കാഠ്മണ്ഡു: നേപ്പാള്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഐ.പി.എല്‍. മുന്‍ താരവുമായ സന്ദീപ് ലാമിച്ചന് വീണ്ടും വിസ നിഷേധിച്ച് യു.എസ്. എംബസി. ഇതോടെ ലാമിച്ചന് നേപ്പാളിനൊപ്പം ടി20 ലോകകപ്പ് കളിക്കാനാവില്ല. പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ലാമിച്ചയുടെ ലോകകപ്പ് പ്രതീക്ഷയടഞ്ഞത്. രണ്ടാം തവണയാണ് ലാമിച്ചയുടെ വിസാ അപേക്ഷ തള്ളിക്കളയുന്നത്. 

To advertise here,

നേപ്പാള്‍ സര്‍ക്കാരും നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനും ലാമിച്ചനയെ പിന്തുണച്ച് വിസാനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. യാത്രാനുമതി നല്‍കാനാവില്ലെന്ന് യു.എസ്. എംബസി നേപ്പാള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ ലാമിച്ചനയ്ക്ക് ലോകകപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് ഏറക്കുറെ ഉറപ്പായി. 

യു.എസ്.എ.യിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് ശനിയാഴ്ചയാണ് ആരംഭിക്കുക. ജൂണ്‍ നാലിന് ഡാലസില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് നേപ്പാളിന്റെ ആദ്യമത്സരം. 

2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് പെണ്‍കുട്ടിയെ ലാമിച്ചന ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ ലാമിച്ചനയെ അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ ജനുവരി 13-ന് പഠാന്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ.പി.എലില്‍ 2018-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി അരങ്ങേറിയിട്ടുണ്ട് ലാമിച്ചന. നേപ്പാള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ബൗളറുമായ താരം ഐ.പി.എലിനു പുറമേ ബഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപര്‍ ലീഗ്, സി.പി.എല്‍ എന്നിവയിലും കളിച്ചിട്ടുണ്ട്.