''പുനര്‍ജീവിതത്തില്‍ വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തുകാര്‍, മരിച്ചവരെ അടക്കുമ്പോള്‍ പണവും അടുത്ത ജന്മത്തില്‍ ജീവിക്കാന്‍വേണ്ട സാധനങ്ങളും കല്ലറയില്‍ വെക്കുമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ കുട്ടികള്‍ ഈ ജന്മത്തില്‍ അവരോടൊപ്പം ചേര്‍ത്തുവെക്കുന്നത് ഫുട്ബോളാണ്...'' അസ്മ ഒമര്‍ മഹ്‌മൂദ് പറഞ്ഞു. പര്‍ദ ധരിച്ച് കണ്ണുമാത്രം പുറത്തുകാണുന്ന അസ്മയോട് കൂടുതല്‍ സംസാരിച്ചപ്പോഴാണ് ആ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായത്. ലോകകപ്പ് വേദിയില്‍ ഒത്തുകൂടുന്ന വൈവിധ്യങ്ങളുടെ സാക്ഷ്യമായിരുന്നു അസ്മ എന്ന ഈജിപ്തുകാരി.

To advertise here,

മീഡിയാ സെന്ററിലെ ടിക്കറ്റ് കിയോസ്‌കിലെ വൊളന്റിയറാണവര്‍. ഫുട്ബോളിനെപ്പറ്റി നല്ല ധാരണയുണ്ട്. ഗോള്‍ അടിക്കുന്നതും ജയിക്കുന്നതും മാത്രമല്ല കളി എന്നാണ് അസ്മയുടെ തത്ത്വചിന്ത. അതിന്റെ ഉദാഹരണമായി അവര്‍ നാട്ടുകാരനായ മുഹമ്മദ് സലയെ ചൂണ്ടിക്കാട്ടുന്നു. ''ഈജിപ്തിന് ഇക്കുറി ലോകകപ്പിന് യോഗ്യത നേടാനായില്ല. പക്ഷേ, മുഹമ്മദ് സല എന്ന മനുഷ്യനെ ലോകകപ്പ് നേട്ടത്തേക്കാള്‍ വലിയ ഉയരത്തിലാണ് നാട്ടുകാര്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അടിച്ച ഗോളിനപ്പുറം, ആ മനുഷ്യന്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൂടുകൂട്ടിയത് മറ്റു പല കാരണങ്ങളാലുമാണ്. ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ പണിയാന്‍ അദ്ദേഹം പണം നല്‍കി. ആ ഗ്രാമത്തില്‍ കുടിവെള്ള ശുദ്ധീകരണ പ്ലാന്റും രോഗികള്‍ക്കായി ആംബുലന്‍സ് സ്റ്റേഷനുമുണ്ടാക്കി. എത്രയോപേര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കുന്നു.'', അസ്മ പറഞ്ഞു.

placeholder
മീഡിയാ സെന്ററിലെ ടിക്കറ്റ് കിയോസ്‌കില്‍ അസ്മ ഒമര്‍ ജോലിക്കിടയില്‍

ഈജിപ്തുകാരിയാണെങ്കിലും കുറച്ചുവര്‍ഷങ്ങളായി അസ്മ ഖത്തറിലാണ് താമസം. ഭര്‍ത്താവ് ഒമര്‍ എന്‍ജിനിയറാണ്. ഏക മകള്‍ മിറിയം ഡിഗ്രിക്ക് പഠിക്കുന്നു. ഇന്ത്യക്കാരനാണെന്നുപറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ അസ്മ പറഞ്ഞ ചില പേരുകള്‍ കേട്ട് ഞെട്ടി. ദീപികാ പള്ളിക്കലിനെയും ജോഷ്ന ചിന്നപ്പയെയുമൊക്കെ അസ്മയ്ക്ക് എങ്ങനെ അറിയാമെന്നാലോചിച്ചു.

''എന്റെ മകള്‍ നന്നായി സ്‌ക്വാഷ് കളിക്കും. ഇന്ത്യയിലെ പ്രധാന സ്‌ക്വാഷ് താരങ്ങളെ എനിക്കറിയാം. മകളെ അന്താരാഷ്ട്ര സ്‌ക്വാഷ് താരമാക്കണമെന്നാണ് ആഗ്രഹം. അങ്ങനെയാകുമെന്ന് അവള്‍ വാക്കുതന്നിട്ടുണ്ട്. ഈജിപ്തില്‍ സ്‌ക്വാഷിന് നല്ല പ്രോത്സാഹനം കിട്ടുന്നു. പെണ്‍മക്കളെ കായികരംഗത്തേക്ക് പറഞ്ഞുവിടുന്ന മാതാപിതാക്കളും കൂടിവരുന്നു.'' -അസ്മ പറഞ്ഞു.

കിയോസ്‌കില്‍നിന്ന് ടിക്കറ്റ് പ്രിന്റ് ചെയ്യാന്‍ സഹായിക്കവേ, ഏതു കളിക്കാണ് ടിക്കറ്റ് കിട്ടിയതെന്ന് ചോദിച്ചു. ബ്രസീലിന്റെ കളിക്കാണെന്ന് പറഞ്ഞപ്പോള്‍ മുഖത്ത് സന്തോഷം.