അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു. ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞപ്പോള്‍ ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു. ഒരിക്കല്‍ കൂടി ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ ഫൈനല്‍ ട്രാജഡിയായി. ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ വീണുപോയി. ആര്‍ത്തലയ്ക്കുന്ന കാണികളും 140 കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ആറാം ലോകകപ്പുമായി കങ്കാരുക്കള്‍ മടങ്ങുമ്പോള്‍ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയില്‍ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് കണ്ണീര്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റ് ഇന്ത്യ കണ്ണീരണിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തു.
തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യ ഇത്രയും മികച്ച ഫോമില്‍ കളിച്ച മറ്റൊരു ലോകകപ്പ് ഇല്ല. കപ്പ് ഉയര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ടീമിനെ ചേര്‍ത്തുവെക്കാം. അത്രയും സുന്ദരമായ കളി കാഴ്ചവെച്ചതിന്. ഓസീസ് അടക്കം ലോകകകപ്പ് കളിക്കാനെത്തിയ എല്ലാ ടീമിനേയും തോല്‍പിച്ച ഏക ടീമെന്ന നിലയില്‍ രോഹിത്തും സംഘവും മടങ്ങുന്ന തലയുയര്‍ത്തി തന്നെ. കമിന്‍സ് പറഞ്ഞത് അവര്‍ അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു. ഒരു ലക്ഷത്തോളം വരുന്ന കാണികളുടെ ആരവവും ചെറുത്താണ് അവര്‍ കപ്പുമായി മടങ്ങുന്നത്. ട്രാവിസ് ഹെഡ് എന്ന പോരാളി ആരെയും പേടിക്കാതെ ബാറ്റുവീശിയപ്പോള്‍ ആര്‍ത്തലച്ച സ്‌റ്റേഡിയം മൂകമായി. മൂന്നാം കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത് കാണാനെത്തിയ ആരാധകര്‍ കണ്ണീരണിഞ്ഞ് സ്‌റ്റേഡിയം വിട്ടു. ഓസീസ് തിരിച്ചുമടങ്ങുന്നു ആറാം ലോകകിരീടവുമായി. ഇന്ത്യ സ്വന്തം മണ്ണില്‍ കിരീടമുയര്‍ത്തുന്നത് കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരുണ്ടായിരുന്നു. പക്ഷേ നിരാശയോടെ മടങ്ങാനായിരുന്നു ഏവരുടെയും വിധി.
ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് കിട്ടി. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറണ്‍സെടുത്ത വാര്‍ണര്‍ സ്ലിപ്പില്‍ നിന്ന കോലിയുടെ കൈയ്യിലൊതുങ്ങി. പിന്നാലെ മിച്ചല്‍ മാര്‍ഷ് ക്രീസിലെത്തി. ആദ്യ നാലോവറില്‍ ഓസീസ് 41 റണ്‍സാണ് അടിച്ചെടുത്തത്.
എന്നാല്‍ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ മടക്കി ബുംറ വമ്പന്‍ തിരിച്ചുവരവ് നടത്തി. 15 പന്തില്‍ 15 റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസീസ് 41 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കി. സ്മിത്ത് പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ 47 റണ്‍സിലാണെത്തിയത്.
സ്മിത്തിന് പകരം വന്ന മാര്‍നസ് ലബൂഷെയ്‌നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ടീമിനെ നയിച്ചു. 8.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ആദ്യ പത്തോവറില്‍ ടീം 60 റണ്‍സാണ് നേടിയത്. ലബൂഷെയ്ന്‍ പ്രതിരോധിച്ചപ്പോള്‍ മറുവശത്ത് ഹെഡ് അനായാസം ബാറ്റുവീശി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 19.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നാലെ ഹെഡ് അര്‍ധസെഞ്ചുറി നേടി. 58 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. ഹെഡ്ഡും ലബൂഷെയ്‌നും അനായാസം ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത്തിന് സാധിച്ചില്ല. പിന്നാലെ ലബൂഷെയ്‌നും ഹെഡ്ഡും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
പിന്നീട് നിരാശയുടെ പടുകുഴിയിലേക്ക് നരേന്ദ്ര മോദി സ്‌റ്റേഡിയം വീണു. താരങ്ങളും ആരാധകരും ഒരുപോലെ സങ്കടത്തില്‍ മുങ്ങിയപ്പോള്‍ മറുവശത്ത് ട്രാവിസ് ഹെഡ് പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അവര്‍ക്ക് വേണ്ടി ആര്‍ത്തലയ്ക്കുന്ന കാണികള്‍ക്ക് മുന്നില്‍ ഹെഡ് നിലംപരിശാക്കി. വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. ബാറ്റര്‍മാര്‍ക്ക് നിലതെറ്റുമെന്ന് കരുതിയ അതേ പിച്ചില്‍ ഹെഡ് വെറും 95 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടി. മൂകമായ സ്റ്റേഡിയത്തില്‍ ഹെഡ് ബാറ്റുയര്‍ത്തി ഓസീസിന്റെ വീരനായകനായി. 36.3 ഓവറില്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 200 കടന്നു. തകര്‍പ്പന്‍ സിക്‌സിലൂടെ ഹെഡ് തന്നെയാണ് സ്‌കോര്‍ 200 കടത്തിയത്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോഡ് ഹെഡ്ഡും ലബൂഷെയ്‌നും ചേര്‍ന്ന് സ്വന്തമാക്കി. പിന്നാലെ ലബൂഷെയ്ന്‍ അര്‍ധസെഞ്ചുറി നേടി. 99 പന്തില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്.
