കാഠ്മണ്ഡു: നേപ്പാള്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഐ.പി.എല്‍. മുന്‍ താരവുമായ സന്ദീപ് ലാമിച്ചന്‍ ടി20 ലോകകപ്പിനുള്ള നേപ്പാള്‍ ടീമിനൊപ്പം ചേരും. പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ലാമിച്ചനയ്ക്ക് യു.എസിലേക്ക് വിസ നിഷേധിച്ചിരുന്നു. ഇതോടെ യു.എസ്.എ.യുമായുള്ള മത്സരം നഷ്ടമായി. 

To advertise here,

നേപ്പാള്‍ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം ചേരുന്നതിനായും ടി20 ലോകകപ്പ് കളിക്കുന്നതിനായും സന്ദീപ് ലാമിച്ചനെ വെസ്റ്റ് ഇന്‍ഡീസിലേക്ക് പുറപ്പെടുമെന്ന് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പരസ് ഖഡ്ക പ്രസ്താവനയില്‍ അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന നേപ്പാളിന്റെ രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ടീമിനൊപ്പം ചേരുകയാണെന്നറിയിച്ച് ലാമിച്ചനയും രംഗത്തെത്തി. 

ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് യു.എസ്. രണ്ടുതവണ ലാമിച്ചനയ്ക്ക് വിസ നിഷേധിച്ചിരുന്നു. നേപ്പാള്‍ സര്‍ക്കാരും നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനും ലാമിച്ചനയെ പിന്തുണച്ച് വിസാനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. യാത്രാനുമതി നല്‍കാനാവില്ലെന്ന് യു.എസ്. എംബസി നേപ്പാള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ ലാമിച്ചനയ്ക്ക് യു.എസില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാവാതെ വന്നു. 

2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് പെണ്‍കുട്ടിയെ ലാമിച്ചന ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ ലാമിച്ചനയെ അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ ജനുവരി 13-ന് പഠാന്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ.പി.എലില്‍ 2018-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി അരങ്ങേറിയിട്ടുണ്ട് ലാമിച്ചന. നേപ്പാള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ബൗളറുമായ താരം ഐ.പി.എലിനു പുറമേ ബഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപര്‍ ലീഗ്, സി.പി.എല്‍ എന്നിവയിലും കളിച്ചിട്ടുണ്ട്.