പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി സൗളി ബിലുവെെറ്റെ സംവിധാനം ചെയ്ത ലിത്വാനിയൻ ചിത്രം 'ടോക്സിക്'. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസ്സിക്ക് നൽകി.

To advertise here,

'ഹോളി കൗ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്ലമന്റ് ഫാവോ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ടോക്സിക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് വെസ്റ്റ മറ്റുലായിറ്റെയും ലെവ റുപകായിറ്റെയും മികച്ച നടിമാരായി. 'ദി ന്യൂ ഇയർ ദാറ്റ്‌ നെവർ കേം' എന്ന ചിത്രത്തിലൂടെ ബോഗ്ദൻ മുറാസെന്നു മികച്ച സംവിധായകനായി. ലൂയിസ് കര്വോസിയർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം 'ഹോളി കൗ'വിന് ആണ് പ്രത്യേക ജൂറി പരാമർശം.

നവ്ജോത് ബന്ധിവാടേക്കർ ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ചിത്രം 'ഗരത് ഗണപതി'. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം ലെവൻ ആറ്റ്കിൻ സംവിധാനം ചെയ്ത 'ക്രോസ്സിങ്' എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച വെബ് സീരീസായി 'ലംപൻ' തിരഞ്ഞെടുത്തു. നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സാറ ഫ്രീഡലൻഡ് സംവിധാനം ചെയ്ത 'ഫെമിലിയർ ടച്ചിന്' ലഭിച്ചു. 

മോഡലാകാൻ കൊതിക്കുന്ന മരിജയും ക്രിസ്റ്റീനയും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥയാണ് 'ടോക്‌സിക്'. അമ്മ ഉപേക്ഷിച്ചുപോയ പതിമൂന്നുകാരിയായ മരിജ മുത്തശ്ശിയോടൊപ്പം ഒരു ഇൻഡസ്ട്രിയൽ നഗരത്തിലാണ് താമസം.   സമപ്രായക്കാരിയായ ക്രിസ്റ്റീനയുമായി അവൾ സൗഹൃദത്തിലാകുന്നു. ഇരുവരും ഒരു മോഡലിംഗ് സ്കൂളിൽ ചേരുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന, കണ്ടിരിക്കാനാകാത്ത തരത്തിൽ മോഡലിങ്ങിന്റെ ഇരുണ്ട വശത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ കഥ.

ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോയത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചര മണിമുതൽ തുടങ്ങിയ സമാപന ചടങ്ങുകളിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വിക്രാന്ത് മാസ്സി, പ്രതീക് ഗാന്ധി, രശ്മിക മന്ദാന എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങുകളിൽ തെന്നിന്ത്യൻ താരം അല്ലു അർജുൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം അവസാന നിമിഷം പിൻവാങ്ങി. സ്ലൊവാക്യൻ ചിത്രം 'ഡ്രെെ സീസൺ' ആയിരുന്നു മേളയുടെ സമാപന ചിത്രം. ബോഹ്ഡൻ സ്ലാമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.