വൈകാതെ ഓസീസിനായി ഹെഡ് ഉജ്ജ്വല വിജയം സമ്മാനിച്ചു. ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം വിരണ്ട അതേ പിച്ചില്‍ ഹെഡും ലബൂഷെയ്‌നും ബാറ്റിങ് വിരുന്നൊരുക്കി. ജയിക്കാന്‍ വെറും രണ്ട് റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ഹെഡ് പുറത്തായി. താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി. 120 പന്തില്‍ 15 ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 137 റണ്‍സെടുത്ത് വിജയമുറപ്പിച്ച ശേഷമാണ് ഹെഡ് കളം വിട്ടത്. പിന്നാലെ വന്ന മാക്‌സ്‌വെല്‍ രണ്ട് റണ്‍സ് നേടി ടീമിന് കിരീടം സമ്മാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഓള്‍ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.
2003 ല്‍ ടോസിലെ ഭാഗ്യം കിട്ടിയിട്ടും ബൗളിങ് തിരഞ്ഞെടുത്തതാണ് പിഴച്ചതെങ്കില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് തുണച്ചത് ഓസീസിനെ. എന്നിട്ടും രോഹിത് ആഗ്രഹിച്ച ആദ്യ ബാറ്റിങ് തന്നെ ഓസീസ് വിധിച്ചു. നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഏഴുപന്തില്‍ നാലുറണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈയ്യിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പര്‍ താരം വിരാട് കോലി ക്രീസിലെത്തി.
ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76-ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകള്‍ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറില്‍ ഇന്ത്യ 80 റണ്‍സെടുത്തപ്പോള്‍ അടുത്ത പത്തോവറില്‍ വെറും 35 റണ്‍സ് മാത്രമാണ് നേടാനായത്. റണ്‍റേറ്റ് എട്ടില്‍ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോള്‍ 25 ഓവറില്‍ 131 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അര്‍ധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അര്‍ധസെഞ്ചുറിയാണിത്.
27-ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചുകൊണ്ട് രാഹുല്‍ ബൗണ്ടറി വരള്‍ച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകള്‍ക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയെ പുറത്താക്കി കമ്മിന്‍സ് ആരാധകരെ നിശബ്ദരാക്കി. 63 പന്തില്‍ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റണ്‍സെടുത്ത കോലി കമ്മിന്‍സിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ വീണു. ഇതോടെ ഇന്ത്യ 148 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.ആറാമനായി സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയെയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഗ്രൗണ്ടിലേക്കയച്ചത്. ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 86 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറി കൂടിയാണിത്. എന്നാല്‍ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത ജഡേജയെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ജഡേജയ്ക്ക് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. 40 ഓവറില്‍ ഇന്ത്യ 197 റണ്‍സാണ് നേടിയത്. 40.5 ഓവറില്‍ ടീം സ്‌കോര്‍ 200-ല്‍ എത്തി. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഇംഗ്ലിസിന്‍രെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്.എന്നാല്‍ വെറും ആറുറണ്‍സെടുത്ത ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി. ഷമിയ്ക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 48-ാം ഓവറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവും പുറത്തായി. ഹെയ്‌സല്‍വുഡിന്റെ ബൗണ്‍സറില്‍ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തില്‍ 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റില്‍ കുല്‍ദീപും സിറാജും ചേര്‍ന്നാണ് ടീം സ്‌കോര്‍ 240-ല്‍ എത്തിച്ചത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കുല്‍ദീപ് റണ്‍ ഔട്ടായി. 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സിറാജ് 9 റണ്‍സ് നേടി.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: india vs australia icc cricket world cup final 2023 live updates
Published: 19 Nov 2023, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented