
1996- ലാഹോറില്‍ ലോക കപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ പോരാട്ടത്തിന്റെ തലേ ദിവസം, ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയയുടേയും ശ്രീലങ്കയുടേയും താരങ്ങള്‍ ഒരു സ്വകാര്യ ചടങ്ങില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണ ശേഷം തിളങ്ങുന്ന വെള്ളിപ്പാത്രങ്ങളുമായി ഓസ്ട്രേലിയന്‍ താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍, ശ്രീലങ്കക്കാരില്‍ ചിലരും അത് ചെയ്യാന്‍ എഴുന്നേറ്റു,
എന്നാല്‍ അവരുടെ പോരാട്ടവീര്യമുള്ള ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു, 'നമ്മള്‍ ലോകകപ്പ് നേടാന്‍ പോകുന്നവരായതിനാല്‍ ഇപ്പോള്‍ ഫോട്ടോ ഷൂട്ടൊന്നുമില്ല, നമ്മളുടെ വിജയത്തിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്രയും ഫോട്ടോകളെടുക്കാം'
പിറ്റേന്ന് രാത്രി ഗദ്ദാഫി സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ക്ക് കീഴില്‍ രണതുംഗയും സംഘവും ആനന്ദ നൃത്തം ചവിട്ടി,പോസ് ചെയ്യാതെ തന്നെ ലോകത്തിന്റെ നാനാതുറകളിലുമുള്ള ക്യാമറകണ്ണുകള്‍ അവരെ ഒപ്പിയെടുത്തു....ആ ദ്വീപ് രാഷ്ട്രം ലോകത്തിന്റെ നെറുകയിലെത്തിയിട്ടിപ്പോള്‍ 27 വര്‍ഷം പിന്നിട്ടു.
ഇന്ത്യയിലേത് പോലെ തന്നെ ബ്രിട്ടീഷ് കോളനിവത്കരണ കാലത്താണ് ശ്രീലങ്കയിലേക്കും ക്രിക്കറ്റ് കടന്നെത്തിയത്. തുടക്ക കാലത്ത് തോല്‍വികള്‍ മാത്രമായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഷോ കെയ്‌സിലേക്ക് ലോകകപ്പും ട്വന്റി 20 ലോകകപ്പും മറ്റു നിരവധി ലോക ചാമ്പ്യന്‍ഷിപ്പുകളും ഇതിനോടകം എത്തി കഴിഞ്ഞു. സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങി നിരവധി ഇതിഹാസങ്ങളേയും ലോക ക്രിക്കറ്റിന് സമ്മാനിച്ചു. നിലവിലെ പ്രകടനം മുന്‍കാല നിലവാരത്തിനനുസരിച്ചില്ലെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള നിഗൂഢത ഒളിപ്പിച്ച നിരയുമായിട്ടാണ് ഇത്തവണ ശ്രീലങ്ക ലോകകപ്പിനെത്തുന്നത്.....
ശ്രീലങ്കയുടെ ലോകകപ്പ് സാധ്യത
2007-നും 2014 നും ഇടയിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തിളക്കമാര്‍ന്ന കാലഘട്ടം. 1996-ല്‍ കപ്പടിച്ച ശ്രീലങ്ക 2007-ലും 2011ലും ഫൈനലിസ്റ്റുകളായിട്ടാണ് മടങ്ങിയത്. ആ തിളക്കത്തിന് സമീപകാലത്ത് കാര്യമായ മങ്ങലേറ്റിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായ അട്ടിമറികള്‍ നടത്താന്‍ കെല്‍പ്പുള്ള ഒരു ടീം എന്നും ശ്രീലങ്കയ്ക്കുണ്ടെന്നതാണ് അവരുടെ സവിശേഷത. ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് ഫലപ്രദമായ സ്പിന്‍ ബൗളിംഗ് ഓപ്ഷനുകള്‍ ശ്രീലങ്കയ്ക്ക് ഉണ്ടെന്നാണ് അവരുടെ പ്രധാന ശക്തി. ലെഗ് സ്പിന്നറായ മഹീഷ് തീക്ഷണയും ഓഫ് ബ്രേക്ക് ബൗളറായ ധനഞ്ജയ ഡിസില്‍വയും ടീമിന് കരുത്താണെങ്കിലും പരിക്കേറ്റ് പുറത്തായ വാനിന്ദു ഹസരംഗയുടെ അസാന്നിധ്യം ഒരു വിടവ് തന്നെയാണ്. എന്നാല്‍ ഹസരംഗയുടെ വിടവ് ശ്രീലങ്കയുടെ ഭാവി വാഗ്ദാനം ദുനിത് വെല്ലാലഗെ നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച് കൊണ്ട് ദുനിത് വെല്ലാലഗെ ഇതിനോടകം വരവറിയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത് കൊണ്ട് ദുനിത് അന്ന് തന്റെ അന്താരാഷ്ട്ര കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക എന്നിവരുള്‍പ്പെടെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ കൂട്ടവും ശ്രീലങ്കയ്ക്ക് കരുത്താണ്.
പോരായ്മ
ഏഷ്യാ കപ്പില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ശ്രീലങ്ക ലോകകപ്പിനെത്തിയിട്ടുള്ളത്. ഏഷ്യാ കപ്പില്‍ ഫൈനലിലെത്തിയെങ്കിലും ഇന്ത്യക്കെതിരായ കലാശപ്പോര് അവര്‍ക്ക് വലിയൊരു ദുരന്തമായിരുന്നു. മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ശ്രീലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.
കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, പതും നിസ്സങ്ക എന്നിവരുള്‍പ്പെടെയുള്ള കരുത്തുറ്റ ബാറ്റിങ് നിര ശ്രീലങ്കയ്ക്കുണ്ടെങ്കിലും ഇവരുടെ സ്ഥിരതയില്ലായ്മയാണ് ശ്രീലങ്കയെ വലയ്ക്കുന്നത്. യോഗ്യത റൗണ്ട് കളിച്ചാണ് ഇത്തവണ ശ്രീലങ്ക ലോകകപ്പിനെത്തിയത്. യോഗ്യത റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ദ്വീപ് രാജ്യത്തിന് സന്നാഹ മത്സരങ്ങള്‍ കയ്പേറിയ അനുഭവമായിരുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റതിന് പിന്നാലെ കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനോടും പരാജപ്പെട്ടു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു അഫ്ഗാന്റെ ജയം.
ബലഹീനതകളെ തരണം ചെയ്യാനും താരങ്ങള്‍ സ്ഥിരതയോടെ പ്രകടനം നടത്താനുമുള്ള കഴിവിനെയും ആശ്രയിച്ചിരിക്കും ശ്രീലങ്കയുടെ ലോകകപ്പ് സാധ്യതകള്‍.
ശ്രീലങ്ക ലോകകപ്പ് ടീം
ദസുന്‍ ഷനക (ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, പതും നിസ്സങ്ക, ലഹിരു കുമാര, ദിമുത് കരുണരത്നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, മഹീഷ് തീക്ഷണ, ദുനിത് വെല്ലാലഗെ, കസുന്‍ രജിത, മതീഷ പതിരണ, ദില്‍ഷന്‍ മധുശങ്കനക, ദുഷാന്‍ ഹേമന്ദ.

ശ്രീലങ്കയുടെ മത്സരങ്ങള്‍ (തീയതി, എതിരാളികള്‍)
ഒക്ടോബര്‍ 7- ദക്ഷിണാഫ്രിക്ക
ഒക്ടോബര്‍ 10- പാകിസ്താന്‍
ഒക്ടോബര്‍ 16- ഓസ്‌ട്രേലിയ
ഒക്ടോബര്‍ 21-നെതര്‍ലന്‍ഡ്‌സ്
ഒക്ടോബര്‍ 26- ഇംഗ്ലണ്ട്
ഒക്ടോബര്‍ 30- അഫ്ഗാനിസ്താന്‍
നവംബര്‍ 2- ഇന്ത്യ
നവംബര്‍ 6- ബംഗ്ലാദേശ്
നവംബര്‍ 9- ന്യൂസിലന്‍ഡ്
Content Highlights: Sri Lanka Cricket-Strength And Weakness
Published: 04 Oct 2023, 12:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented