
അന്ന് കേരള സര്‍വകലാശാലയുടെ കീഴില്‍ പഠിച്ചതു കൊണ്ട് മാത്രം ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ് തിരുവനന്തപുരം ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ മൂന്നാം വര്‍ഷ ബിഡിഎസ് കോഴ്‌സ് പഠിക്കാന്‍ കഴിഞ്ഞത്. ഒരു ക്ലാസുപോലും കട്ട് ചെയ്യാതെ എനിക്ക് 100 ശതമാനം ഹാജരുണ്ടായിരുന്ന ഒരേ ഒരു വിഭാഗവും അതായിരുന്നു. പഠിപ്പിച്ചുതുടങ്ങിയ ദിവസം തന്നെ ഇഷ്ടം തോന്നിയ വിഷയമാണത്.
അക്കാലത്ത് പറ്റുമെങ്കില്‍ ഒരു ഫോറന്‍സിക് ഡെന്റിസ്റ്റ് ആവണം എന്ന തീവ്രമായ ആഗ്രഹവും ഉടലെടുത്തു. അഗതാ ക്രിസ്റ്റിയുടെ പൊയ്‌റോട്ടിനെയും മാര്‍പ്പിളിനെയും ഷെര്‍ലക് ഹോംസിനെയും ആരാധിച്ചിരുന്നതിനാല്‍ എപ്പോഴും ഈ വിഷയത്തില്‍ എനിക്ക് താത്പര്യം കൂടുതലായിരുന്നു. അങ്ങനെയിരിക്കെ ഒരുച്ച ദിവസം നല്ല മഴ പെയ്തു കൊണ്ടിരിക്കുന്നു. പെട്ടെന്ന് വത്സല മാഡം പറഞ്ഞു, 'ഒരു ബോഡി വന്നിട്ടുണ്ട് നിങ്ങളുടെ ആദ്യ കേസ് കാണാം. എല്ലാവരും മോര്‍ച്ചറിയിലേയ്ക്ക് പൊയ്‌ക്കോളൂ'. അങ്ങനെ ഞങ്ങള്‍ അവിടെയെത്തി പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ കയറി.
60 വയസ് പ്രായം തോന്നിക്കുന്ന ഒരു ശരീരം. ഒരു കര്‍ഷകനാണ. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്നുകേട്ടു. കത്തിയുപയോഗിച്ച് മെല്ലെ നടുവിലൂടെ കീറി ഓരോ അവയവങ്ങളും പുറത്തെടുക്കാന്‍ തുടങ്ങി. വന്‍കുടല്‍, ചെറുകുടല്‍ ഒക്കെ എത്തിയപ്പോഴേയ്ക്കും രൂക്ഷമായ ഗന്ധം മൂക്കിലേയ്ക്ക് കയറി. ഫുരിഡാന്‍ ആണ് അദ്ദേഹം കഴിച്ചത്. എനിക്ക് ഒരു നിമിഷം അദ്ദേഹം എന്തിനിത് ചെയ്തു, പാവം വീട്ടുകാര്‍, തുടങ്ങി പല ചിന്തങ്ങള്‍ വന്നു.
ഓക്കാനവും തലകറക്കവും ഒരുമിച്ച് തോന്നുന്ന പ്രതീതി. ഇനിയും നിന്നാല്‍ ബോധക്ഷയം (syncope ) ആയേക്കും എന്ന തോന്നല്‍. അല്‍പനേരം മാറിനിന്നു. ആരാദ്യം മാറും എന്ന് കരുതിയാവണം ആരും അനങ്ങാത്തത് എന്ന് തോന്നി. ഞാന്‍ മാറിയപ്പോള്‍ കൂടെ ഒരു നാലഞ്ച് പേര്‍ കൂടി അകത്തേയ്ക്കു വന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് മനസ്സ് ശാന്തമാക്കി വീണ്ടും പോസ്റ്റ്‌മോര്‍ട്ടം കണ്ടു. ആദ്യത്തെ കാഴ്ചയുടെ ഒരമ്പരപ്പായിരുന്നു അത്.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ കേസ് കണ്ടു. വളരെ പ്രമാദമായ ഒരു കൊലപാതക കേസായിരുന്നു അത്. മുപ്പത്തി രണ്ടോളം വെട്ടുകള്‍. അതിന്റെ നീളവും ആഴവും വീതിയും ഞങ്ങള്‍ കുറിച്ചെടുത്ത് റെക്കോര്‍ഡില്‍ വരച്ചു. മൂന്നാമത് കണ്ടത് 21 വയസുകാരനായ ഒരു ചെറുപ്പക്കാരന്‍. തൂങ്ങിമരിച്ചതാണ്. പഠനസംബന്ധമായ പ്രശ്‌നമായിരിക്കുമോ അതോ പ്രേമനൈരാശ്യമാണോ എന്താവും കാരണം എന്ന് ചിന്തകള്‍ കാടുകയറി. ചുണ്ടിന്റെ കോണിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര് (salivary dribbling ) തൂങ്ങിമരണത്തിലെ ഒരു പ്രധാന ലക്ഷണമാണ്. അതിപ്പോഴും ഓര്‍മയില്‍ തെളിയുന്നു.
നാലാമതായി കണ്ടത് 11 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റേതായിരുന്നു. ഓട്ടോയില്‍ നിന്നും റോഡിലേയ്ക്ക് തെറിച്ചു വീണതാണ്. പീഡിയാട്രിക് ഓട്ടോപ്‌സി കാണുമ്പോള്‍ മനസ് മരവിച്ചിരുന്നു. കല്ലുപോലെ ഞാന്‍ കുറേനേരം നിന്നു. ആ കുഞ്ഞിന്റെ അമ്മയുടെ ഞാന്‍ കാണാത്ത അവ്യക്തമായ മുഖം മനസില്‍ സങ്കല്‍പ്പിച്ചു. പാവം ആ അമ്മയുടെ അവസ്ഥ ഓര്‍ക്കാന്‍ പോലും കഴിയാത്തവണ്ണം ദയനീയമാണ്. അന്ന് രാത്രി ഉറങ്ങിയിട്ടില്ല. ആ കുഞ്ഞിന്റെ മുഖമായിരുന്നു മനസ്സില്‍. ഏറ്റവുമൊടുവില്‍ ഞങ്ങളുടെ അവസാനത്തെ അഥവാ ക്വോട്ട തികയാന്‍ വേണ്ട അഞ്ചാമത്തെ കേസ് കണ്ടു.
തീവണ്ടി കയറിയിറങ്ങിയ അജ്ഞാത മൃതശരീരം. അത് തലയും ഉടലും വേര്‍പിരിഞ്ഞ രീതിയില്‍ കാണപ്പെട്ടു. ഇതോടൊപ്പം തന്നെ തൊട്ടടുത്ത പോസ്റ്റ്‌മോര്‍ട്ടം ടേബിളുകളില്‍ പൊള്ളലേറ്റതും ആന ചവിട്ടിയരച്ച ഫോറസ്റ്റ് ഗാര്‍ഡും ഷോക്കടിച്ചതുമായ രൂപങ്ങളും കണ്ടതോര്‍ക്കുന്നു. സ്വയം അവസാനിപ്പിച്ചതും അറിയാതെ നിന്നുപോയതുമായ ആ ജീവിതങ്ങള്‍ പറയാതെ പറഞ്ഞത് എന്തായിരുന്നു? മരണം എന്ന രംഗബോധമില്ലാത്ത കോമാളിയെ, ആ പ്രഹേളികയെ, മുഴുവനായി പഠിക്കാന്‍ താനറ്റോളജി അഥവാ മരണശാസ്ത്രത്തിനു കഴിയുമോ? അറിയില്ല.
ഇപ്പോഴും മനസിന്റെ കോണില്‍ ആ മുഖങ്ങള്‍ ചിലപ്പോള്‍ മിന്നിമറയാറുണ്ട്. ഒരു പക്ഷേ ഞാന്‍ എംബിബിഎസ് കോഴ്‌സായിരുന്നെങ്കില്‍ ബിരുദാനന്തര ബിരുദത്തിന്റെ ഐച്ഛിക വിഷയം പോലും ഫോറന്‍സിക് മെഡിസിന്‍ എടുത്തേനെ എന്ന് തോന്നിയിട്ടുണ്ട്.
Content Highlights: doctor gr manikandan shares his post mortem experiences while studying
Published: 01 Jul 2023, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented