
പനജി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഫിലിം ബസാറിലെ പ്രഥമ കോ-പ്രൊഡക്ഷൻ മാർക്കറ്റിൽ പുരസ്കാരം സ്വന്തമാക്കി മലയാള ചിത്രം കൊതിയൻ (ഫിഷേഴ്സ് ഓഫ് മെൻ). സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിനാണ് കോ-പ്രൊഡക്ഷൻ മാർക്കറ്റ് ഫീച്ചർ ക്യാഷ് ഗ്രാന്റിന്റെ ഭാഗമായി രണ്ടാം സമ്മാനം ലഭിച്ചത്. പ്രമോദ് ശങ്കറാണ് ചിത്രത്തിന്റെ നിർമാതാവ്. 5,000 ഡോളർ ക്യാഷ് ഗ്രാൻ്റാണ് സമ്മാനത്തുക. പായൽ സേതി സംവിധാനം ചെയ്യാനിരിക്കുന്ന കുറിഞ്ഞി (The Disappearing Flower) ആണ് ഒന്നാം സമ്മാനം ലഭിച്ച ചിത്രം. മൂന്നാം സമ്മാനം പ്രാഞ്ജൽ ദുവ സംവിധാനം ചെയ്യാനിരിക്കുന്ന ‘ഓൾ ടെൻ ഹെഡ്‌സ് ഓഫ് രാവണ’നാണ് ലഭിച്ചത്. ചലച്ചിത്ര പ്രവർത്തകരിൽ നിന്നുള്ള മികച്ച പിച്ചുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫിലിം ബസാറിൽ കോ-പ്രൊഡക്ഷൻ മാർക്കറ്റ് സംഘടിപ്പിക്കുന്നത്.
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കൊതിയൻ എന്ന ചിത്രത്തിന്റെ ബാക്കി നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സംവിധായകൻ സഞ്ജു സുരേന്ദ്രൻ മാതൃഭൂമിയോട് പറഞ്ഞു. സിനിമയുടെ മൂന്ന് ഷോട്ടുകളടങ്ങിയ മുന്ന് മിനിട്ട് ദെെർഖ്യം വരുന്ന രംഗവും സംവിധായകന്റെയും നിർമാതാവിന്റെയും പിച്ച് വീഡിയോകളുമാണ് ഫിലിം ബസാറിൽ പ്രദർശിപ്പിച്ചത്. ഇതിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇതുകൂടാതെ സഹ-നിർമ്മാണത്തിൽ സജീവമായ ഇന്ത്യൻ, അന്തർദേശീയ നിർമ്മാതാക്കൾ, വിതരണക്കാർ, സെയിൽസ് ഏജൻ്റുമാർ, ഫിനാൻസിയർമാർ എന്നിവരുമായി ബന്ധപ്പെടുന്നതിനും ഫിലിം ബസാറിലൂടെ നിരവധി അവസരം ലഭിക്കും.
ചലച്ചിത്ര പ്രവർത്തകരുടെ ക്രിയേറ്റിവിറ്റിയും കലയോടുള്ള അഭിനിവേശവും ആഘോഷിക്കപ്പെടുന്ന വേദിയായിട്ടുള്ള ഫിലിം ബസാറിലേക്ക് ഓരോ തവണയും കൂടുതൽ എന്റ്രികൾ ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് NFDC മാനേജിംഗ് ഡയറക്ടർ പൃഥുൽ കുമാർ പറഞ്ഞു.
ഇന്ത്യൻ സിനിമയെയും ലോകസിനിമയെയും ബന്ധിപ്പിക്കുന്ന പാലമായാണ് ഫിലിം ബസാർ പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സിനിമാ നിർമ്മാതാക്കൾക്കും പ്രൊഫഷണലുകൾക്കും മികച്ച കഥകളെയും പ്രതിഭകളെയും കണ്ടെത്താൻ ബസാർ സഹായിക്കുന്നു. അതുപോലെ തന്നെ മികച്ച പ്രതിഭകൾക്ക് തങ്ങളുടെ പ്രതിഭ പുറത്തെടുക്കാനുള്ള അവസരവും ലഭിക്കുന്നു. ദക്ഷിണേഷ്യൻ തീമുകളുള്ള ക്യൂറേറ്റഡ് പ്രോജക്റ്റുകൾക്കുള്ള ഒരു പ്ലാറ്റ്‌ഫോമാണ് കോ-പ്രൊഡക്ഷൻ മാർക്കറ്റ്. സിനിമാപ്രവർത്തകർക്ക് സാമ്പത്തികവും കലാപരവുമായ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഇത്. എല്ലാ വർഷവും കോ-പ്രൊഡക്ഷൻ മാർക്കറ്റിൽ തിരഞ്ഞെടുത്ത പ്രൊജക്ടുകൾക്ക് ഇൻ്റർനാഷണൽ കോ-പ്രൊഡക്ഷനുകൾക്കുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുമുള്ള മികച്ച നിലവാരമുള്ള ഒരു കൂട്ടം സിനിമകൾ ഫിലിം ബസാറിൽ പ്രദർശിപ്പിച്ചു. വിതരണ സഹായവും ധനസഹായവും തേടുന്ന ചലച്ചിത്ര നിർമ്മാതാക്കളുടെ ഒരു നിർണായക കേന്ദ്രമായാണ് ബസാറിലെ വ്യൂവിംഗ് റൂം രൂപകൽപ്പന ചെയ്‌തത്. പൂർത്തിയായതോ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലോ ഉള്ള സിനിമകളായിരുന്നു നവംബർ 21 മുതൽ 24 വരെ വ്യൂവിംഗ് റൂമിൽ പ്രദർശിപ്പിച്ചത്.
Content Highlights: Sanju Surendrans Kothiyan Wins Award at Film Bazaar CoProduction Market
Published: 28 Nov 2024, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented