ലാഹോർ: ഇന്ത്യക്കെതിരായ പാകിസ്താന്റെ തുടർച്ചയായ തോൽവി പാകിസ്താനിലെ മുൻതാരങ്ങളെയടക്കം ചൊടിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച നേടിയ 61 റൺസ് ജയം ഇന്ത്യ പാകിസ്താനെതിരേ നേടുന്ന തുടർച്ചയായ നാലാം ജയമാണ്. പാകിസ്താന്റെ പ്രകടനത്തിലെ ഈ ദൗർബല്യത്തിന് പാക് ക്രിക്കറ്റ് ബോർഡിലെ രാഷ്ട്രീയവത്കരണം, പരിശീലകരോടുള്ള പെരുമാറ്റം എന്നിങ്ങനെ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2021-ൽ ദുബായിൽ ഇന്ത്യയെ പത്തുവിക്കറ്റിന് തകർത്തത് മുതൽ ടീമിൽ അഹങ്കാരം കടന്നുകൂടിയെന്നാണ് മുൻ ക്യാപ്റ്റൻ മുഹമ്മദ് യൂസഫ് അഭിപ്രായപ്പെടുന്നത്.

To advertise here,

2021-ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ ആദ്യ ജയം നേടിയത് മുതൽ പാകിസ്താൻ ടീമിന്റെ തകർച്ച ആരംഭിച്ചെന്നും തങ്ങളെക്കാൾ മികച്ച മറ്റാരുമില്ലെന്ന് ടീമംഗങ്ങൾ ചിന്തിക്കാൻ തുടങ്ങിയെന്നും യൂസഫ് പറഞ്ഞു. അതോടെ എല്ലാവരും അനാദരവുള്ളവരായി. തങ്ങളെ വെല്ലാൻ ആരുമില്ലെന്ന ചിന്തയിൽ പരിശീലകർ സംസാരിക്കുമ്പോൾ താരങ്ങൾ ഫോണിൽ നോക്കിയിരിക്കാനും അനാദരവ് കാട്ടാനും തുടങ്ങിയെന്നും യൂസഫ് ആരോപിക്കുന്നു.

ഇൻസമാമുൾ ഹഖ്, സയീദ് അൻവർ തുടങ്ങിയവർ വലിയ താരങ്ങളായിരുന്നിട്ടും പരിശീലകരെ ബഹുമാനിച്ചിരുന്നുവെന്നും ഇന്നത്തെ താരങ്ങൾക്ക് ആ ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാബർ അസമിന്റെ ബാറ്റിങ് സാങ്കേതികത മോശമായിട്ടുണ്ട്. ബാബറിനെ ടീമിൽനിന്ന് മാറ്റാൻ താൻ നിർദേശിച്ചിരുന്നു. എന്നാൽ, അധികൃതരുടെ സമ്മർദംമൂലം അതിന് സാധിച്ചില്ല. ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് താൻ ബാറ്റിങ് പരിശീലകസ്ഥാനം രാജിവെച്ചതെന്നും യൂസഫ് കൂട്ടിച്ചേർത്തു.