പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയ്ക്ക് തുടക്കമായി. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ സവര്‍ക്കറുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗവും വ്യാഴാഴ്ച പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.

To advertise here,

കാന്‍ ചലച്ചിത്രമേളയിലടക്കം അന്താരാഷ്ട്ര തലത്തില്‍ ഒട്ടേറെ ശ്രദ്ധ നേടിയ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റും ഇന്നലെ അക്കൊളേഡ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. രാവിലെ തന്നെ ചിത്രം കാണാന്‍ എത്തിയവരുടെ നീണ്ട നിര തിയറ്ററില്‍ കാണാമായിരുന്നു. 

മുംബൈയില്‍ ഭര്‍ത്താവുമായി അകന്ന് കഴിയുന്ന പ്രഭ എന്ന നഴ്‌സിന് ഭര്‍ത്താവില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിക്കുമ്പോള്‍ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രഭയുടെ ദൈനംദിന ജീവിതവും കൂടെ താമസിക്കുന്ന അനുവും കാമുകനും അവര്‍ക്ക് അടുത്തിടപഴകാന്‍ മുംബൈ നഗരത്തില്‍ തന്നെ ഒരു സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു തീരപ്രദേശ ഗ്രാമത്തിലേക്കുള്ള അവരുടെ യാത്ര എങ്ങനെ അവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മെറിയം ജൂബര്‍ സംവിധാനം ചെയ്ത ടുണീഷ്യന്‍ കനേഡിയന്‍ ചിത്രം ഹൂ ഡു ഐ ബിലോങ് ടു ആണ് അന്ത്രാരാഷ്ട്ര മത്സരവിഭാഗത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയത്. മകന്‍ യുദ്ധത്തിന് പോയി മടങ്ങി വന്ന ശേഷം ഗ്രാമത്തിലുടനീളം പലതരം കുഴപ്പങ്ങള്‍ അഴിച്ചുവിടുന്നു. അത്തരത്തില്‍ മാതൃസ്‌നേഹത്തിനും സത്യത്തിനായുള്ള അവരുടെ അന്വേഷണത്തിനും ഇടയില്‍ കുടുങ്ങിയപ്പോകുന്ന ഒരു ടുണീഷ്യന്‍ വനിതയുടെ കഥ പറയുന്ന ചിത്രമാണ് ഹൂ ഡു ഐ ബിലോങ് ടു.

പാനല്‍ ഡിസ്‌കഷന്‍ വിഭാഗത്തില്‍ 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷത്തില്‍ സുഹാസിനി മണിരത്‌നം, ഭൂമി പെഡ്‌നെക്കര്‍, ഇംതിയാസ് അലി, ഖുഷ്ബു സുന്ദര്‍, വാണി ത്രിപാഠി ടിക്കൂ എന്നിവര്‍ സംസാരിച്ചു. സ്ത്രീകളെ മികച്ച രീതിയില്‍ പിന്തുണയ്ക്കാനും ശാക്തീകരിക്കാനും സിനിമാ വ്യവസായത്തിന് എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളും അനുഭവങ്ങളും പാനല്‍ലിസ്റ്റുകള്‍ പങ്കുവെച്ചു. സിനിമയിലെ സ്ത്രീകള്‍ക്ക് പീഡനമോ ചൂഷണമോ ഇല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സോഫി ഡെറാസ്‌പെ സംവിധാനം ചെയ്ത ഫ്രെഞ്ച് ചിത്രം ഷെപ്പേഡ്‌സ്, ലോഫ്തി അച്ചേര്‍ സംവിധാനം ചെയ്ത അറബിക് ചിത്രം റെഡ് പാത്ത് എന്നിവ ഇന്ന് പ്രദര്‍ശനത്തിനെത്തും. ഇന്ത്യന്‍ പനോരമയില്‍ അര്‍ഫാസ് ആയൂബ് സംവിധാനം ചെയ്ത് ആസിഫ് അലി, അമല പോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയാളചിത്രം ലെവല്‍ ക്രോസ്, ട്വല്‍വ്ത് ഫെയില്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.