തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനം ഉറപ്പാക്കൽ പ്രഖ്യാപനത്തിന് 24 വർഷം മുൻപ് നടപ്പാക്കിയ രീതിയുമായി സാമ്യം. 2002-ലും സമാനമായ നിർദേശം ഇതേ രീതിയിൽ നടപ്പാക്കിയിരുന്നു.
2002 മേയ് 28-ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നൂറോ അതിലധികമോ കിടക്കകളുള്ള ആശുപത്രികളിലും സ്പെഷ്യാലിറ്റി ആശുപത്രികളിലും സ്പെഷ്യാലിറ്റി ചികിത്സ ഏർപ്പെടുത്താനായിരുന്നു ഉത്തരവ്. എന്നാലിത് ദിവസവും 24 മണിക്കൂർ രീതിയായിലായിരുന്നില്ല.
കമ്യൂണിറ്റി ഹെൽത്ത് സെന്റർ മുതൽ ജനറൽ ആശുപത്രി വരെയുള്ള എല്ലാ തലങ്ങളിലും സർജറി, മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തേഷ്യ, ഓർത്തോപീഡിക്, ഇ.എൻ.ടി., നേത്രവിഭാഗം തുടങ്ങിയവയ്ക്ക് യൂണിറ്റുകൾ വിഭാവനം ചെയ്തിരുന്നു. ന്യൂറോളജി, കാർഡിയോളജി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റികൾക്ക് ജനറൽ, ജില്ലാ ആശുപത്രികളിൽ യൂണിറ്റുകൾ അനുവദിക്കാനും അന്നത്തെ ഉത്തരവിലുണ്ടായിരുന്നു. അന്ന് തുടങ്ങിയ രീതിയാണ് ഇപ്പോൾ നിലവിലുള്ളതും.
പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നിരോധനമുണ്ടായതിനാൽ അധിക നിയമനങ്ങളില്ലാതെ, നിലവിലുള്ള തസ്തികകൾമാത്രം സ്പെഷ്യലിസ്റ്റ് തസ്തികകളാക്കിയാണ് അന്ന് ഇത് നടപ്പാക്കിയത്.
ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട 24 മണിക്കൂർ സ്പെഷ്യാലിറ്റി പദ്ധതിയിലും ഇതേ മാതൃക യാണ് ആവർത്തിക്കുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും ആഴ്ച മുഴുവൻ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവിലുള്ള സ്പെഷ്യലിസ്റ്റുകളെ പുനർവിന്യസിച്ചും പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ എൻട്രി കേഡറിലുള്ള പി.ജി. ഡോക്ടർമാരെ ഉപയോഗിച്ചുമാണിത് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കി ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ആറുമാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നുമാണ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Kerala's new 24/7 specialty treatment in district hospitals is similar to the 2002 healthcare order., The 2002 order introduced specialty units in hospitals with 100 or more beds without creating new posts
Published: 29 Aug 2026, 11:25 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented