിക്ക് പുതിയ പാഠങ്ങളാണ് നല്‍കുന്നത്. മാത്രമല്ല, അത് മറ്റു രാജ്യങ്ങളിലെ സിനിമയുടെ വിതരണത്തെയും വലിയ തോതില്‍ സഹായിക്കുന്നുണ്ട്. പുരസ്‌കാരങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കും. അതല്ലെങ്കില്‍ അവിടത്തെ താരങ്ങളുടെ ചിത്രത്തിനൊപ്പം നമുക്ക് പിടിച്ചുനില്‍ക്കാനാവില്ല.