മുംബൈ: 2023 ലോകകപ്പ് ക്രിക്കറ്റ് ടുര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. ഇന്ത്യയെ തോല്‍പ്പിച്ച്‌ കിരീടം ചൂടിയ ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങളും ടീമിലുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ് 'ടീം ഓഫ് ദി ടുര്‍ണമെന്റി'ലെ ക്യാപ്റ്റന്‍. 

To advertise here,

വിരാട് കോലി, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത്‌ ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഐസിസി ടീമിലിടം നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കാണ് വിക്കറ്റ് കീപ്പര്‍. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെലും ആദം സാംപയുമാണ് ടീമിലുള്ളത്. ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചെലും ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുശങ്കയും ഐസിസി ഇലവനില്‍ ഇടംനേടി. ദക്ഷിണാഫ്രിക്കയുടെ ജെറാര്‍ഡ് കോട്‌സീയാണ് ടീമിലെ 12-ാമന്‍. 

അതേ സമയം ഫൈനലില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡും  ഓസ്‌ട്രേലിയയുടെ കിരീട നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ഐസിസി ഇലവനില്‍ ഇടംനേടിയിട്ടില്ല.

കമന്റേറ്ററുമാരായ ഇയാന്‍ ബിഷപ്പ്,കാസ് നൈഡൂ, ഷെയ്ന്‍ വാട്‌സണ്‍, ഐസിസി ജനറല്‍ മാനേജര്‍ വാസിം ഖാന്‍, മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ വൈദ്യ എന്നിവരടങ്ങിയ സമിതിയാണ് ഐസിസി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഐസിസി ടീമിലെ താരങ്ങളും പ്രകടനവും

1-ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക, വിക്കറ്റ് കീപ്പര്‍)

ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നുംഫോമിലായിരുന്ന ക്വിന്റണ്‍ ഡി കോക്ക് നാല് സെഞ്ചുറികള്‍ നേടിയിട്ടുണ്ട് ടുര്‍ണമെന്റില്‍. 107.02 സ്‌ട്രൈക്ക്‌റേറ്റില്‍ 594 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം.

2-രോഹിത് ശര്‍മ (ഇന്ത്യ, ക്യാപ്റ്റന്‍)

ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ടുര്‍ണമെന്റില്‍ 597 റണ്‍സാണ് അടിച്ചെടുത്തത്. സഹതാരമായ കോലി മാത്രമാണ് സ്‌കോറില്‍ രോഹിതിന് മുന്നിലുള്ളത്. രോഹിതിന്റെ സ്‌ട്രൈക്ക് റേറ്റായ 125.94 ടൂര്‍ണമെന്റിലെ എല്ലാ ടോപ്പ്-ഫോര്‍ ബാറ്റര്‍മാരുടെയും ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് ആയിരുന്നു.

3-വിരാട് കോലി (ഇന്ത്യ)

763 റണ്‍സാണ് കോലി 2023 ലോകകപ്പില്‍ അടിച്ചെടുത്തത്. പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഒരു താരം നേടുന്ന എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടിച്ച 673 റണ്‍സാണ് കോലി മറികടന്നത്. 

ടൂര്‍ണമെന്റില്‍ കളിച്ച 11 ഇന്നിങ്‌സില്‍ രണ്ടെണ്ണത്തില്‍ ഒഴികെ ബാക്കിയുള്ളതിലെല്ലാം 50ന് മുകളില്‍ എടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും.

4-ഡാരില്‍ മിച്ചെല്‍ (ന്യൂസീലന്‍ഡ്)
552 റണ്‍സാണ് ഡാരില്‍ മിച്ചെലിന്റെ ടൂര്‍ണമെന്റിലെ സമ്പാദ്യം. 111.06 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. സെമിയില്‍ ഇന്ത്യക്കെതിരെ മിച്ചെല്‍ 134 റണ്‍സ് അടിച്ചെങ്കിലും ടീം തോറ്റു.

5-കെ.എല്‍.രാഹുല്‍ (ഇന്ത്യ)

പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 452 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. മധ്യഓവറുകളില്‍ രാഹുലിന്റെ പ്രകടനം ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായിരുന്നു. 

6- ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)

ത്രസിപ്പിക്കുന്ന രണ്ട് ഇന്നിങ്‌സുകളാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഈ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. നെതര്‍ലന്‍ഡ്‌സിനെതിരെ 40 പന്തില്‍ സെഞ്ചുറി തികച്ച മാക്‌സ്‌വെല്‍ കൂടുതല്‍ അക്രമാസക്തനായത് അഫ്ഗാനിസ്താനെതിരെയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ മാക്‌സ്‌വെല്‍ അഫ്ഗാനെതിരെ ഓസ്‌ട്രേലിയയ്ക്ക് അവിശ്വസനീയ വിജയമാണ് സമ്മാനിച്ചത്.

7-രവീന്ദ്ര ജഡേജ (ഇന്ത്യ)

120 റണ്‍സും 16 വിക്കറ്റുകളാണ് ജഡേജ ഈ ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിട്ടുള്ളത്.

8-ജസ്പ്രീത്‌ ബുംറ (ഇന്ത്യ)
20 വിക്കറ്റുകളാണ് ബുംറ നേടിയത്.

9-ദില്‍ഷന്‍ മധുശങ്ക (ശ്രീലങ്ക)
21 വിക്കറ്റുകളാണ് ദില്‍ഷന്‍ മധുശങ്കയുടെ സമ്പാദ്യം

10-ആദം സാംപ (ഓസ്‌ട്രേലിയ)- 23 വിക്കറ്റ്

11-മുഹമ്മദ് ഷമി (ഇന്ത്യ) 24 വിക്കറ്റ് 

12-ജെറാര്‍ഡ് കോട്‌സീ (ദക്ഷിണാഫ്രിക്ക) 20 വിക്കറ്റ്