ക്രിക്കറ്റ് ലോകം ഇപ്പോള്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് കൈയടിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരെന്ന പെരുമയുമായെത്തിയ ഇംഗ്ലണ്ട് ടീമിനെ കളിയുടെ എല്ലാ മേഖലകളിലും പിന്നിലാക്കി അഫ്ഗാന്‍ നേടിയ വിജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിക്കുന്നത് ശരിയായേക്കില്ല. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് അഫ്ഗാന് അനുകൂലമായിരുന്നില്ല. പക്ഷേ ബാറ്റെടുത്തിറങ്ങിയ റഹ്‌മാനുള്ള ഗുര്‍ബാസ് അഫ്ഗാന്റെ പോരാട്ടവീര്യമെന്തെന്നത് ലോകത്തിന് കാണിച്ചുകൊടുത്തു. ഗുര്‍ബാസിന്റെയും ഇക്രാം അലിഖിലിന്റെയും മികവില്‍ അഫ്ഗാന്‍ നേടിയ 284 റണ്‍സ് ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് അപ്രാപ്യമൊന്നും ആയിരുന്നില്ല. പക്ഷേ പന്തെടുത്ത അഫ്ഗാന്‍ ബൗളര്‍മാരുടെ കണിശതയാര്‍ന്ന ബൗളിങ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് കടിഞ്ഞിണിടുന്നതായിരുന്നു.

To advertise here,

ഇംഗ്ലണ്ടിനെതിരേ നേടിയ അഫ്ഗാന്റെ ജയത്തിനു പിന്നില്‍ ഒരു ഇംഗ്ലീഷുകാരന്റെ തലയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. 2007 മുതല്‍ 2015 വരെ ഇംഗ്ലീഷ് ടീമിലെ പ്രധാന താരമായിരുന്ന ജൊനാഥന്‍ ട്രോട്ടാണ് ഇപ്പോഴത്തെ അഫ്ഗാന്‍ ടീമിന്റെ പരിശീലകന്‍. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരേ ജയം നേടിയ ശേഷം ഒരുപക്ഷേ ട്രോട്ടിന്റെ മനസിലേക്കെത്തിയത് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ നാട്ടില്‍ നടന്ന ലോകകപ്പിലെ രണ്ട് അട്ടിമറിത്തോല്‍വികളാകും. അതുകൊണ്ടുതന്നെയാകും അഫ്ഗാന്റെ ജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതുതന്നെയല്ലേ ലോകകപ്പിന്റെ ഭംഗി എന്ന് ട്രോട്ടിന് തിരിച്ചുപറയാന്‍ സാധിക്കുന്നത്.

ഇന്ന് അഫ്ഗാന്റെ അസാധ്യമെന്ന് പലരും കരുതിയ വിജയത്തില്‍ അഭിമാനിക്കുകയാണ് ട്രോട്ട്. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ന് ഇംഗ്ലണ്ട് ടീമിലെ കളിക്കാരനായിരുന്ന ട്രോട്ടിന് പക്ഷേ നേരിടേണ്ടിവന്നത് രണ്ട് അട്ടിമറിത്തോല്‍വികളായിരുന്നു. ഒന്ന് അയര്‍ലന്‍ഡിനെതിരേയും മറ്റൊന്ന് ബംഗ്ലാദേശിനെതിരേയും. 2011 മാര്‍ച്ച് രണ്ടിന് ബെംഗളൂരു ചിന്നസ്വാമിയിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അയര്‍ലന്‍ഡ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്. മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററും ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ  ടോപ് സ്‌കോററും ട്രോട്ടായിരുന്നു. കെവിന്‍ പീറ്റേഴ്‌സണ്‍ (59), ട്രോട്ട് (92), ഇയാന്‍ ബെല്‍ (81) എന്നിവരുടെ മികവില്‍ അന്ന് ഇംഗ്ലണ്ട് നേടിയത് 327 റണ്‍സ്. എന്നാല്‍ കെവിന്‍ ഒബ്രിയന്‍ നേടിയ വെടിക്കെട്ട് സെഞ്ചുറിയോടെ അയര്‍ലന്‍ഡ് തിരിച്ചടിച്ചപ്പോള്‍ ഇംഗ്ലീഷ് നിര മൂന്ന് വിക്കറ്റിന് തോറ്റു.

ഒമ്പത് ദിവസങ്ങള്‍ക്കിപ്പുറം ഇംഗ്ലീഷ് നിര ഒരിക്കല്‍ കൂടി ഞെട്ടി. മാര്‍ച്ച് 11-ന് ചാറ്റോഗ്രാമില്‍ ബംഗ്ലാദേശ് ടീമാണ് ഇംഗ്ലീഷുകാരെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 225 റണ്‍സില്‍ പുറത്താക്കിയ ബംഗ്ലാദേശ് രണ്ട് വിക്കറ്റിന്റെ ജയമാണ് കുറിച്ചത്. അന്നും 67 റണ്‍സോടെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ ട്രോട്ടായിരുന്നു. ആ ലോകകപ്പില്‍ പക്ഷേ ഇംഗ്ലീഷ് പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ നീണ്ടുള്ളൂ.

പിന്നീട് 2013-14 ആഷസ് പരമ്പരയ്ക്കിടെ ഉത്കണ്ഠ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ട്രോട്ട് അക്കാരണത്തെ തുടര്‍ന്നാണ് പിന്നീട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മാനസികാരോഗ്യം മുന്‍നിര്‍ത്തി വൈകാതെ ട്രോട്ട് കളിയവസാനിപ്പിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ജൂലായിലാണ് ട്രോട്ട് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. താലിബാന്‍ അട്ടിമറിയും ആഭ്യന്തര പ്രശ്‌നങ്ങളും നിറഞ്ഞുനിന്ന അഫ്ഗാനിലാണ് അവിടെ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാനായി അദ്ദേഹം എത്തപ്പെടുന്നത്. സുരക്ഷ മുന്‍നിര്‍ത്തി മറ്റാരും തന്നെ ഏറ്റെടുക്കാന്‍ മടിച്ച ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തത്. അഫ്ഗാന്‍ ടീം ഇന്ന് മൈതാനത്ത് പുറത്തെടുക്കുന്ന പോസിറ്റീവ് സമീപനം തന്നെയാണ് ട്രോട്ട് കൊണ്ടുവന്ന മാറ്റം.

അന്ന് രണ്ട് അട്ടിമറി തോല്‍വികളില്‍ നിരാശ പടര്‍ന്ന ആ മുഖത്ത് ഇന്ന് വിജയത്തിന്റെ മന്ദസ്മിതം നിറയുകയാണ്.