ഇസ്ലാമാബാദ്: ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണം സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ സംരക്ഷണത്തിനായി സൈന്യത്തെ വിന്യസിച്ച് പാകിസ്താന്‍. ശ്രീലങ്ക - പാകിസ്താന്‍ ഏകദിന പരമ്പരയ്ക്കിടെയാണ് ഇസ്ലാമാബാദിലെ ജില്ല കോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ആദ്യ ഏകദിനത്തിന് വേദിയായ റാവല്‍പിണ്ടിയില്‍നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു ചാവേര്‍ ബോംബാക്രമണം ഉണ്ടായത്. ഇതോടെ സുരക്ഷയില്‍ ആശങ്കയറിയിച്ച ലങ്കന്‍ ടീം നാട്ടിലേക്ക് മടങ്ങണമെന്ന നിലപാടെടുത്തിരുന്നു.

To advertise here,

എന്നാല്‍, താരങ്ങളുടെ സുരക്ഷ പാകിസ്താന്‍ ഉറപ്പ് തന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളോട് പരമ്പരയുമായി മുന്നോട്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെ പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ടീം പിന്മാറി. ഏകദിന പരമ്പരയില്‍നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയിരുന്നു.

ബോര്‍ഡിന്റെ നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും താരം പരമ്പര ബഹിഷ്‌കരിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് ബോര്‍ഡ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ പാക് മന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വി ശ്രീലങ്കന്‍ ഹൈക്കമ്മിഷണറെ കണ്ടിരുന്നു. രാജ്യത്തെ പ്രസിഡന്റിനു നല്‍കുന്നതിനു സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ താരങ്ങള്‍ക്കും ഏര്‍പ്പെടുത്താമെന്ന് നഖ്‌വി ശ്രീലങ്കയ്ക്ക് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ സംരക്ഷിക്കാന്‍ പാകിസ്താന്‍ സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചത്. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി പ്രമിത ബന്ദാര ടെന്നക്കൂണിന് ടീമിന്റെ സുരക്ഷയെക്കുറിച്ച് പാകിസ്താന്‍ കരസേനാ മേധാവി അസിം മുനീര്‍ ഉറപ്പ് നല്‍കിയതായും മൊഹ്‌സിന്‍ നഖ്‌വി പറഞ്ഞു.

അതേസമയം, ചാവേറാക്രമണത്തിന്റെയും ശ്രീലങ്കന്‍ ടീമിന്റെ ആശങ്കയുടെയും പശ്ചാത്തലത്തില്‍ പരമ്പരയിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന മത്സരം വെള്ളിയാഴ്ചയിലേക്ക് മാറ്റി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. ശനിയാഴ്ചയാണ് ഈ മത്സരം നിശ്ചയിച്ചിരുന്നത്. റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടു മത്സരങ്ങളും നടക്കുക.

ഇതാദ്യമായല്ല ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ സുരക്ഷാ ഭീഷണി നേരിടുന്നത്. 2009-ല്‍ പാക് പര്യടനത്തിനിടെ ലങ്കന്‍ ടീം സഞ്ചരിച്ച ബസിനു നേര്‍ക്ക് വെടിവെപ്പുണ്ടായിരുന്നു. ഈ ആക്രമണത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അടക്കമുള്ള താരങ്ങള്‍ വെടിവെപ്പില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതിനുശേഷം ഒരു ദശാബ്ദത്തോളം മറ്റ് രാജ്യങ്ങള്‍ പാകിസ്താനില്‍ കളിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.