ന്യൂഡല്‍ഹി: പാകിസ്താനിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പരയ്ക്കായെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ പര്യടനം റദ്ദാക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്കകള്‍ പ്രകടിപ്പിച്ചാണ് ടീമിലെ എട്ടു താരങ്ങള്‍ പര്യടനം റദ്ദാക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനം നടക്കേണ്ടത് നാളെ റാവല്‍പിണ്ടിയിലാണ്.

To advertise here,

ഇതോടെ ഈ മത്സരം നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. പരമ്പര തുടരുന്നതിനായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പകരക്കാരെ എത്തിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇസ്ലാമാബാദില്‍ ചാവേറാക്രമണം നടന്നിട്ടും ചൊവ്വാഴ്ച റാവല്‍പിണ്ടിയില്‍ ആദ്യ മത്സരം നടന്നിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വ്യാഴം, ശനി ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ത്തന്നെയാണ് നടക്കേണ്ടത്. ആദ്യമത്സരത്തില്‍ ജയിച്ച പാകിസ്താന്‍ 1-0ന് മുന്നിലാണ്.

ചൊവ്വാഴ്ച ഇസ്ലാമാബാദിലെ ഒരു ജുഡീഷ്യല്‍ കോംപ്ലക്‌സിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറാക്രമണമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാല്‍നടയായി കോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ബോംബര്‍, പതിനഞ്ച് മിനിറ്റോളം പുറത്തു കാത്തുനിന്നശേഷം ഒരു പോലീസ് വാഹനത്തിന് സമീപംവെച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് നഖ്‌വി പറഞ്ഞു.