തൃശ്ശൂർ: മുൻപെല്ലാം ക്രിസ്‌മസിന് റീത്തുകൾ അധികം ആരും വാങ്ങിയിരുന്നില്ല. എന്നാൽ, ഇത്തവണ ക്രിസ്‌മസ്റീത്തുകൾക്കാണ് ആവശ്യക്കാർ ഏറെ. കച്ചവടം എങ്ങനെയുണ്ടെന്നു ചോദിച്ചാൽ കച്ചവടക്കാർക്ക് പറയാനുള്ളത് ക്രിസ്‌മസ് റീത്തുകളെക്കുറിച്ചാണ്. ഏറ്റവും കൂടുതൽ വിറ്റുപോകുന്നതും ആളുകൾ കൂടുതൽ ആവശ്യപ്പെടുന്നതും പെട്ടെന്ന് തീർന്നുപോകുന്നതും റീത്തുകളാണ്. പലയിടത്തും ക്രിസ്‌മസ് പ്രമാണിച്ച് വരുത്തിയ റീത്തുകളെല്ലാം തീർന്നു. ആരു വന്നാലും ഒരു റീത്തെങ്കിലും വാങ്ങും. ഇപ്രാവശ്യത്തെ ക്രിസ്‌മസിൽ റീത്തില്ലാത്ത വീട് അപൂർവമായിരിക്കും.
ചൈനയിൽനിന്നാണ് കച്ചവടസ്ഥാപനങ്ങളിലേക്ക് റീത്തുകൾ വരുന്നത്. പലതരത്തിലുള്ള, ഭംഗിയുള്ള റീത്തുകൾ. സാധാരണ റീത്തുകളിൽനിന്ന് വ്യത്യസ്തമായ ധാരാളം റീത്തുകളും വിപണിയിൽ കാണാം. അവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. ഉണങ്ങിയ പലതരം കായകൾ, തെർമോകോളിൽ ഉണ്ടാക്കിയ ചെറി, തുണിയിൽ വെട്ടിയെടുത്ത ഇലകൾ തുടങ്ങിയവ വെച്ച് നിർമിച്ച റീത്തുകൾക്കാണ് പ്രിയം.
കൈകളിൽ വിരിഞ്ഞ റീത്തുകൾ
ക്രിസ്‌മസിന്റെ തിരക്കിലാണ് റോസാൻസ് ഹൗസ് ഓഫ് ഐഡിയാസ്. റോസമ്മയും കൂട്ടരും റീത്തുകളുടെ തിരക്കിട്ട നിർമാണത്തിലും. കൈകൊണ്ട് ഉണ്ടാക്കുന്നതിനാൽ ഇവരുടെ റീത്തുകൾക്കും ആവശ്യക്കാരേറെയാണ്. വിവിധതരം പൈൻകായകൾ, മഹാഗണിയുടെ വിത്ത്, പനങ്കായ, ഗോതമ്പുകതിർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയ്ക്ക് നിറങ്ങൾ കൊടുത്ത് കമ്പിയിൽ തീർത്ത വൃത്തത്തിൽ അലങ്കരിച്ചാണ് റീത്തുകൾ നിർമിക്കുന്നത്-ഉടമകളിൽ ഒരാളായ അനി ചാലിശ്ശേരി പറഞ്ഞു. 1995-ലാണ് 80-കാരിയായ റോസമ്മ പോൾ തയ്യലിനായി സ്ഥാപനം ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ മരുമകളും ബന്ധുവായ നിമ്മി പോൾ കാട്ടൂക്കാരനും ചേർന്ന് ക്രാഫ്റ്റുംകൂടി തുടങ്ങിയപ്പോൾ നിന്നുതിരിയാൻ നേരമില്ലാതായി മൂന്നുപേർക്കും.
Content Highlights: Christmas wreath sales booming in Thrissur
Published: 24 Dec 2024, 03:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented