22 വയസ്സുള്ള ബിനുവും അമ്മയും ഒപിയിലേക്ക് കടന്നു വന്നു. ദൈന്യതയാർന്ന മുഖത്തോടെ മകനും പരിഭ്രമത്തോടെ അമ്മയും. വിവരം തിരക്കിയപ്പോൾ ബിനുവിന് വയറുവേദന ആണ്. ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുമ്പോഴാണോ വേദന എന്ന് മനസ്സിലാക്കത്തക്ക വിധം സൂചനകൾ ഒന്നും ഇല്ല താനും. വേദന വന്നാൽ അതിതീവ്രമാണ്. ആശുപത്രിയിൽ പോയി ഇൻജക്ഷൻ എടുത്താൽ മാത്രമേ ശമനം കിട്ടൂ. വേദനയുടെ തീവ്രതയും വന്ന് കഴിഞ്ഞാലുള്ള ബുദ്ധിമുട്ടുകളും ഭീകരമായത് കൊണ്ട് ബിനുവിനു ഇപ്പോൾ ഭക്ഷണം കഴിക്കാൻ തന്നെ പേടി ആണ്. ആഹാരത്തിൻ്റെ അളവ് കുറഞ്ഞത് ബിനുവിൻ്റെ ആകാരത്തെയും ബാധിച്ച് നന്നേ മെലിഞ്ഞിരിക്കുന്നു. എൻജിനീയറിങ് പഠനം പൂർത്തിയായെങ്കിലും ജോലിക്കായി പുറംനാടുകളിൽ പോകാനുള്ള ആത്മവിശ്വാസക്കുറവും ബിനുവിൻ്റെ ദൈന്യതക്ക് കാരണമായിരുന്നു. അൾട്രാ സൗണ്ട് സ്കാനിംഗ് തുടങ്ങിയ നിരീക്ഷണങ്ങളിലും രോഗകാരണമായി ഒന്നും തന്നെ കണ്ട് പിടിക്കപ്പെട്ടിട്ടില്ല. 2 വർഷത്തോളമായി തുടരുന്ന ഈ സ്ഥിതിയിൽ നിന്നും മാറ്റം ആഗ്രഹിച്ചായിരുന്നു അവരുടെ വരവ്
ദീർഘനേരം അവരോട് സംസാരിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത് ബിനു സ്കൂൾ കാലഘട്ടം മുതൽ തന്നെ കുറച്ച് മാത്രം ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. അമ്മ വളരെ നിർബന്ധിച്ചാണ് പ്രഭാത ഭക്ഷണം കഴിപ്പിച്ചിരുന്നത്. 18 വയസ്സോടെ മറ്റു കുട്ടികളെപ്പോലെ ശരീര സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയ ബിനു ഒരു ജിമ്മിൽ ചേരുകയും അവിടുത്തെ ട്രെയിനറുടെ ഉപദേശ പ്രകാരം വളരെയധികം പ്രോട്ടീൻ അടങ്ങിയ മസിൽ വർധകമായ ഒരു ഡയറ്റിലേക്ക് മാറുകയും ചെയ്തു. ഇതിന് ഏകദേശം 5 - 6 മാസത്തിനു ശേഷമാണ് വേദന പ്രകടമാകാൻ തുടങ്ങിയത്. അപ്പോൾ മുതൽ ആ ഭക്ഷണരീതി നിർത്തിയെങ്കിലും വേദന തുടർന്നു നിൽക്കുന്നു.
പരിശോധനയിൽ ഘടനാപരമായി ബിനുവിന് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് മനസ്സിലാക്കാനായി. വിശപ്പ് പൊതുവെ കുറവായിരുന്ന ഒരാൾ പെട്ടെന്ന് വളരെ ഗുരുത്വമേറിയ ഒരു ഡയറ്റിലേക്ക് മാറിയത് മൂലം ഉണ്ടായ ബുദ്ധിമുട്ടുകളാണ് ബിനുവിൽ കാണുന്നത്. ഇക്കാര്യം പറഞ്ഞു മനസ്സിലാക്കി ഭക്ഷണത്തിൽ എളുപ്പം ദഹിക്കുന്നവ മാത്രം മതി എന്ന നിർദേശവും വിശപ്പിനെ ശരിയാക്കുന്ന വിധമുള്ള മരുന്നുകളും നൽകി. രണ്ടാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞ് അവരെ യാത്രയാക്കി. ഇടയിൽ വയറുവേദന തോന്നുന്നപക്ഷം കഴിക്കാനുള്ള മരുന്നും നൽകിയിരുന്നു.
രണ്ടാഴ്ച കഴിഞ്ഞു സന്തോഷത്തോടെ ബിനുവും അമ്മയും വിവരം അറിയിക്കാൻ വന്നു. ഈ കാലയളവിൽ ഒരിക്കൽ മാത്രമേ വേദന അനുഭവപ്പെട്ടുള്ളൂ. എന്നാൽ വേദനക്കായി നൽകിയ ഔഷധം കഴിക്കേണ്ട അളവിൽ വേദന ഉണ്ടായിരുന്നില്ല താനും. ഇപ്പോൾ ഭക്ഷണം കഴിക്കണം എന്ന തോന്നൽ ചെറുതായി ഉണ്ടാകുന്നുണ്ട്. സന്തോഷത്തോടെ വിവരങ്ങൾ കേട്ട ശേഷം രണ്ടാഴ്ച കൂടി മരുന്നുകൾ തുടരാൻ നിർദ്ദേശിച്ചു. അടുത്ത വരവിലും വേദന ഒട്ടും അലട്ടാത്തതിന്റെ സന്തോഷം അവർ പങ്കു വെച്ചു. ഭക്ഷണത്തിലെ ക്രമീകരണങ്ങൾ കുറേശ്ശെയായി വിടുവിക്കാനുള്ള നിർദ്ദേശം കൂടെ ഈ വരവിൽ നൽകി. പിന്നീടുള്ള വരവിൽ ജോലിക്കായി ബാംഗ്ലൂർ പോവാൻ തയ്യാറായ ആത്മവിശ്വാസമുള്ള സന്തോഷവാനായ ബിനുവിനെയാണ് എനിക്ക് കാണാൻ സാധിച്ചത്.
ഡോക്ടറോട് സംസാരിച്ചപ്പോൾ തന്നെ എല്ലാം ശരിയാവും എന്ന ഒരു തോന്നൽ ഉണ്ടായി എന്ന ബിനുവിന്റെ വാക്കുകൾ ഒരു ഊഷ്മളതയായി എന്നിലേക്കിറങ്ങി. വൈദ്യൻ ഔഷധങ്ങളിലൂടെ ശാരീരികമായ അസ്വസ്ഥതകളെ മാത്രമല്ല ശരിയാക്കുന്നത് രോഗിയുടെ മാനസികവും സാമൂഹികവുമായ തലങ്ങളെക്കൂടെ ആണ്. ആയുർവേദ ശാസ്ത്രം ഉദ്ബോധിക്കുന്ന രീതിയിൽ രോഗകാരണത്തെ ഇല്ലാതാക്കി, രോഗത്തെ അല്ലാതെ രോഗിയെ ചികിത്സിച്ച ചാരിതാർത്ഥ്യത്തോടെ ഒരു ദിവസം കൂടെ.
Content Highlights: dr sreeparvathy sharing experience, national doctors day
Published: 29 Jun 2023, 10:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented