
കൊൽക്കത്ത: വെസ്റ്റ് ഇൻഡീസും സ്‌കോട്ട്‌ലൻഡും തമ്മിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സ്‌കോട്ട്‌ലൻഡ്18.5 ഓവറിൽ 147 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ വിൻഡീസിന് 35 റൺസിന്റെ ജയം.
വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിന്റെ ഹാട്രിക് പ്രകടനമാണ് സ്‌കോട്ട്‌ലൻഡിനെ തകർത്തത്. ജേസൺ ഹോൾഡർ മൂന്നുവിക്കറ്റും നേടി. മൂന്നോവറിൽ 20 റൺസ് വഴങ്ങിയാണ് ഷെപ്പേർഡിന്റെ അഞ്ചുവിക്കറ്റ് നേട്ടം. സ്‌കോട്ട്‌ലൻഡിനായി ക്യാപ്റ്റൻ റിച്ചി ബെറിങ്ടൺ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 24പ ന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 42 റൺസാണ് താരം നേടിയത്. ടോം ബ്രീസ് (35 റൺസ്), ജോർജ് മുൻസി (19) എന്നിവരും പൊരുതി.
ഷെപ്പേർഡിന്റെ സ്‌പെല്ലാണ് കളിയുടെ ഗതി മാറ്റിയത്. മൈക്കൽ ലീസ്‌ക്, ഒലിവർ ഡേവിഡ്‌സൺ, സുഫിയാൻ ഷരീഫ് എന്നിവരെ പൂജ്യത്തിന് പുറത്താക്കി ഷെപ്പേർഡ് 17-ാം ഓവറിൽ ഹാട്രിക് നേടുകകൂടി ചെയ്തു. ഓവറിലാകെ നാലുവിക്കറ്റുകളാണ് നേടിയത്.
നേരത്തേ 183 റൺസ് വിജയലക്ഷ്യമുയർത്തിയിരുന്നു വെസ്റ്റ് ഇൻഡീസ്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത സ്‌കോട്ട്ലൻഡ് ക്യാപ്റ്റന്റെ തീരുമാനം തുടക്കത്തിൽ ശരിയാണെന്ന് തോന്നിച്ചെങ്കിലും, മധ്യനിരയിൽ ഷിമ്രോൺ ഹെറ്റ്മെയർ നടത്തിയ ബാറ്റിങ് വിസ്മയമാണ് വിൻഡീസിനെ ശക്തമായ നിലയിലെത്തിച്ചത്. നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് വിൻഡീസിന്റെ സമ്പാദ്യം.
36 പന്തിൽ 6 സിക്‌സറുകളുടെയും 2 ഫോറിന്റെയും അകമ്പടിയോടെ 64 റൺസ് നേടി ഹെറ്റ്മയർ ടീമിന്റെ ടോപ് സ്‌കോററായി. ഓപ്പണിങ്ങിൽ 30 പന്തിൽ 35 റൺസുമായി ബ്രാൻഡൻ കിങ് ഭേദപ്പെട്ട തുടക്കം നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച ഷെർഫെയ്ൻ റുഥർഫോർഡ് 13 പന്തിൽ 26 റൺസ് നേടി. 14 പന്തിൽ 24 റൺസുമായി റോവ്മാൻ പവലും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചതോടെ ടീം ഭേദപ്പെട്ട നിലയിലെത്തി.
സ്‌കോട്ട്ലൻഡിനായി ബ്രാഡ് ക്യൂറി രണ്ട് വിക്കറ്റുകൾ നേടി. ഒലിവർ ഡേവിഡ്‌സൺ, മൈക്കൽ ലീസ്‌ക്, സുഫിയാൻ ഷരീഫ് എന്നിവർ ഓരോ വിക്കറ്റും നേടി.
Published: 07 Feb 2026, 06:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented