
'ക്രിസ്തുവിന്റെ രണ്ടാം വരവ് ബ്രസീലിലാണെങ്കില്‍ അദ്ദേഹം മഞ്ഞക്കുപ്പായത്തില്‍ സെന്‍ട്രല്‍ ഫോര്‍വേഡ് ആയി കളിക്കുമെന്നൊരു വിശ്വാസം ഞങ്ങളുടെ നാട്ടിലുണ്ട്. പക്ഷേ, അങ്ങനെ സംഭവിച്ചാല്‍ ക്രിസ്തുവിനെ ബാഴ്സലോണയോ റയല്‍ മഡ്രിഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡോ കൊത്തിക്കൊണ്ടുപോകില്ലേ...'' ബ്രസീല്‍ കളിക്കാരെയും കാത്ത് മിക്‌സഡ് സോണില്‍ നില്‍ക്കുമ്പോള്‍ ഡാനിലോ ഒലിവേര പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല.
കളി കഴിഞ്ഞപ്പോള്‍ സ്വിസ് കളിക്കാരില്‍ പലരും അവിടത്തെ മാധ്യമപ്രവര്‍ത്തകരെ കെട്ടിപ്പിടിച്ച് വിശേഷം പറയുന്നതുകണ്ടപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെയായിരുന്നു ഡാനിലോയുടെ ഡയലോഗ്.
അദ്ദേഹം പറഞ്ഞതിന്റെയര്‍ഥം പിന്നീട് വ്യക്തമായി. ചെവിയില്‍ ഇയര്‍ ഫോണും തിരുകി പാട്ടുകേട്ടു പോകുന്ന ഡാനി ആല്‍വ്സിനെ ഡാനിലോ വിളിച്ചെങ്കിലും അയാള്‍ നിന്നില്ല. റിച്ചാലിസണ്‍ കുറച്ചുനേരം സംസാരിച്ചു. മറ്റുള്ളവര്‍ ഒന്നോ രണ്ടോ ചോദ്യത്തിന് മറുപടി പറഞ്ഞ് വേഗം കടന്നുപോയി. അപ്പോഴാണ് ഡാനിലോ വിശദമാക്കിയത്. ''നിങ്ങള്‍ കണ്ടില്ലേ, സ്വിസ് കളിക്കാര്‍ക്ക് അവിടത്തെ മാധ്യമപ്രവര്‍ത്തകരോടുള്ള അടുപ്പം. ഞങ്ങളുടെ നാട്ടില്‍ കളിക്കാര്‍ക്ക് മാധ്യമപ്രവര്‍ത്തകരുമായി ആത്മബന്ധം കുറവാണ്. കാരണം, അവരെല്ലാം കളിക്കുന്നത് യൂറോപ്യന്‍ ലീഗിലാണ്.
ബ്രസീല്‍ ടീമിലെ മൂന്നാം ഗോളി പാല്‍മിറാസിന്റെ വെവേര്‍ട്ടണും ഫ്‌ളമംഗോയുടെ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടണ്‍ റിബേറിയോയും സ്ട്രൈക്കര്‍ പെഡ്രോയും മാത്രമാണ് സ്വന്തം രാജ്യത്തെ ക്ലബ്ബുകളില്‍ കളിക്കുന്നത്. മറ്റുള്ളവര്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. അതുകൊണ്ടുതന്നെ അവരുമായി വലിയ ആത്മബന്ധമുണ്ടാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുമില്ല.'' ഡാനിലോയുടെ സംസാരത്തിനിടെ ബ്രസീലിയന്‍ താരങ്ങള്‍ മുന്നിലൂടെ കടന്നുപോയി.
അതിനിടെയാണ് മിക്‌സഡ് സോണിലെ ടി.വി.യില്‍ ആ ദൃശ്യം വീണ്ടും തെളിഞ്ഞത്. ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത റൊണാള്‍ഡോയും കക്കായും റോബര്‍ട്ടോ കാര്‍ലോസും കഫുവും ഗാലറിയിലിരുന്നു കൈയടിക്കുന്ന ദൃശ്യങ്ങള്‍. അപ്പോള്‍ ഡാനിലോയ്ക്ക് ആവേശമായി. ''കഫു അങ്ങനെയല്ല കേട്ടോ. ഞങ്ങളുടെ നാട്ടില്‍ ഓപ്പണായി സംസാരിക്കുന്ന ഒരാളാണ് കഫു. ടീമെല്ലാം ബസ്സില്‍ കയറിയാലും കഫു ഏതെങ്കിലും മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ചുനില്‍ക്കുകയായിരിക്കുമെന്ന് പറയാറുണ്ട്. അദ്ദേഹത്തോടു സംസാരിക്കാന്‍ ഞങ്ങള്‍ക്കും വലിയ ഇഷ്ടമാണ്.''
മിക്‌സഡ് സോണിലെ താരം റിച്ചാലിസണായിരുന്നു. നെയ്മറില്ലാത്തതിനാല്‍ റിച്ചയെ ചോദ്യങ്ങള്‍കൊണ്ട് പൊതിഞ്ഞു. ഇതിനിടെ വിനീഷ്യസും ജെസ്യൂസും ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 'ഹായ്' പറഞ്ഞ് മുന്നിലൂടെ കടന്നുപോയി. ഡാനിലോ ഒരുകാര്യംകൂടി പറഞ്ഞു, ''ഇന്നു നെയ്മര്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലേക്കു വന്നിട്ടില്ല. ഹോട്ടലില്‍ തെറാപ്പിയുമായി കഴിയുകയാണ്''.
Content Highlights: brazilian legends ronaldo, roberto carlos, kaka watch brazil defeat switzerland at qatar world cup
Published: 30 Nov 2022, 10:28 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented