മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ വമ്പൻ അട്ടിമറിയിൽനിന്ന് ഇംഗ്ലണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു. അവസാന ഓവറിൽ നേപ്പാളിന് ജയിക്കാൻ പത്തുറൺസ് വേണമായിരുന്നു. അളന്നുമുറിച്ച യോർക്കറുകളിൽ നേപ്പാൾ ബാറ്റർമാരെ തളച്ച സാം കറൻ വിട്ടുനൽകിയത് അഞ്ചുറൺസ് മാത്രം. ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് സി-യിൽ ഇംഗ്ലണ്ടിന്റെ ജയം നാലുറൺസിന്. സ്‌കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 184/7. നേപ്പാൾ 180/6. 18 പന്തിൽ 39 റൺസും ഒരു വിക്കറ്റും നേടിയ ഇംഗ്ലണ്ടിന്റെ വിൽ ജാക്സ് കളിയിലെ താരമായി.
185 റൺസ് ലക്ഷ്യവുമായിറങ്ങിയ നേപ്പാളിന്റെ പദ്ധതി കൃത്യമായിരുന്നു. രണ്ടാം ഓവറിൽ ജോഫ്ര ആർച്ചർക്കെതിരേ ഓപ്പണർ കുശാൽ ഭുർട്ടൽ മൂന്നു ഫോർ ഉൾപ്പെടെ 14 റൺസെടുത്തതോടെ അത് വ്യക്തമായി. 17 പന്തിൽ 29 റൺസ് ചേർത്ത് ഭുർട്ടൽ മടങ്ങിയശേഷം ദീപേന്ദ്ര സിങ് ഐരിയും ക്യാപ്റ്റൻ രോഹിത് പൗദലും ചേർന്ന് മൂന്നാം വിക്കറ്റിൽ 54 പന്തിൽ 82 റൺസ് ചേർത്തു. ഇരുവരും ക്രീസിലുള്ളപ്പോൾ ജയിക്കാൻ അവസാന ആറോവറിൽ 63 റൺസ് മതിയായിരുന്നു. 15-ാം ഓവറിൽ സാം കറൻ ദീപേന്ദ്ര സിങ്ങിനെ (29 പന്തിൽ 44) പുറത്താക്കി. അടുത്ത ഓവറിൽ ലിയാം ഡൗസൺ രോഹിത്തിനെയും (34 പന്തിൽ 39) മടക്കി. എട്ടുപന്തുകൾക്കിടെയാണ് രണ്ടുപേരും മടങ്ങിയത്.
ആറാമനായ ലോകേഷ് ബാം (20 പന്തിൽ 39*) കളി വീണ്ടും നേപ്പാളിനനുകൂലമാക്കി. 18-ാം ഓവറിൽ ജോഫ്ര ആർച്ചറിനെതിരേ ലോകേഷിന്റെ രണ്ടു സിക്സ് ഉൾപ്പെടെ 22 റൺസ് എടുത്തതോടെ അട്ടിമറിമണത്തു. അവസാന രണ്ടോവറിൽ വേണ്ടത് 24 റൺസ്. ലൂക്ക് വുഡ് എറിഞ്ഞ 19-ാം ഓവറിൽ രണ്ടു ഫോർ ഉൾപ്പെടെ 14 റൺസ് വന്നെങ്കിലും അവസാനപന്തിൽ ഗുൽസൻ ഝാ (1) ഔട്ടായി. അവസാന ഓവറിൽ അഞ്ചുറൺ മാത്രം വിട്ടുനൽകിയ സാം കറൻ ആകെ നാലോവറിൽ 27 റൺസിന് ഒരു വിക്കറ്റും ലിയാം ഡൗസൺ 21 റൺസിന് രണ്ടുവിക്കറ്റും നേടി. ജോഫ്ര ആർച്ചർ 42 റൺസ് വഴങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനുവേണ്ടി വൺഡൗൺ ബാറ്റർ ജേക്കബ് ബേത്തൽ (35 പന്തിൽ 55), ക്യാപ്റ്റൻ ഹാരി ബ്രൂക് (32 പന്തിൽ 53) എന്നിവർ അർധസെഞ്ചുറി നേടി. അവസാന ഘട്ടത്തിൽ വിൽ ജാക്സിന്റെ (18 പന്തിൽ 39*) വെടിക്കെട്ടില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ.
Content Highlights: Former champions England survived a scare against Nepal, winning by just four runs in a thrilling T20 World Cup encounter. Read match highlights and analysis.
Published: 09 Feb 2026, 06:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented