ഹൈദരാബാദ്: 2023 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പാകിസ്താന്‍. ശ്രീലങ്കയ്‌ക്കെതിരേ ആറ് വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സെന്ന സാമാന്യം വലിയ വിജയലക്ഷ്യം 48.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാക് ടീം മറികടന്നു. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.
സെഞ്ചുറി നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്വാന്റെയും പ്രകടനമാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. കടുത്ത പേശീവലിവ് അനുഭവപ്പെട്ടിട്ടും ക്രീസില്‍ തുടര്‍ന്ന് 121 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 131 റണ്‍സോടെ പുറത്താകാതെ നിന്ന റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.
ലങ്ക ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്കുള്ള പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് (12) പുറത്ത്. പിന്നാലെ 10 റണ്‍സ് മാത്രമെടുത്ത് ക്യാപ്റ്റന്‍ ബാബര്‍ അസമും പുറത്തായതോടെ ആരാധകര്‍ ഞെട്ടി. സമീപകാലത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ബാബറിന് ലേകകപ്പിലെ നിര്‍ണായക മത്സരത്തിലും അതിന് സാധിച്ചില്ല.
എന്നാല്‍ പിന്നീടായിരുന്നു പാകിസ്താന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ കൂട്ടുകെട്ടിന്റെ പിറവി. അബ്ദുള്ള ഷഫീഖിനൊപ്പം മുഹമ്മദ് റിസ്വാനും ചേര്‍ന്നതോടെ പാകിസ്താന്‍ പതിയെ തകര്‍ച്ചയെ മറികടന്നു. മെല്ലെത്തുടങ്ങി, നിലയുറപ്പിച്ച ശേഷം ഗിയര്‍മാറ്റിയ ഈ സഖ്യം 176 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം 34-ാം ഓവറിലാണ് പിരിയുന്നത്. 103 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം 113 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിനെ പുറത്താക്കി മതീഷ പതിരണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ സൗദ് ഷക്കീലിനെ കൂട്ടുപിടിച്ച് റിസ്വാന്‍ പാക് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 95 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ടില്‍ 30 പന്തില്‍ നിന്ന് 31 റണ്‍സായിരുന്നു ഷക്കീലിന്റെ സംഭാവന. ഷക്കീല്‍ പുറത്തായ ശേഷം ഇഫ്തിഖര്‍ അഹമ്മദിനെ (22) കൂട്ടുപിടിച്ച് റിസ്വാന്‍ പാകിസ്താനെ വിജയത്തിലെത്തിച്ചു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മെന്‍ഡിസിന്റെയും സമരവിക്രമയുടെയും സെഞ്ചുറിക്കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തിരുന്നു.
ആദ്യ ഓവറില്‍ കുശാല്‍ പെരേരയെ (0) നഷ്ടമായതിനു പിന്നാലെ സ്റ്റേഡിയം സാക്ഷിയായത് ലങ്കയുടെ ബാറ്റിങ് വിരുന്നിനായിരുന്നു. രണ്ടാം വിക്കറ്റില്‍ പതും നിസ്സങ്ക - മെന്‍ഡിസ് സഖ്യം 105 റണ്‍സിന്റെ കൂട്ടുകെട്ടോടെ ലങ്കന്‍ ഇന്നിങ്സിന് കുതിപ്പേകി. 61 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമടക്കം 51 റണ്‍സെടുത്ത നിസ്സങ്ക 18-ാം ഓവറില്‍ മടങ്ങിയെങ്കിലും ലങ്ക കിതച്ചില്ല.
മൂന്നാം വിക്കറ്റില്‍ മെന്‍ഡിസിനൊപ്പം സമരവിക്രമ ചേര്‍ന്നതോടെ ലങ്കന്‍ സ്‌കോര്‍ബോര്‍ഡില്‍ അതിവേഗം റണ്‍സെത്തി. 111 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. വെറും 77 പന്തില്‍ നിന്ന് 14 ഫോറും ആറ് സിക്സും പറത്തിയ കുശാല്‍ മെന്‍ഡിസ് 122 റണ്‍സെടുത്തു. പിന്നാലെ ചരിത് അസലങ്കയെ (1) പെട്ടെന്ന് നഷ്ടമായെങ്കിലും പിന്നീട് വന്നവരെ കൂട്ടുപിടിച്ച് സമരവിക്രമ സ്‌കോര്‍ ഉയര്‍ത്തി.
89 പന്തുകള്‍ നേരിട്ട സമരവിക്രമ 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 108 റണ്‍സെടുത്ത് 48-ാം ഓവറിലാണ് പുറത്തായത്.
ധനഞ്ജയ ഡിസില്‍വ (34 പന്തില്‍ 25), ക്യാപ്റ്റന്‍ ദസുന്‍ ഷനക (18 പന്തില്‍ 12) എന്നിവര്‍ സമരവിക്രമയ്ക്ക് പിന്തുണ നല്‍കി.
പാകിസ്താനായി ഹസന്‍ അലി നാലു വിക്കറ്റെടുത്തു. ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: ICC Cricket World Cup 2023 Pakistan vs Sri Lanka at Hyderabad
Published: 10 Oct 2023, 10:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented