ക്രിക്കറ്റിനായി വീടും സ്ഥലവും കാറുമെല്ലാം വിറ്റുതുലച്ച് രാജ്യംതന്നെ ഉപേക്ഷിച്ചവന്‍... ജീവിക്കാനായി കുട്ടികളുടെ പരിശീലകനായി... ഒരുഘട്ടത്തില്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചയാള്‍... ആ മനുഷ്യനാണ് മുപ്പത്തിരണ്ടാം വയസ്സില്‍ ഈ ലോകകപ്പിലെ ആദ്യസെഞ്ചുറി നേടുന്നത്. ന്യൂസീലന്‍ഡിന്റെ ഡെവന്‍ കോണ്‍വെ. അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിനേടി ബാറ്റുയര്‍ത്തുമ്പോള്‍ ഡെവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ നിമിഷങ്ങളില്‍ കഴിഞ്ഞകാലം അതിവേഗമുള്ളൊരു പന്തായി അയാള്‍ക്കുമുന്നിലൂടെ കടന്നുപോയിട്ടുണ്ടാകാം...
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലാണ് ഡെവന്‍ ജനിക്കുന്നത്. ഏക്കറുകണക്കിനുള്ള പുല്‍മൈതാനത്തിനു നടുവിലായിരുന്നു വീട്. അവിടെ ആ കുടുംബം കുതിരകളെയും ആടുകളെയും പശുക്കളെയും മുയലുകളെയുമെല്ലാം വളര്‍ത്തിയിരുന്നു. അച്ഛന്‍ ചെറിയൊരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ കോച്ചുമായിരുന്നു. അതുകൊണ്ടാകാം കുട്ടിക്കാലത്തെ ഡെവന്‍ ഫുട്‌ബോളിനെയാണ് ഇഷ്ടപ്പെട്ടത്. പക്ഷേ, പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റായി ഇഷ്ട ഗെയിം. ജിമ്മി കുക്ക് എന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്ററായിരുന്നു കോച്ച്. ഡെവന്റെ അച്ഛന്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍താരം നീല്‍ ജോണ്‍സന്റെ അടുത്തസുഹൃത്തായിരുന്നു. അങ്ങനെ നീലിന്റെ ക്രിക്കറ്റ് ഉപദേശങ്ങളിലൂടെ ഡെവന്‍ എന്ന ക്രിക്കറ്റര്‍ വളര്‍ന്നു.
ദക്ഷിണാഫ്രിക്കയുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ തെംബ ബാവുമയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡിക്കോക്കുമെല്ലാം അണ്ടര്‍ 19 ടീമിലെത്തിയ അതേസമയത്ത് ആ ടീമിലേക്ക് വിളികാത്തിരിക്കുന്ന ക്രിക്കറ്ററായിരുന്നു. പക്ഷേ, അതുണ്ടായില്ല. പിന്നെ ജോഹന്നാസ്ബര്‍ഗിലെ ലയണ്‍സ് ക്ലബ്ബില്‍ ഇടംനേടാനായി ശ്രമം. പക്ഷേ, പലപ്പോഴും അവഗണിക്കപ്പെട്ടു. ആറുവര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി ഡെവന്‍ എങ്ങുമെത്തിയില്ല.
തുടര്‍ച്ചയായി തഴയപ്പെട്ടപ്പോള്‍ ആകെ തകര്‍ന്നു. ക്രിക്കറ്റ് കളിയുമായി ജീവിതം മുന്നോട്ടുപോകുമോ എന്ന് സംശയിച്ചുതുടങ്ങി. ഒരിക്കല്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു: എനിക്കിതുപോലെ മുന്നോട്ടുപോകാനാകില്ല, ന്യൂസീലന്‍ഡിലെ സുഹൃത്തുക്കള്‍ വിളിക്കുന്നുണ്ട്. അങ്ങോട്ട് പോയാലോ. ഭാര്യ പറ്റില്ലെന്ന് പറയുമെന്നായിരുന്നു കരുതിയത്. പക്ഷേ, അവര്‍ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറാന്‍ സമ്മതിച്ചു.
ഇതിനിടെ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഡെവന്‍ 2017-ല്‍ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. ഒരു ക്രിക്കറ്റര്‍ക്ക് പുതിയ തുടക്കമാകേണ്ടതായിരുന്നു അത്. പക്ഷേ, അതേവര്‍ഷംതന്നെ ഡെവനും ഭാര്യയും ന്യൂസീലന്‍ഡിലെ വെല്ലിങ്ടണിലേക്ക് കുടിയേറി. അവിടെ വിക്ടോറിയ സര്‍വകലാശാലയിലെ കോച്ചായി ജോലികിട്ടി. അതുമാത്രം മതിയാവുമായിരുന്നില്ല ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍. സമീപത്തെ സ്‌കൂളുകളിലും ക്രിക്കറ്റ് കോച്ചായി പോകാന്‍തുടങ്ങി. ഭാര്യക്ക് ജോലികിട്ടിയിരുന്നില്ല. അവര്‍ ജീവിതച്ചെലവുകള്‍ കുറച്ച്, പിശുക്കി ജീവിക്കാന്‍ തുടങ്ങി. പക്ഷേ, ദക്ഷിണാഫ്രിക്ക എന്ന അധ്യായം പൂര്‍ണമായി അടച്ചു. തിരികെവരാനുള്ള തോന്നല്‍പോലും ഉണ്ടാകാതിരിക്കാന്‍ ജോഹന്നാസ്ബര്‍ഗിലെ കാറും വീടും സ്ഥലവുമെല്ലാം കിട്ടിയ കാശിന് വിറ്റു.
വെല്ലിങ്ടണില്‍ കോണ്‍വേ മികച്ച സ്‌കോറുകള്‍ കണ്ടെത്താന്‍ തുടങ്ങി. ദക്ഷിണാഫ്രിക്കയില്‍നിന്നുവന്ന ബാറ്ററെക്കുറിച്ചായി വെല്ലിങ്ടണിലെ ക്രിക്കറ്റ് ചര്‍ച്ചകള്‍. വെല്ലിങ്ടണ്‍ ഫയര്‍ബേര്‍ഡ്‌സ് ക്ലബ്ബിന്റെ ഹെഡ് കോച്ച് ബ്രൂസ് എഡ്ഗാര്‍ ഡെവനെ നോട്ടമിട്ടു. വിക്കറ്റ് കീപ്പറായും ഓപ്പണിങ് ബാറ്ററായും തിളങ്ങുന്ന താരത്തെ അവര്‍ ടീമിലെടുത്തു. ലോക്കി ഫെര്‍ഗൂസനുള്‍പ്പടെയുള്ള പേസ് നിരയ്‌ക്കെതിരേ മൂന്നുമത്സരങ്ങളില്‍ മികച്ച സ്‌കോറുകള്‍ കണ്ടെത്താനായി. ടോം ബ്ലണ്ടലിന് പകരക്കാരനായി വീണ്ടും ഡെവന്‍ ടീമില്‍ പ്രത്യക്ഷപ്പെട്ടു. വെല്ലിങ്ടണ്‍ ഫയര്‍ബേര്‍ഡ്‌സിനായി 17 കളികളില്‍നിന്നും 73 റണ്‍സ് എന്ന ശരാശരിയില്‍ 1598 റണ്‍സ് നേടി. ഒരു ട്രിപ്പിള്‍ സെഞ്ചുറികൂടി ഉള്‍പ്പെടെയായിരുന്നു ഇത്. അങ്ങനെ 2020-ല്‍ ന്യൂസീലന്‍ഡ് ടീമിലേക്കുള്ള വിളിയെത്തി.
ഇടംകൈയന്‍ ബാറ്റിങ്ങിന്റെ മനോഹാരിതയൊന്നും ഡെവന്റെ ബാറ്റിങ്ങിനില്ലെങ്കിലും ഒരു റണ്‍മെഷീന്‍പോലെ ന്യൂസീലന്‍ഡിനുവേണ്ടി ആ ബാറ്റില്‍നിന്നും റണ്ണൊഴുകിക്കൊണ്ടേയിരിക്കുന്നു.
Content Highlights: Devon Conway Inspirational Journey from Wanderers to Wellington
Published: 07 Oct 2023, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented