ഡോക്ടർസ് ഡേ ദിനത്തിൽ ഒരനുഭവക്കുറിപ്പ് എഴുതണം..
ആരുടെ കഥ എഴുതും.. ഓരോ ദിവസവും കാണുന്ന ഒരുവിധം എല്ലാ രോഗികളും മനസ്സിനെ സ്പർശിച്ചവരാണ്....
അതിൽ നിന്നും... ആര്? അതു ശരിക്കും എന്നെ ഒന്നു കുഴപ്പിച്ച ചോദ്യം തന്നെയായിരുന്നു...
ഒടുവിൽ ഉത്തരം എന്റെ പി.ജി കാലഘട്ടത്തിലേക്കു കൊണ്ടെത്തിച്ചു. ബി.ഡി.എസ് കഴിഞ്ഞു എം.ഡി.എസിന് പ്രവേശിക്കുമ്പോൾ 9 ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുത്തത് ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി ആണ്. രണ്ട് വലിയ ബ്രാഞ്ചിന്റെ കോമ്പിനേഷൻ ആണത്. മെഡിസിനും റേഡിയോളജിയും.
"ആരും അധികം എടുക്കാത്ത ബ്രാഞ്ച് എടുത്തു എന്ന ചീത്ത പേര് അന്നേ ഞാൻ സ്വന്തമാക്കിയിരുന്നു.." വിഷയം കടൽ പോലെയാണ്, ഒരിക്കലും പഠിച്ചു തീരില്ല ഇങ്ങനെ നൂറുനൂറ് അഭിപ്രായങ്ങൾ ഉയർന്നു കൊണ്ടേയിരുന്നു.
അഭിപ്രായങ്ങൾക്കിടയിലും രണ്ടും കൽപ്പിച്ച് ഞാൻ എൻറെ തീരുമാനത്തിൽ ഉറച്ചുനിന്നു. പിജിക്ക് ജോയിൻ ചെയ്തു. അതൊരു കടൽ പോലെ തന്നെയാണെന്ന് മനസ്സിലാക്കിത്തരും വിധം ഓരോ ദിവസങ്ങളും കടന്നുപോയി. ഫസ്റ്റ് ഇയറിന്റെ പകുതി ആകുമ്പോഴാണ് ആ പേഷ്യന്റിന്റെ വരവ്..
വന്ന രോഗിയുടെ പ്രധാന പ്രശ്നം നാവിലെ പൊട്ടലായിരുന്നു. മൂന്നുവർഷമായി പല ഡോക്ടർമാരെ കാണുകയും അത് കൊണ്ട് തന്നെ പല തരം മരുന്നുകൾ മാറിമാറി ഉപയോഗിക്കുകയും ചെയ്തിരുന്നു. വളരെ വ്യാകുലപ്പെട്ടാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഞാൻ എക്സാമിനേഷൻ ചെയ്തു നോക്കുമ്പോൾ നാവിൽ ഒരു ചുവന്ന പാടും ചെറിയൊരു മുറിവും ഉണ്ടായിരുന്നെങ്കിലും അത് അത്ര വലുത് ഒന്നുമായിരുന്നില്ല ..
പ്രൊഫർസേഴ്സിന്റെ നിർദ്ദേശം അനുസരിച്ച് ബാക്കി ഇൻവെസ്റ്റിഗേഷൻ ചെയ്തു.. ബയോപ്സി എടുത്തു.. ബയോപ്സി റിസൾട്ട് നോക്കുമ്പോൾ squamous cell carcinoma on the tongue.
സ്റ്റേജ് 1 ആണ്..പേഷ്യന്റിനെ വിളിച്ചു പറയണം.. ബ്രേക്കിംഗ് ദ ന്യൂസ് തിയറിയിൽ പഠിച്ചിട്ടുണ്ട്.. എന്നതല്ലാതെ ആദ്യമായിട്ടാണ് അങ്ങനെയൊരു സാഹചര്യം ഞാൻ നേരിടുന്നത്.. ഞാനത് ഒരു വിധത്തിൽ മാനേജ് ചെയ്തു..ഹയർ സെന്ററിലേക്ക് റഫർ ചെയ്തു.. സർജറിയും റേഡിയേഷനും അവിടെ നിന്നാണ് കഴിഞ്ഞത്.. ചികിത്സ തുടരുമ്പോഴും അവർ എന്നെ വിളിച്ച് വിവരങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു..
ചികിത്സ കൃത്യമായി തുടർന്നത് കൊണ്ട് പതുക്കെ പതുക്കെ അയാൾ സാധാരണ ജീവിതത്തിലേക്ക് കയറിവന്നു..
ഞാൻ ഈ കേസ് എല്ലാവരുടെയും മുമ്പിൽ പ്രസന്റ് ചെയ്തപ്പോൾ എച്ച്.ഒ.ഡി പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ചെവിയിലുണ്ട്..
"Yes Deepthi! You did it!!
This is the war between life and death,He is a winner..
You made a change in their life.."
അന്നെനിക്ക് അതു വേണ്ടത്ര ഗൗരവത്തിൽ മനസ്സിലായെങ്കിലും അതിന്റെ വ്യാപ്തി ഒന്നുകൂടെ മനസ്സിലാക്കി തന്നത് ചികിത്സ കഴിഞ്ഞ് അദ്ദേഹവും രണ്ട് മക്കളും കൂടെ എന്നെ കാണാൻ വന്നപ്പോഴാണ്. അവരുടെ ഭാര്യ കണ്ണുനിറഞ്ഞു കൊണ്ടാണ് എന്നോട് സംസാരിച്ചത്..
ഏട്ടനെ മാത്രമല്ല ഡോക്ടർ.. രണ്ട് പെൺമക്കളെയും എന്നെയും കൂടെ ആണ് നിങ്ങൾ രക്ഷപ്പെടുത്തിയത്. എന്ന് പറഞ്ഞ് അവർ കരഞ്ഞു .. അവരത് പറഞ്ഞപ്പോൾ എനിക്ക് മനസിലായി കാൻസർ രോഗം വരുമ്പോൾ അത് ബാധിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല കുടുംബത്തെ തന്നെയാണെന്ന്..
ആ അനുഭവം എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. പിന്നീട് ഒരു ഡോക്ടർ എന്ന നിലയിൽ ജീവിതത്തിൽ മനുഷ്യന്റെ നിസ്സഹായാവസ്ഥ ഞാൻ കണ്ടത് എന്റെ ഓങ്കോളജി പോസ്റ്റിങ് തുടങ്ങിയപ്പോഴാണ്. ഒരു ദിവസം ഒ.പി യിലേക്ക് വളരെ പതുക്കെ ശാന്തമായി ആണ് ഒരു അമ്മയും മകനും കൂടെ കടന്നുവന്നത്. മകന്റെ കയ്യിൽ കുറെ വലിയ കവറുകൾ ഉണ്ട്, ആ അമ്മയുടെ മുഖത്തേക്ക് നോക്കാനേ പറ്റുന്നില്ല. സാരിയുടെ തുമ്പുകൊണ്ട് ഒരു കണ്ണ് മൂടിയിരിക്കുന്നു. സാരിത്തുമ്പ് മാറ്റിയപ്പോഴാണ് എത്ര ഗുരുതരമാണെന്ന് വ്യക്തമായത്. മുഴ കൊണ്ട് കണ്ണുതുറക്കാൻ പറ്റുന്നില്ല. കാഴ്ചയും ഉണ്ടാവാൻ സാധ്യതയില്ല.
മകൻ വളരെ നിർവികാരനായി നിൽക്കുന്നതുപോലെ തോന്നി. എല്ലാ രോഗികളോടും വളരെ സൗമ്യമായി പെരുമാറുന്ന എന്റെ പ്രൊഫസർ രോഗിയെ മാറ്റി നിർത്തിയതിനുശേഷം ആ മകനോട് വളരെ ദേഷ്യത്തോടെ ആരാഞ്ഞു " ഇത് ഇങ്ങനെ കണ്ടിട്ട് വീട്ടിൽ വെച്ചിരിക്കാൻ എങ്ങനെ മനസ്സ് വന്നു ഒന്നുമില്ലെങ്കിൽ സ്വന്തം അമ്മയല്ലേ"
അയാളുടെ മുഖഭാവത്തിൽ യാതൊരു വ്യത്യാസവും തോന്നിയില്ല. എല്ലാം ഏറ്റെടുക്കാൻ തയ്യാറായ പോലെ എല്ലാറ്റിനും കാരണം ഞാൻ തന്നെയാണ് എന്നുള്ള ഒരു നിൽപ്പ്. പിന്നീടാണ് ഞാൻ അയാളുടെ കഥ അറിഞ്ഞത്. അമ്മയുടെ ഏകപുത്രനാണ്. ദുബായിലാണ് രണ്ടുവർഷമായി ജോലി ചെയ്യുന്നത്. അത്ര വലിയ പണിയൊന്നുമല്ല അതുകൊണ്ടുതന്നെ ലീവ് കിട്ടാനും നാട്ടിലേക്ക് ഇടയ്ക്കിടെ വരാനും ഒക്കെ വളരെ ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് അസുഖം വരുന്നത് ഒരു വർഷം മുമ്പേയാണ്. കുടുംബക്കാരും ബന്ധുക്കളും ഒക്കെ ചേർന്ന് അടുത്തുള്ള സിദ്ധ ഔഷധ ചികിത്സക്കും മറ്റു പൊടിക്കൈകൾ പരീക്ഷിക്കാനും പോയി. എനിക്ക് ഇതിനെപ്പറ്റി വലിയ അറിവുണ്ടായിരുന്നില്ല എല്ലാമാസവും ഞാൻ പൈസ അയച്ചു കൊടുത്തിരുന്നു.
ഓരോ മൂന്നുമാസവും എന്തോ ഒരു സ്കാൻ എടുക്കാറുണ്ട്. എക്സ്-റേ എടുത്തു നോക്കിയപ്പോൾ മൂന്നു നാല് പെറ്റ് സ്കാൻ .. ഇമേജ് എടുത്തു നോക്കുമ്പോൾ ഒരു വിധം എല്ലാ അവയവത്തിലേക്കും വ്യാപിച്ചിരിക്കുന്നു..
ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു. ആ ഒന്നും അറിയാത്ത മകനെയോ, കുടുംബക്കാരെയോ,അതോ നമ്മുടെ ഈ മൊത്തം ആരോഗ്യ വ്യവസ്ഥയെയോ? അല്ലെങ്കിൽ തന്നെ ആരെ കുറ്റപ്പെടുത്തിയാലും അവർ അനുഭവിച്ച വേദനക്കു പകരം വയ്ക്കാൻ ആവില്ലല്ലോ.
രോഗികളുടെ അനുഭവത്തിനപ്പുറത്ത് ഓരോ ആശുപത്രിയും ഒരു ലോകമാണ്. അവിടെ നമ്മൾ ഓരോ ദിവസവും കാണുന്ന അനവധി മുഖങ്ങൾ ഉണ്ട്. അതിൽ ചില മുഖങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. അങ്ങനെ ഒരു അനുഭവം കൂടി പറയാം.
ഓങ്കോളജി പോസ്റ്റിങ് സമയത്താണ് വാർഡുകളിലെ രോഗികളുമായുള്ള സൗഹൃദം തുടങ്ങുന്നത്. ഞങ്ങൾ വിദ്യാർഥികൾക്ക് ഭാരിച്ച പണികളൊന്നും ചെയ്യാനില്ല.. മരുന്നുകൾ കൃത്യസമയത്ത് എടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം, അതാണ് പ്രധാന ഉത്തരവാദിത്വം. അത് കൊണ്ട് തന്നെ ഇടവേളകളിൽ ഞങ്ങൾ വാർഡിൽ ഒരുമിച്ച് പാട്ടുപാടും, കഥ പറയും, കുഞ്ഞുകുഞ്ഞ് ഗെയിംസുകൾ കളിക്കും. ഇതിനിടയിൽ ആണ് ഞാൻ ഒരു ബൈസ്റ്റാൻഡർ ചേച്ചിയെ ശ്രദ്ധിച്ചത്. രേഖ എന്നായിരുന്നു അവരുടെ പേര്. അവർ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു. ഓരോ ആഴ്ച ഓരോ രോഗികളുടെ ബൈസ്റ്റാൻഡർ ആയിരുന്നു ആ ചേച്ചി. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ ഈ രോഗികളുടെ ആരുമല്ല എന്നും ആരുമില്ലാത്ത കാൻസർ രോഗികളെ നോക്കാനായി വന്നു നിൽക്കുകയാണെന്നും. ചേച്ചി പറയുന്നത് ആരോഗ്യപ്രവർത്തകർക്ക് മാത്രമല്ല ഓരോ മനുഷ്യർക്കും മറ്റൊരാളുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട് എന്നാണ്. അതെ അത് സത്യമാണ്. ക്ലോസ് ദി കെയർ ഗ്യാപ് എന്ന ഈ വർഷത്തെ വേൾഡ് ക്യാൻസർ ഡേ യുടെ തീം കണ്ടപ്പോൾ ഞാൻ ആദ്യം ഓർത്തത് രേഖ ചേച്ചിയെയാണ്. ബന്ധമോ സ്വന്തമോ നോക്കാതെ നിസ്വാർഥമായി സേവനം ചെയ്തു കൊണ്ടിരിക്കുന്ന രേഖ ചേച്ചിയെ എങ്ങിനെ മറക്കാൻ കഴിയും.
ഒരുവിധം എല്ലാ ക്യാൻസർ സെൻ്ററുകളിലും രോഗികളുടെ തിക്കുംതിരക്കുമാണ്. പലപ്പോഴും ഡോക്ടർമാർക്ക് രോഗികളെ മുഴുവൻ കേൾക്കാനുള്ള സാഹചര്യമില്ല. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണം കൂടിവരികയാണ്. അതിനനുസരിച്ച് ഡോക്ടർമാർ പല ഹോസ്പിറ്റലുകളിലും ഇല്ല താനും. എന്നാൽപോലും നമ്മൾ ഓരോ പേഷ്യൻസിനും കൊടുക്കുന്ന ഒരു ചിരി അവരോട് സംസാരിക്കാൻ എടുക്കുന്ന സമയം ആശ്വാസവാക്കുകൾ ഇതെല്ലാം എത്ര പ്രധാനപ്പെട്ടതാണെന്ന് ആ വാർഡുകളിലെ രോഗികളിലൂടെ ഞാൻ മനസ്സിലാക്കി. ഇന്നും പറ്റുന്ന സാഹചര്യങ്ങളിൽ ഒക്കെയും അത് തന്നെയാണ് ചെയ്യാൻ ശ്രമിക്കാറുള്ളത്. ഒരുപക്ഷേ ചികിത്സയെക്കാൾ വലുതാണ് നമ്മൾ ഓരോ രോഗികൾക്കും കൊടുക്കുന്ന മനോധൈര്യവും ആശ്വാസവാക്കുകളും എന്ന് മനസിലാക്കി മുന്നോട്ട് പോകുന്നു.
ഓരോ രോഗിയുടെ ജീവനും എത്ര വിലപ്പെട്ടതാണ് എന്നും കാൻസർ എന്ന രോഗത്തിൻ്റെ ഇടയിൽ ഓരോ രോഗികളും അനുഭവിക്കുന്ന മാനസികാവസ്ഥ എത്ര മാത്രം ഗൗരവതരമാണെന്നും ഓരോ ദിവസവും അവരിലൂടെ അറിയുന്നു. അതിനെ ആവുന്ന വിധത്തിൽ ശാസ്ത്രീയമായി മനസ്സിലാക്കാനും അതിനെ നമ്മുടെ പരിധിയിൽ നിന്ന് കൊണ്ട് നേരിടാനും പഠിപ്പിച്ച ഈ പ്രൊഫഷനോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
എൻ്റെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാൻ പഠിപ്പിച്ച എൻ്റെ മെന്റേഴ്സിനെ, ജോലി ചെയ്ത ഹോസ്പിറ്റലുകൾ, സപ്പോർട്ടിങ് സ്റ്റാഫ്, സഹപ്രവർത്തകർ, ജോലി ചെയ്യുന്ന ഇടം, സ്നേഹ സമ്പന്നരായ രോഗികൾ ഇവരെയൊക്കെ ഞാൻ ഈ ഡോക്ടേഴ്സ് ദിനത്തിൽ ഓർക്കുന്നു..
ഓറൽ ഫിസിഷ്യനും മാക്സിലോഫേഷ്യൽ റേഡിയോളജിസ്റ്റുമാണ് ലേഖിക
Content Highlights: dr deepthi tr sharing experience, national doctors day
Published: 29 Jun 2023, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented